സർക്കാർ സാനിറ്ററി പാഡ് നൽകുമോ എന്ന് വിദ്യാർഥിനി; ഇനി കോണ്ടവും നൽകേണ്ടി വരുമോ എന്ന് ഐഎഎസ് ഓഫീസർ
സർക്കാരിന് സാനിറ്ററി പാഡുകൾ 20-30 രൂപയ്ക്ക് നൽകാൻ കഴിയുമോ എന്ന സ്കൂൾ വിദ്യാർത്ഥിയുടെ ചോദ്യത്തിന് അധിക്ഷേപകരമായ മറുപടിയുമായി ഐഎഎസ് ഉദ്യോഗസ്ഥ. ബീഹാറിലെ വനിതാ ശിശു വികസന കോർപ്പറേഷൻ മേധാവിയായ ഹർജോത് കൗർ ബംമ്രയാണ് വിദ്യാർത്ഥിയെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സർക്കാർ നൽകേണ്ടി വരുമോ എന്നായിരുന്നു മറുചോദ്യം. 'സശക്ത് ബേട്ടി, സമൃദ്ധ് ബീഹാർ'(പെൺമക്കളെ ശാക്തീകരിക്കൂ, ബീഹാറിനെ ഉന്നതിയിലെത്തിക്കൂ) എന്ന വിഷയത്തിൽ നടന്ന പരിപാടിക്കിടെയാണ് ബംമ്രയുടെ വിവാദ പരാമർശം. ബിഹാർ സർക്കാർ നടത്തിയ പരിപാടിയിൽ മുതിർന്ന വനിതാ ഐഎഎസ് ഉദ്യോഗസ്ഥ നടത്തിയ വിചിത്ര പ്രസ്താവന ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
''സർക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയുമോ?'' എന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിനിയുടെ ചോദ്യം.
''നാളെ നിങ്ങൾ പറയും സർക്കാരിന് ജീൻസും നൽകിക്കൂടെയെന്ന്. അതിനുശേഷം മനോഹരമായ ഷൂസ് നൽകിക്കൂടെ എന്നാവും പിന്നീട് സർക്കാർ നിങ്ങൾക്ക് കോണ്ടം ഉൾപ്പടെയുള്ള കുടുംബാസൂത്രണ മാർഗങ്ങളും നൽകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും''- ഇതായിരുന്നു ഹർജോത് കൗർ ബംമ്രയുടെ മറുപടി.
ജനങ്ങളുടെ ആവശ്യത്തിന് അവസാനമില്ലെന്നും എല്ലാം സർക്കാർ ചെയ്തു തരുമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും അവർ പറഞ്ഞു.
ജനങ്ങൾ വോട്ട് ചെയ്താണ് സർക്കാരുകൾ അധികാരത്തിലെത്തിയതെന്ന് വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചപ്പോൾ, ''ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. എങ്കിൽ വോട്ട് ചെയ്യരുത്. ഇവിടെ പാകിസ്താൻ ആവട്ടെ. പണത്തിനും സേവനത്തിനും വേണ്ടിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്?'' എന്ന് പരിഹാസരൂപേണ ഓഫീസർ ചോദിച്ചു.
ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തവരിൽ അധികവും. വിദ്യാർത്ഥിയുടെ ചോദ്യത്തിന് നൽകിയ മറുപടിയെ ന്യായീകരിക്കാനും ബംമ്ര മറന്നില്ല. സർക്കാരിൽ നിന്ന് തന്നെ എല്ലാം ലഭിക്കണമെന്ന് നിങ്ങളെന്തിനാണ് വാശിപിടിക്കുന്നതെന്നും അങ്ങനെ ചിന്തിക്കുന്നത് തന്നെ തെറ്റാണെന്നും നിങ്ങൾക്ക് തന്നെ കാര്യങ്ങളെല്ലാം ചെയ്തു കൂടെയെന്നും ബംമ്ര ചോദിച്ചു.
കുട്ടികൾ സ്കൂളിലെ ശുചിമുറിയെ സംബന്ധിച്ച് പരാതിപ്പെട്ടപ്പോഴും അധിക്ഷേപിക്കുന്ന തരത്തിൽ തന്നെയായിരുന്നു ബംമ്രയുടെ മറുപടി. സ്‌കൂളിലെ പെൺകുട്ടികളുടെ ടോയ്‌ലറ്റ് തകർന്ന നിലയിലാണെന്നും ആൺകുട്ടികൾ പലപ്പോഴും അകത്ത് കടക്കുന്നുവെന്നും ഒരു വിദ്യാർത്ഥി പറഞ്ഞപ്പോൾ, ''നിങ്ങളുടെയെല്ലാം വീട്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളുണ്ടോ? പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെട്ടാൽ, അതെല്ലാം എങ്ങനെ നടപ്പാക്കും''- എന്നായിരുന്നു മറുപടി.
പിന്നെ എന്തിനാണ് സർക്കാർ പദ്ധതികളെന്ന് കാണികളിലൊരാൾ പരിഹസിച്ചപ്പോൾ നിങ്ങളുടെ ചിന്താഗതികളിൽ മാറ്റം വരേണ്ടതുണ്ടെന്ന് ബംമ്ര വിമർശിച്ചു. പിന്നീട് സദസിലുള്ള വിദ്യാർത്ഥികളോടായി, ''ഭാവിയിൽ നിങ്ങളെ എവിടെ കാണണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. സർക്കാരിന് അതിനായി ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ ഇരിക്കുന്നിടത്ത് ഇരിക്കണോ, അതോ ഞാൻ ഇരിക്കുന്നിടത്ത് ഇരിക്കണോ എന്ന് നിങ്ങൾ സ്വയം തീരുമാനിക്കണം'' എന്നും അവർ അഭിപ്രായപ്പെട്ടു.
വീഡിയോ വൈറലായതോടെ താൻ ആരോടും അപമര്യാദയായി സംസാരിച്ചിട്ടില്ലെന്ന അവകാശവാദവുമായി ഐഎഎസ് ഓഫീസർ രംഗത്തെത്തി
വീഡിയോ വൈറലായതോടെ താൻ ആരോടും അപമര്യാദയായി സംസാരിച്ചിട്ടില്ലെന്ന അവകാശവാദവുമായി ഐഎഎസ് ഓഫീസർ രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തുന്ന ഒരാളാണ് താനെന്നും തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള തരംതാഴ്ന്ന ശ്രമങ്ങളാണിതെന്നും അവർ പ്രതികരിച്ചു.