ആറ് സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്; തെലങ്കാനയിലും ബിഹാറിലും ഏറെ നിര്‍ണായകം
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. തെലങ്കാനയിലെ മുനുഗോഡ്, ബീഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ ആദംപുര്‍, മഹാരാഷ്ട്രയിലെ അന്ധേരി, ഉത്തര്‍പ്രദേശിലെ ഗോലാ ഗോകര്‍നാഥ്, ഒഡീഷയിലെ ധാം നഗര്‍ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. തെലങ്കാനയിലും ബിഹാറിലും ബിജെപിക്കും കോണ്‍ഗ്രസിനും പ്രാദേശിക കക്ഷികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്. തെലങ്കാന രാഷ്ട്രസമിതി (നിലവില്‍ ഭാരത് രാഷ്ട്ര സമിതി), രാഷ്ട്രീയ ജനതാദള്‍, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും ബിജെപിയും തമ്മിലാണ് മത്സരം. നിയമസഭാ തിരഞ്ഞെടുപ്പുകളും പൊതു തിരഞ്ഞെടുപ്പും അടുത്തിരിക്കെ ശരിക്കുമൊരു ടെസ്റ്റ് ഡോസ് ആണ് ഉപതിരഞ്ഞെടുപ്പ്.
മുനുഗോഡ്
മുനുഗോഡ് മണ്ഡലത്തില്‍ ബിജെപിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ടിആര്‍സും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിയുടെ ആര്‍ കെ രാജഗോപാല്‍ റെഡ്ഡിയും ടിആര്‍ എസിലെ മുന്‍ എംഎല്‍എ കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയും കോണ്‍ഗ്രസിന്റെ പല്വായ് ശ്രാവന്തിയും തമ്മിലാണ് മത്സരം.
ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ സാന്നിധ്യവും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇടതുപാര്‍ട്ടികള്‍ ചന്ദ്രശേഖര്‍ റാവുവിനൊപ്പം അണിനിരക്കുന്നതും തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നു. ടിആര്‍എസ് അംഗങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണവും ബിജെപി ഏജന്റ് പിടിയിലായതുമൊക്കെ ബിജെപിക്ക് തിരിച്ചടിയാണ്.
ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ടിആര്‍എസിന് സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ സ്വാധീനം വെളിപ്പെടുത്താനുള്ള അവസരം എന്നതിനൊപ്പം ദേശീയ തലത്തിലേക്കുള്ള വരവ് അടയാളപ്പെടുത്താനുള്ള അവസരം കൂടിയാണ് ഉപ തിരഞ്ഞെടുപ്പ്.
2020ലും 2021ലും ദുബ്ബക്, ഹുസുരബാദ് എന്നിവിടങ്ങളില്‍ നേടിയ വിജയം ബിജെപിക്ക് കരുത്ത് പകരുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ തെലങ്കാനയ്ക്കായി ഒരു പദ്ധതി പോലും അനുവദിച്ചിട്ടില്ല എന്ന വിമര്‍ശനങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. കൂടാതെ, ടിആര്‍എസ് അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരസ്യമായതും പാര്‍ട്ടിക്ക് തിരിച്ചടിയാണ്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനവിധി പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം 2024ലെ പൊതു തിരഞ്ഞെടുപ്പിനെയും ബാധിച്ചേക്കും.
മൊകാമ, ഗോപാല്‍ഗഞ്ച്,
ബിഹാറില്‍ ബിജെപി ബന്ധംവിട്ട് തേജസ്വി യാദവിന്റെ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാഗഡ്ബന്ധന്‍ കക്ഷി രൂപീകരിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ് രണ്ട് മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പ്.
ആര്‍ജെഡി കൈവശംവച്ചിരിക്കുന്ന മൊകാമയിലും ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഗോപാല്‍ഗഞ്ചിലുമാണ് തിരഞ്ഞെടുപ്പ്. ഗോപാല്‍ഗഞ്ചില്‍ ബിജെപി എംഎല്‍എയായിരുന്ന സുഭാഷ് സിങ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. ലാലു പ്രസാദ് യാദവിന്റെ ഭാര്യാ സഹോദരനായ സാധു യാദവിന്റെ ഭാര്യ ഇന്ദിരാ യാദവ് ആണ് ഗോപാല്‍ഗഞ്ചില്‍ ബിഎസ്പി സ്ഥാനാര്‍ഥി. ഇത് ആര്‍ജെഡിക്ക് ഭീഷണി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സാധു യാദവ് ആര്‍ജെഡി സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ വിജയിച്ച മണ്ഡലം കൂടിയാണ് ഗോപാല്‍ഗഞ്ച്. ബിഎസ്പി സ്ഥാനാര്‍ഥിയായ ഇന്ദിര യാദവ് ആര്‍ജെഡി വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണെങ്കില്‍ അത് ബിജെപിക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.
