'മുഖ്യമന്ത്രിക്കസേരയിൽ ആറര വർഷം, ഇനി ശിവകുമാറിനു വഴിമാറൂ', സിദ്ധരാമയ്യയോട്  പരസ്യ അഭ്യർഥനയുമായി വൊക്കലിഗ മഠാധിപതി

'മുഖ്യമന്ത്രിക്കസേരയിൽ ആറര വർഷം, ഇനി ശിവകുമാറിനു വഴിമാറൂ', സിദ്ധരാമയ്യയോട് പരസ്യ അഭ്യർഥനയുമായി വൊക്കലിഗ മഠാധിപതി

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി  ഡികെ ശിവകുമാറിനെയും വേദിയിൽ ഇരുത്തികൊണ്ടായിരുന്നു മഠാധിപതിയുടെ വാക്കുകൾ
Updated on
2 min read

കർണാടക മുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനു വിട്ടുനൽകണമെന്ന്  സിദ്ധരാമയ്യയോട് പൊതുവേദിയിൽ പരസ്യമായി ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി. വിശ്വ വൊക്കലിഗ മഹാ സംസ്താനാധിപനും മഠാധിപതിയുമായ ചന്ദ്രശേഖർ സ്വാമിയാണ് സർക്കാർ പരിപാടിയിൽ പ്രസംഗമധ്യേ ഈ ആവശ്യമുന്നയിച്ചത്. 

''മുഖ്യമന്ത്രിക്കസേരയിൽ താങ്കൾ ആറര വർഷം ഇരുന്നു. ഇനി പദവി ശിവകുമാറിന് നൽകണം. കഴിവുള്ള എല്ലാവർക്കും അവസരം ലഭിക്കട്ടെ. ശിവകുമാറിന് കസേര വിട്ടുനൽകാൻ  സിദ്ധരാമയ്യ മനസ് വെക്കണം. ദയവായി അത് ചെയ്യണം. അതാണ് ധാർമികതയെന്ന് എനിക്ക് തോന്നുന്നു,'' എന്നായിരുന്നു സ്വാമിയുടെ വാക്കുകൾ. 

വൊക്കലിഗ മഠാധിപതി ചന്ദ്രശേഖർ സ്വാമി(ഇടത്തുനിന്ന് രണ്ടാമത്) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം കെമ്പെ ഗൗഡ ജയന്തി ദിനാചരണച്ചടങ്ങിൽ
വൊക്കലിഗ മഠാധിപതി ചന്ദ്രശേഖർ സ്വാമി(ഇടത്തുനിന്ന് രണ്ടാമത്) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം കെമ്പെ ഗൗഡ ജയന്തി ദിനാചരണച്ചടങ്ങിൽ

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു മഠാധിപതി ആവശ്യമുന്നയിച്ചത്. ബെംഗളൂരുവിന്റെ ശില്പി കെമ്പെ ഗൗഡയുടെ ജയന്തി ദിനാചരണച്ചടങ്ങിലായിരുന്നു  കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാകുന്ന പരാമർശം.

മഠാധിപതി ആവശ്യം വിവരിക്കുമ്പോൾ  തൊട്ടടുത്ത രണ്ടു കസേരകളിൽ പരസ്പരം മുഖം കൊടുക്കാനാവാതെ  സിദ്ധരാമയ്യയും ഡികെ ശിവകുമാറും  പരുങ്ങലിലായി. പരിപാടി അവസാനിച്ചു പുറത്തിറങ്ങിയ ഇരുവരും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല. എന്നാൽ  പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ആരുടെ പ്രേരണയും ഇതിനു പിന്നിലില്ലെന്നും  മഠാധിപതി പ്രതികരിച്ചു. 

'മുഖ്യമന്ത്രിക്കസേരയിൽ ആറര വർഷം, ഇനി ശിവകുമാറിനു വഴിമാറൂ', സിദ്ധരാമയ്യയോട്  പരസ്യ അഭ്യർഥനയുമായി വൊക്കലിഗ മഠാധിപതി
മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി വേണം, ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം; ലക്ഷ്യം ശിവകുമാറിനെ ഒതുക്കലോ?

