'ഗവര്‍ണര്‍ വസ്തുതകള്‍ പരിശോധിക്കണം'; സിവി ആനന്ദബോസിന്റെ പ്രസംഗത്തിനിടെ സഭ ബഹിഷ്‌കരിച്ച് ബിജെപി

'ഗവര്‍ണര്‍ വസ്തുതകള്‍ പരിശോധിക്കണം'; സിവി ആനന്ദബോസിന്റെ പ്രസംഗത്തിനിടെ സഭ ബഹിഷ്‌കരിച്ച് ബിജെപി

അടുത്തയാഴ്ച സംസ്ഥാന ബഡ്ജറ്റ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്തത്
Updated on
1 min read

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് എതിരായ ബിജെപി പ്രതിഷേധം പരസ്യമാകുന്നു. സംസ്ഥാന ഗവര്‍ണറായി ചുമതലയേറ്റ ശേഷം സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്ത ആനന്ദബോസിനെ പ്രതിപക്ഷമായ ബിജെപി ബഹിഷ്‌കരിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ഗവര്‍ണറുടെ അടുപ്പത്തില്‍ നേരത്തെ തന്നെ സംസ്ഥാന ബിജെപിയില്‍ അതൃപ്തി പുകഞ്ഞിരുന്നു. ഈ ഭിന്നതയാണ് പ്രഥമ അഭിസംബോധന ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് എത്തിയത്.

ഗവർണറുടെ പ്രസംഗിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി ബിജെപി പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. പ്രസംഗത്തിനിടെ ബിജെപി എംഎൽഎമാർ മുദ്രാവാക്യം വിളിക്കുകയും നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്തത്.

ഗവർണർ സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ തന്നെ ബിജെപി എംഎൽഎമാർ മുദ്രാവാക്യം വിളിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്ന സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് അവതരണത്തിന് ഗവർണർ അനുമതി നൽകിയതിനാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് നിലവിലുള്ളത്. എന്നാല്‍ നയപ്രഖ്യാപനത്തില്‍ അഴിമതി കേസുകളെപ്പറ്റിയുള്ള ഒരു പരാമർശങ്ങളും പ്രസംഗത്തിൽ ഇല്ല. ടിഎംസി നേതാക്കൾക്കെതിരെയുള്ള അറസ്റ്റ് ഒന്നും സൂചിപ്പിച്ചിട്ടില്ല, അതുകൊണ്ടാണ് സഭയിൽ നിന്ന് വാക്കൗട്ട് നടത്തിയത് എന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

എന്നാൽ, നിയമസഭാ നടപടികൾ തടസപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ ചീഫ് വിപ്പ് നിർമൽ ഘോഷ് ആരോപിച്ചു.

അതേസമയം, തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ വെച്ചുപുലര്‍ത്തുന്ന അടുപ്പത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമതാ ബാനര്‍ജി സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധി വിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും സി വി ആനന്ദബോസിനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in