അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്തെന്ന് നിയമോപദേശകൻ; വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്താൻ ശ്രമമെന്നും ആരോപണം

അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്തെന്ന് നിയമോപദേശകൻ; വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്താൻ ശ്രമമെന്നും ആരോപണം

അറസ്റ്റ് സംബന്ധിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Published on

ഖലിസ്ഥാന്‍ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തതായി നിയമോപദേശകൻ ഇമാൻ സിങ് ഖാര. ഷാഹ്‌കോട്ട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഇമാൻ സിങ് പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്ന് ആരോപിച്ച അഭിഭാഷകൻ, അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. അതേസമയം അറസ്റ്റ് സംബന്ധിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഘടനയുടെ അഭിഭാഷകന്‍ രംഗത്തെത്തുന്നത്. അമൃത്പാൽ സിങ് ഇപ്പോഴും ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

''ഇന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഒരു ക്രിമിനൽ റിട്ട് ഹർജി (ഇമാൻ സിങ് ഖാര vs സ്റ്റേറ്റ് ഓഫ് പഞ്ചാബ്) ഞാൻ ഫയൽ ചെയ്തു. ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്"-ഇമാൻ സിങ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ കോടതിയുടെ നടപടിക്രമങ്ങളില്ലാതെ പോലീസിന് ഇല്ലാണ്ടാക്കാൻ കഴിയില്ലെന്നും ഇമാൻ സിങ് വ്യക്തമാക്കി. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പഞ്ചാബ് പോലീസിന്റെ പ്രതികരണം തേടിയിട്ടുണ്ട്.

അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്തെന്ന് നിയമോപദേശകൻ; വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്താൻ ശ്രമമെന്നും ആരോപണം
'പിടികൂടിയിട്ടില്ല, ശ്രമം തുടരുന്നു': അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ്

അമൃത്പാൽ സിങ്ങിന്റെ ജീവന് ഭീഷണിയുണ്ടെന്നും ഷാഹ്‌കോട്ട് പോലീസ് സ്‌റ്റേഷനിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഒരു വ്യക്തിയെ കസ്റ്റഡിയിൽ എടുത്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. എന്നാൽ അമൃത് പാലിനെ ഇതുവരെയും പോലീസ് ഹാജരാക്കിയില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. അതിനിടെ അമൃത്പാൽ സിങിന്റെ ഡ്രൈവർ ഹർപ്രീതും അമ്മാവൻ ഹരിജീത് സിങും മെഹത്പൂരിൽ പോലീസിന് മുന്നിൽ കീഴടങ്ങി. ഇന്നലെ രാത്രിയാണ് ഇവർ‍ കീഴടങ്ങിയത്.

അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്തെന്ന് നിയമോപദേശകൻ; വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്താൻ ശ്രമമെന്നും ആരോപണം
അമൃത്പാൽ സിങ് അറസ്റ്റിലെന്ന് അഭ്യൂഹം; സംഘർഷ സാധ്യത, പഞ്ചാബിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അതേസമയം, അമൃത്പാല്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ പുതിയ രണ്ട് എഫ്‌ഐആര്‍ കൂടി കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. അമൃത്പാല്‍ സിങ്ങിന്റേതെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനും ജലന്ധറില്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ചതിനുമാണ് വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാടകീയമായ രംഗങ്ങൾക്കാണ് നിലവിൽ പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. പഞ്ചാബിൽ ഇന്ന് കൂടി ഇന്റര്‍നെറ്റ് നിരോധനം തുടരും. എസ് എം എസ് സേവനവും താത്ക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in