''വെറുതെയിരുന്നു മുഖ്യമന്ത്രിയായ ആളാണ് സിദ്ധരാമയ്യ. എന്നാൽ, ശിവകുമാർ അധികാരം തിരിച്ചുപിടിക്കാൻ ഒരുപാട് പണവും വിയർപ്പും ഒഴുക്കി. മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിനു വിട്ടുനൽകുന്നതാണ് ധാർമിക,'' സ്വാമി പറഞ്ഞു.

കർണാടക സർക്കാരിൽ നേതൃമാറ്റത്തെച്ചൊല്ലിയും മൂന്നു ഉപമുഖ്യമന്ത്രി പദവികളെച്ചൊല്ലിയും കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിൽ  ഭിന്നത മൂർച്ഛിക്കുകയാണ് . ഇതിനിടയിലാണ് മഠാധിപതി സ്വസമുദായക്കാരനായ ഡി കെ ശിവകുമാറിനായി പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ചന്നാഗിരി എം എൽ എ  ബസവരാജു ശിവഗംഗയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മേയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാറിൽ  മുഖ്യമന്ത്രി കസേരക്കായുള്ള ശിവകുമാർ- സിദ്ധരാമയ്യ വടംവലി  ഹൈക്കമാൻഡ് ഇടപെട്ടായിരുന്നു അവസാനിപ്പിച്ചത്. രണ്ടര വർഷം വീതം ഇരുവരും കസേര പങ്കിടണമെന്നതായിരുന്നു  ഒത്തുതീർപ്പു ഫോർമുല . അതുപ്രകാരം അടുത്ത വർഷം സെപ്റ്റംബറോടെ സിദ്ധരാമയ്യയുടെ കാലാവധി അവസാനിക്കും. എന്നാൽ സിദ്ധരാമയ്യ കസേര വിട്ടുനൽകാൻ  തയ്യാറാകുമോയെന്ന ആശങ്കയിലാണ് ശിവകുമാർ പക്ഷം. 

അതേസമയം, നേതൃമാറ്റം ഏതാണ്ട് ഉറപ്പാക്കിയ സിദ്ധരാമയ്യ മൂന്നു ഉപമുഖ്യമന്ത്രിമാരെ മന്ത്രിസഭയിൽ തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണ്. വീര ശൈവ ലിംഗായത്, പട്ടിക ജാതി-വർഗം, മുസ്ലിം വിഭാഗങ്ങളിൽനിന്നുള്ള തന്റെ അനുയായികളായ  പ്രതിനിധികളെ ഉപമുഖ്യമന്ത്രി പദത്തിലേറ്റാനാണ് സിദ്ധരാമയ്യയുടെ നീക്കം. മുഖ്യമന്ത്രിക്കസേരയേറാൻ പോകുന്ന ഡികെ ശിവകുമാറിന്റെ അപ്രമാദിത്യത്തിനു തടയിടാൻ ഇത് ഉപകരിക്കുമെന്ന് മുന്നിൽ കണ്ടാണ് സിദ്ധരാമയ്യ കരുക്കൾ നീക്കുന്നത്.  മന്ത്രിസഭയിലെ സിദ്ധരാമയ്യ പക്ഷക്കാരായ മന്ത്രിമാരെല്ലാം ആവശ്യത്തിൽ ഒറ്റക്കെട്ടാണ്.

നേതൃമാറ്റ വിഷയവും ഉപമുഖ്യമന്ത്രി പദവികളും കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നിലെത്തിച്ചിട്ടുണ്ട്. വൈകാതെ ഹൈക്കമാൻഡിൽനിന്ന് നിർണായക തീരുമാനം കാത്തിരിക്കുകയാണ് കർണാടക കോൺഗ്രസ്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഹൈക്കമാൻഡ് നേതാക്കളുമായി ഡൽഹിയിൽ ഉടൻ ചർച്ച നടത്തും. 

logo
The Fourth
www.thefourthnews.in