'വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ബിരുദം നേടാത്ത പ്രതിപക്ഷ നേതാവിനെ ആവശ്യമുണ്ട്'; കര്‍ണാടക ബിജെപിയെ ട്രോളി കോണ്‍ഗ്രസ്
കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനാവാത്ത ബിജെപിക്കെതിരെ ആക്ഷേപ പരസ്യവുമായി കോണ്‍ഗ്രസ്. കര്‍ണാടകയ്ക്ക് ഒരു പ്രതിപക്ഷ നേതാവിനെ വേണമെന്ന് പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പരസ്യം. പ്രതിപക്ഷ നേതാവിനുണ്ടാകേണ്ട യോഗ്യതകള്‍ പരസ്യത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ആര്‍എസ്എസിന്റെ കളിപ്പാവയല്ലാത്തതും വര്‍ഗീയവാദി അല്ലാത്തതുമായ ആളായിരിക്കണം എന്നതാണ് പരസ്യത്തിൽ പറയുന്ന യോഗ്യതാമാനദണ്ഡങ്ങളിലൊന്ന്
'ജനാധിപത്യം ശക്തിപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിനെ ആവശ്യമുണ്ട്'എന്ന തലക്കെട്ടോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടാത്ത ആളായിരിക്കണം, കള്ളം പറയരുത്, പ്രചരിപ്പിക്കുകയുമരുത് എന്നതാണ് പ്രധാന യോഗ്യത.
ആര്‍എസ്എസിന്റെ കളിപ്പാവയല്ലാത്തതും വര്‍ഗീയവാദി അല്ലാത്തതുമായ ആളായിരിക്കണം എന്നതാണ് യോഗ്യതാമാനദണ്ഡത്തില്‍ അടുത്തത്. ഭരണഘടനയെക്കുറിച്ചും ജനാധിപത്യമെന്ന ആശയത്തെക്കുറിച്ചും അറിവുണ്ടായിരിക്കണം, മാന്യമായ വ്യക്തിത്വവും നല്ല വാക്ചാതുര്യവും വേണം, അഴിമതിക്കറ പുരണ്ടവരും സി ഡിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നവർ ആകരുതെന്നും നിബന്ധനയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തോടെ ഉള്‍പ്പോര് ശക്തമായതാണ് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്
കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാൻഡിലില്‍ ഉള്‍പ്പടെ കന്നഡ ഭാഷയിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കര്‍ണാടകയില്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനാവാതെ വലയുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് പരാജയത്തോടെ ഉള്‍പ്പോര് ശക്തമായതാണ് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേര് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും വിഭാഗീയത കാരണം തീര്‍പ്പിലെത്താന്‍ ബിജെപിക്കാകുന്നില്ല.
ബിജെപിയിലെ യെദ്യൂരപ്പ പക്ഷവും ഔദ്യോഗിക പക്ഷവും തമ്മിലുള്ള പോര് കനത്തതോടെ കഴിഞ്ഞദിവസം 11 നേതാക്കള്‍ക്ക് പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം പഴിചാരി നേതാക്കളും അനുയായികളും രംഗത്തുവന്നതോടെയാണ് പരസ്യ വിഴുപ്പലക്കിനു തടയിടാന്‍ നോട്ടീസ് നല്‍കിയത്. മുതിര്‍ന്ന നേതാവ് രേണുകാചാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പാര്‍ട്ടി അച്ചടക്കത്തിന്റെ വാളോങ്ങിയിരിക്കുന്നത്.
അതേസമയം, ജൂലൈ നാലിന് കര്‍ണാടക നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷ ബെഞ്ചില്‍ നേതാവില്ലെന്ന വസ്തുത ബിജെപി യെ പ്രതിസന്ധിയിലാക്കുകയാണ്.