'മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു, പക്ഷേ ഉപമുഖ്യമന്ത്രി സ്ഥാനത്ത് തളയ്ക്കപ്പെട്ടു'; തുറന്നുപറച്ചിലുമായി അജിത് പവാര്‍

'മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു, പക്ഷേ ഉപമുഖ്യമന്ത്രി സ്ഥാനത്ത് തളയ്ക്കപ്പെട്ടു'; തുറന്നുപറച്ചിലുമായി അജിത് പവാര്‍

മുംബൈയില്‍ ഇന്നു നടന്ന 'ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍' ആയിരുന്നു അജിത് പവാറിന്റെ തുറന്നുപറച്ചില്‍
Updated on
1 min read

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം താന്‍ സ്വപ്‌നം കണ്ടിരുന്നുവെന്നു തുറന്നു പറഞ്ഞ് വിമത എന്‍സിപി നേതാവ് അജിത് പവാര്‍. സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കാന്‍ ആഗ്രഹിച്ചിരുന്ന തന്നെ പക്ഷേ ചിലര്‍ അതിന് അനുവദിച്ചില്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് തളയ്ക്കപ്പെട്ടുവെന്നുമായിരുന്നു അജിത് പവാറിന്റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ ഇന്നു നടന്ന 'ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍' ആയിരുന്നു അജിത് പവാറിന്റെ തുറന്നുപറച്ചില്‍.

മുതിര്‍ന്ന നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ പിളര്‍ത്തി ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനൊപ്പം എത്തിക്കുന്നതില്‍ മുഖപങ്കുവഹിച്ചയാളാണ് അജിത് പവാര്‍. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അഞ്ചു തവണ അജിത് പവാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോണ്‍ക്ലേവില്‍ സംസാരിക്കവെ എന്‍സിപി നേതൃതത്വം തന്നെ ഒതുക്കുകയായിരുന്നുവെന്ന സൂചനയാണ് അജിത് പവാര്‍ നല്‍കിയത്. ''എനിക്ക് മുഖ്യമന്ത്രിയാകണമെന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് മുന്നേറാനായില്ല. എല്ലായ്‌പ്പോഴും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു. അതിനപ്പുറം എനിക്ക് അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല''- അജിത് പവാര്‍ പറഞ്ഞു.

''2004 നിയസമഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിപദം അവകാശപ്പെടാന്‍ എന്‍സിപിക്ക് കഴിയുമായിരുന്നു. എന്നാല്‍ നേതൃത്വം അതിനു തയാറായില്ല. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാനായിരുന്നു തീരുമാനം. പാര്‍ട്ഖടി നേതൃത്വത്തിന്റെ നിര്‍ബന്ധ ബുദ്ധിയാണ് അന്ന് അവസരം തട്ടിത്തെറിപ്പിച്ചത്''- അജിത് പവാര്‍ പറഞ്ഞു. 2004-ല്‍ 71 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു എന്‍സിപി. കോണ്‍ഗ്രസിന് അന്ന് 69 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ എന്‍സിപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാഞ്ഞതോടെ കോണ്‍ഗ്രസിന്റെ വിലാസ്‌റാവു ദേശ്മുഖാണ് മുഖ്യമന്ത്രിപദമേറിയത്.

logo
The Fourth
www.thefourthnews.in