അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ക്ക് നിര്‍ണയിക്കാം; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റാൻ എഎപി

നവംബർ മൂന്ന് വൈകിട്ട് അഞ്ച് വരെയാണ് നിർദേശങ്ങൾ അറിയിക്കാനുള്ള സമയം
Updated on
1 min read

പഞ്ചാബിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം ഗുജറാത്തിലും പയറ്റാൻ ആംആദ്മി പാർട്ടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർദേശിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. സൂറത്തിൽ ശനിയാഴ്ച നടന്ന യോഗത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. പഞ്ചാബില്‍ ഇത്തരത്തില്‍ കണ്ടെത്തിയ ഭഗവന്ത് മന്‍ ആണ് മുഖ്യമന്ത്രി.

നവംബർ മൂന്നിന് വൈകിട്ട് അഞ്ച് വരെ സന്ദേശമായും മെയിലുകളായും നിർദേശങ്ങൾ അറിയിക്കാം. അതിനുള്ള മെയിൽ ഐഡിയും ഫോൺ നമ്പറും പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചാകും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കുക. നവംബർ നാലിന് റിസൾട്ട് പ്രഖ്യാപിക്കുമെന്നും ദേശീയ കൺവീനർ അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ പഞ്ചാബിൽ നടത്തിയ വോട്ടെടുപ്പിൽ 15 ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു എന്നാണ് എഎപി വൃത്തങ്ങൾ പുറത്തുവിട്ട വിവരം. ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണ് മുഖ്യമന്ത്രി എന്ന പ്രതീതി ജനിപ്പിക്കാൻ ഇതിലൂടെ പാർട്ടിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല, പദവിയെ ചൊല്ലി പാർട്ടിക്കുള്ളില്‍ ഉയര്‍ന്ന തർക്കങ്ങൾ പരിഹരിക്കാനും പ്രക്രിയ സഹായകമായിരുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനത്ത് മികച്ച വിജയം ഉറപ്പാക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്നമാണ്. അതേസമയം, കഴിഞ്ഞ വർഷം സൂറത്തിലും ഗാന്ധിനഗറിലും നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ മുന്നേറ്റമാണ് എഎപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in