കേന്ദ്രമന്ത്രിയായിരിക്കെ കശ്മീർ സന്ദർശിക്കാൻ ഭയന്നിരുന്നെന്ന് സുശീല്‍ കുമാർ ഷിൻഡെ; പരിഹസിച്ചും രാഷ്ട്രീയ ആയുധമാക്കിയും ബിജെപി
കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ കശ്മീർ സന്ദർശിക്കാൻ തനിക്ക് ഭയമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാർ ഷിൻഡെ. രഷ്ട്രീയത്തിന്റെ അഞ്ച് പതിറ്റാണ്ടുകൾ (Five Decades of Politics) എന്ന തന്റെ ആത്മകഥയുടെ പ്രകാശവേളയിലായിരുന്നു ഷിൻഡെയുടെ വാക്കുകള്‍.
"ആഭ്യന്തര മന്ത്രിയാകുന്നതിന് മുൻപ് ഞാൻ വിദ്യാഭ്യാസ വിദഗ്ധനായ വിജയ് ധറിനെ ഞാൻ സന്ദർശിച്ചിരുന്നു. ഞാൻ അദ്ദേഹത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കാറുണ്ടായിരുന്നു. ലാല്‍ ചൗക്കും ദാല്‍ ലേക്കും സന്ദർശിക്കാനും ആളുകളോട് സംവദിക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു. പക്ഷേ, ചുറ്റിനടക്കരുതെന്നും നിർദേശിച്ചു. ആ ഉപദേശം എനിക്ക് പ്രശസ്തിയാണ് നല്‍കിയത്. ഭയമില്ലാതെ ഒരു ആഭ്യന്തര മന്ത്രി സന്ദർശിക്കുന്നുവെന്ന ചിന്ത ആളുകള്‍ക്കുണ്ടായി. എന്നാല്‍, ഞാൻ ഭയപ്പെട്ടിരുന്നുവെന്ന് ആരോട് പറയും? നിങ്ങളില്‍ ചിരിയുണർത്താൻ മാത്രം പറഞ്ഞതാണിതൊക്കെ," ഷിൻഡെ പറഞ്ഞു.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഓഗസ്റ്റ് 2012 മുതല്‍ മേയ് 2014 വരെയാണ് ഷിൻഡെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്.
എന്നാല്‍ ഷിൻഡെയുടെ വാക്കുകളെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രികൂടിയായ ഭൂപേന്ദർ യാദവാണ് പ്രതികരണവുമായി രംഗത്തെത്തിയത്. "വ്യത്യാസം വ്യക്തമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീർ സന്ദർശിക്കാൻ ആഭ്യന്തര മന്ത്രിക്ക് ഭയമായിരുന്നു. മോദിയുടെ കാലത്തെ മൂന്ന് കോടിയോളം പേരാണ് പ്രതിവർഷം കശ്മീർ സന്ദർശിക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയത് കശ്മീരിലെ ജനാധിപത്യം കൂടുതല്‍ ശക്തമാക്കി. അഴിമതി നിറഞ്ഞ രാഷ്ട്രീയ കുടുംബങ്ങളുടെ സ്വാധീനം കുറച്ചു," കശ്മീരി ജനതയുടെ ജീവിതം മെച്ചപ്പെട്ടു, യാദവ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര ഉദാഹരിച്ചുകൊണ്ടായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാലയുടെ പ്രതികരണം. "രാഹുല്‍ ഗാന്ധി പ്രശ്നങ്ങളില്ലാതെ കശ്മീരിലെത്തി ഭാരത് ജോഡൊ യാത്ര നടത്തുന്നു, മഞ്ഞുകൊണ്ട് കളിക്കുന്നു. പക്ഷേ, നാഷണല്‍ കോണ്‍ഫറൻസിനും കോണ്‍ഗ്രസിനും ജമ്മു കശ്മീരിനെ പഴയ അവസ്ഥയിലേക്ക് എത്തിക്കാനാണ് താല്‍പ്പര്യം," പൂനവാല ചൂണ്ടിക്കാണിച്ചു.
അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെ ജനങ്ങളോട് കാണിച്ച വഞ്ചനയാണെന്നാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറൻസും ആരോപിക്കുന്നത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട് കോണ്‍ഗ്രസ്.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്ര സർക്കാർ അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതും. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യപിക്കുകയും ചെയ്തു.