ദര്‍ശനത്തിനായി കാത്തിരുന്നത് 17 വര്‍ഷം; ഭക്തന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ വര്‍ഷങ്ങളായി കാത്തിരുന്ന ഭക്തന് നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃകോടതി. 2006 മുതല്‍ ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തന് സേവാ ടിക്കറ്റോ നഷ്ടപരിഹാര തുകയിനത്തില്‍ 45 ലക്ഷം രൂപയോ നല്‍കാന്‍ ആണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പരാതിക്കാരനായ കെ. ആര്‍ ഹരി ഭാസ്‌ക്കര്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.
പരാതിക്കാരനായ കെ ആര്‍ ഹരി ഭാസ്ക്കര്‍ 2006 ലാണ് 12,250 രൂപ നല്‍കി 'മെല്‍ചാറ്റ് വസ്ത്രം' എന്ന പേരില്‍ ഓണ്‍ലൈനായി തിരുപതിയിലേക്കുള്ള സേവാ ടിക്കറ്റ് ബുക്ക് ചെയ്തത്. അതിന്‍റെ അടിസ്ഥാനത്തില്‍ 2020 ജൂലൈ 10നാണ് ദര്‍ശനത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ആ സാഹചര്യം കണക്കിലെടുത്ത് ദര്‍ശന തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് പരാതിക്കാരന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തയച്ചു. അപേക്ഷ പരിഗണിക്കുമെന്നായിരുന്നു പരാതിക്കാരന് ലഭിച്ച മറുപടി.
എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച യാതൊരു നീക്കവും ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കോവിഡ് പ്രതിസന്ധി മാറിയതിന് പിന്നാലെ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തീയതി നല്‍കണമെന്ന് പരാതിക്കാരന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ തീയതി പുതുക്കി നല്‍കുന്നതിനോ, തുക തിരിച്ചു നല്‍കുന്നതിനോ ക്ഷേത്ര ഭാരവാഹികള്‍ തയ്യാറായില്ല. ആവശ്യം നിരസിക്കുയയും ചെയ്തു.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം പരാതിക്കാരന്‍ സെക്ഷന്‍ 2(7) പ്രകാരം ഉപഭോക്താവാണെന്ന് ഡിസിആര്‍സി കണ്ടത്തി. എന്നാല്‍ പരാതിക്കാരന്‍റെ ആവശ്യം തിരുമല തിരുപ്പതി സേവ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരന്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹനാണെന്നും, അദ്ദേഹത്തിന് ദര്‍ശനം നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സേവയുടെ ടിക്കറ്റ് തുക തിരികെ നല്‍കാനും ടിടിഡിയോട് നിര്‍ദ്ദേശിച്ചിരുന്നു.
തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും സമാനമായ നടപടിയുണ്ടായെന്ന് ആരോപിച്ച് മറ്റ് ചിലരും രംഗത്തെത്തി. നടിയും മോഡലുമായ അര്‍ച്ചന ഗൗതം രംഗത്തെത്തി. ദര്‍ശനത്തിനായി 10,500 രൂപ വാങ്ങിയെന്നാണ് ആരോപണം. പണം നല്‍കിയിട്ടും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നും നടി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളുപ്പെടുത്തിയത്.