അടുത്തിടെ ആയുധ നിയമ കേസില്‍ ശിക്ഷിക്കപ്പെട്ട് അനന്ത് സിങ് അയോഗ്യനായതിനെ തുടര്‍ന്നാണ് മൊകാമയില്‍ തിരഞ്ഞെടുപ്പ്. അനന്തിന്റെ ഭാര്യ നീലം ദേവിയെയാണ് ആര്‍ജെഡി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മൊകാമ മണ്ഡലത്തില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്.
അന്ധേരി
മഹാരാഷ്ട്രിയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് എംഎല്‍എമാരും നടത്തിയ വിമത നീക്കത്തില്‍ അടിപതറിയ ഉദ്ധവ് താക്കറെയ്ക്ക് ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായിരിക്കും എന്നതില്‍ സംശയമില്ല. മെയ് മാസത്തില്‍ ശിവസേന എംഎല്‍എ രമേഷ് ലട്‌കെയുടെ മരണത്തെ തുടര്‍ന്നാണ് അന്ധേരിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് താക്കറെ നയിക്കുന്ന ശിവസേന ഉദ്ധവ് ബാലാസാഹേബ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. ആറ് സ്ഥാനാര്‍ഥികള്‍ കൂടി മത്സരരംഗത്തുണ്ടെങ്കിലും ഭരണസഖ്യത്തില്‍ നിന്ന് ആരും മത്സരരംഗത്തില്ല. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, എന്‍സിപി എന്നിവരുടെ അപ്പീലിനെ തുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ഥി മുര്‍ജി പട്ടേലിനെ പിന്‍വലിച്ചത്.
ഗോലാ ഗോകര്‍നാഥ്
ഉത്തര്‍പ്രദേശില്‍ ഗോല ഗോകര്‍നാഥില്‍ കോണ്‍ഗ്രസും ബിഎസ്പിയും വിട്ട് നില്‍ക്കുന്നതിനാല്‍ ബിജെപിയും അഖിലേഷ് യാദവിന്റെ എസ്പിയും തമ്മിലായിരിക്കും പോരാട്ടം. സീറ്റ് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ഒമ്പത് മാസം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചത്. അതിനാല്‍ സംസ്ഥാനത്ത് അധികാരത്തിലുള്ള പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. മരണപ്പെട്ട അരവിന്ദ് ഗിരിയുടെ മകന്‍ അമന്‍ ഗിരി എന്ന 26 കാരനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മുന്‍ എംഎല്‍എ ആയിരുന്ന വിനയ് തിവാരിയാണ് എസ്പിയെ പ്രതിനിധീകരിക്കുക. 3.90 ലക്ഷത്തിലധികം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
ധാം നഗര്‍
ബിഷ്ണു ചരണ്‍ സേത്തിയുടെ മരണത്തെ തുടര്‍ന്നാണ് ഒഡീഷയിലെ ധാം നഗറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. അദ്ദേഹത്തിന്റെ മകന്‍ സൂര്യബാന്‍ഷി സൂരജിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അബന്തി ദാസാണ് ഭരണകക്ഷിയായ ബിജെഡിയുടെ സ്ഥാനാര്‍ഥി. അഞ്ച് സ്ഥാനാര്‍ഥികളില്‍ ഏക വനിതയാണ് അബന്തി.
ആദംപുര്‍
ഓഗസ്റ്റില്‍ കുല്‍ദീപ് ബിഷ്‌ണോയി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിനെ തുടര്‍ന്നാണ് ആദംപുരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ബിഷ്ണോയിയുടെ മകനായ ഭവ്യ ബിഷ്‌ണോയിയാണ് ബിജെപി സ്ഥാനാര്‍lഥി. കോണ്‍ഗ്രസിന്റെ മൂന്ന് തവണ എംപിയും രണ്ട് തവണ എം എല്‍ എയുമായ മുന്‍ കേന്ദ്രമന്ത്രി ജയ് പ്രകാശിനെതിരെ മത്സരിക്കുന്നത്. ബിജെപി - ജെജെപി സഖ്യത്തിന് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പായിരിക്കും ഇത്. ബിഷ്‌ണോയിക്ക് വിജയിക്കാനായാല്‍ സംസ്ഥാനത്ത് ബിജെപിക്ക് അത് നേട്ടമാകും.