അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസിGoogle

ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമെന്ന് ഒവൈസി; പാർട്ടി അധ്യക്ഷയാക്കുമോ എന്ന് ബിജെപി

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് പിന്നാലെയാണ് ഇത്തരം ചർച്ചകൾ സജീവമായത്.
Updated on
1 min read

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ പ്രധാനമന്ത്രിയാകുമോ എന്ന ചർച്ച സജീവമായിരുന്നു. സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെതിരെ നടന്ന പ്രതിഷേധമടക്കം വീണ്ടും ചർച്ചയായി. ആ ചർച്ച പുതിയ തലത്തിൽ എത്തിയിരിക്കുകയാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയോടെ. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഹിജാബ് ധരിച്ച സ്ത്രീയെ കാണാൻ ആഗ്രഹം ഉണ്ടെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസി എംപിയുടെ പ്രസ്താവന. വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചൊവ്വാഴ്ച കർണാടകയിലായിരുന്നു പരാമർശം. അതേസമയം ഒവൈസിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്ത് വന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ആവുന്നതിന് മുൻപ് ഹിജാബ് ധരിച്ച സ്ത്രീ എപ്പോഴാണ് എഐഎംഐഎംയുടെ അധ്യക്ഷയാവുന്നത് എന്നാണ് ഷെഹ്‌സാദ് പൂനവല്ല ചോദിച്ചത്. "ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി പ്രതീക്ഷിക്കുന്നു! അതിന് ഭരണഘടന ആരെയും വിലക്കുന്നില്ല, പക്ഷേ ഹിജാബ് ധരിച്ച ഒരു പെൺകുട്ടി എപ്പോൾ എഐഎംഐഎം പ്രസിഡന്റാകുമെന്ന് ഞങ്ങളോട് പറയൂ. നമുക്ക് അതിൽ നിന്ന് ആരംഭിച്ചാലോ ?" ഷെഹ്‌സാദ് പൂനവല്ല ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച കർണാടകയിലെ ബിജാപൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, മതേതരത്വം തുടച്ചുനീക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ എല്ലാവർക്കും തുല്യ അവസരം നൽകുന്നതിന് ബിജെപി എതിരാണെന്നും ഒവൈസി പറഞ്ഞിരുന്നു.

മുൻപ് കർണാടകയിലെ ഹിജാബ് വിവാദത്തിനിടെയും ഹിജാബ് ധരിച്ച പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് ആണ് തന്റെ സ്വപ്നം എന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. ഒക്‌ടോബർ 28ന് നടക്കുന്ന ബീജാപൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാല് വാർഡുകളിലാണ് എഐഎംഐഎം മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒവൈസി റോഡ്ഷോ നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in