വോട്ടുപെട്ടി കത്തിച്ചും ബോംബെറിഞ്ഞും അക്രമം; ഒൻപതുപേർ കൊല്ലപ്പെട്ടു, പശ്ചിമബംഗാളിൽ സംഘർഷം ആളിക്കത്തുന്നു

വോട്ടുപെട്ടി കത്തിച്ചും ബോംബെറിഞ്ഞും അക്രമം; ഒൻപതുപേർ കൊല്ലപ്പെട്ടു, പശ്ചിമബംഗാളിൽ സംഘർഷം ആളിക്കത്തുന്നു

പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 27 ആയി
Updated on
1 min read

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ നിരവധി പോളിങ് ബൂത്തുകളിൽ ബോംബേറും വെടിവയ്പ്പും. വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് ഒൻപത് പേരാണ്. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. പലയിടങ്ങളിലും പോളിങ് ബൂത്തുകൾ ആക്രമിച്ച് വോട്ടുപെട്ടികളുൾപ്പെടെ നശിപ്പിച്ചു.

കുച്ബിഹാറിൽ തൃണമൂൽ കോൺഗ്രസ് അനുഭാവിയെ ബിജെപി പ്രവർത്തകർ അടിച്ചുകൊന്നു. മുർഷിദാബാദിലാണ് വോട്ടെടുപ്പ് ദിവസം ഏറ്റവും കൂടുതൽ കൊലപാതകം നടന്നത്. മൂന്നുപേരാണ് ഇവിടെ മാത്രം കൊലചെയ്യപ്പെട്ടത്. ഇസ്ലാംപുരിൽ നടന്ന സംഘർഷത്തിൽ തൃണമൂൽ പ്രവർത്തകനും ഷംസെർഗഞ്ചിൽ ഒരു വനിതാ വോട്ടർക്കും വെടിയേറ്റു. ഭംഗറിലെ കാശിപൂർ പ്രദേശത്ത് കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് റോഡിൽ കിടന്നിരുന്ന ബോംബുകൾ കൊണ്ട് കളിക്കാൻ ശ്രമിച്ച രണ്ട് കുട്ടികൾക്കും പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി മുതൽ പ്രദേശത്ത് ഐഎസ്എഫ്-ടിഎംസി പ്രവർത്തകർ തമ്മിൽ നടന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായി റോഡിൽ കിടന്നിരുന്ന ബോംബുകളാണ് കുട്ടികൾ അറിയാതെ എടുത്തത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ വെള്ളിയാഴ്ച മൂന്ന് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ചിലയിടങ്ങളിൽ പോളിങ് ബൂത്ത് ആക്രമിച്ച് വോട്ടുപെട്ടി നശിപ്പിക്കുകയും പ്രിസൈഡിങ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സേന ഉൾപ്പെടെ സുരക്ഷയൊരുക്കുന്നുണ്ടെങ്കിലും സംഘർഷങ്ങൾ കൂടുതൽ വഷളാകുകയാണ്. നോർത്ത് 24 പർഗാനാസിലെ അക്രമ ബാധിത പ്രദേശങ്ങളിൽ ഗവർണർ സിവി ആനന്ദ ബോസ് എത്തി ഇരകളുടെ ബന്ധുക്കളുമായും പ്രദേശവാസികളുമായും സംസാരിച്ചു.

വോട്ടുപെട്ടി കത്തിച്ചും ബോംബെറിഞ്ഞും അക്രമം; ഒൻപതുപേർ കൊല്ലപ്പെട്ടു, പശ്ചിമബംഗാളിൽ സംഘർഷം ആളിക്കത്തുന്നു
വെടിവയ്പും ബോംബേറും; ബംഗാളിൽ പഞ്ചായത്ത് വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം, ആദ്യമണിക്കൂറിൽ കൊല്ലപ്പെട്ടത് ആറ് പേർ

കൂച്ച് ബിഹാർ ജില്ലയിലെ ദിൻഹത ഏരിയയിലെ പോളിങ് ബൂത്തിൽ ബിജെപി പ്രവർത്തകർ ബാലറ്റ് പെട്ടികൾ കത്തിച്ചു. ഗുണ്ടകളെ ഉപയോഗിച്ച് ടിഎംസി വോട്ട് കൊള്ളയടിക്കുകയും ബാലറ്റ് പെട്ടി സീൽ ചെയ്യുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഭവം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹായിയായ രാജീവ് സിൻഹ പാർട്ടിയുടെ പദ്ധതികൾ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. അക്രമത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. അതേസമയം നന്ദിഗ്രാമിൽ കേന്ദ്ര സേന വോട്ടർമാരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

ജൂൺ എട്ടിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്താകെ സംഘർഷം പൊട്ടിപുറപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അനുബന്ധിച്ച് നടന്ന അക്രമങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി.

logo
The Fourth
www.thefourthnews.in