റീല്‍സെടുക്കാന്‍ ഐഫോൺ 14 വേണം; പിഞ്ചുകുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റില്‍
ഇൻസ്റ്റഗ്രാം റീലുകളെടുക്കാൻ വേണ്ടി എട്ട് മാസം പ്രായമായ കുട്ടിയെ വിറ്റ് ഫോൺ വാങ്ങിയ ദമ്പതികൾ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. രണ്ടുലക്ഷം രൂപയ്ക്കാണ് ദ പിഞ്ചുകുഞ്ഞിനെ വിറ്റത്. പണമുപയോഗിച്ച് ഐഫോൺ 14 വാങ്ങുകയും മധുവിധു ആഘോഷിക്കാൻ പോകുകയുമായിരുന്നു. ദമ്പതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്.
ജയദേബ് ഘോഷ്- സതി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായാഴ്ചയാണ് സംഭവം പുറത്തറിയുന്നതെങ്കിലും ഒന്നരമാസം മുൻപാണ് വില്പന നടന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികൾക്കൊപ്പം കാണാതിരുന്നതും മാതാപിതാക്കളുടെ പെരുമാറ്റവും പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദമ്പതികളുടെ കയ്യിൽ ഒരു ലക്ഷം രൂപയ്ക്കടുത്ത് വിലയുള്ള ഐഫോൺ കണ്ടതും സംശയം ബലപ്പെടുന്നതിന് കാരണമായി. തുടർന്ന് അയൽവാസികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പശ്ചിമ ബംഗാളിലൂടെയുള്ള തങ്ങളുടെ യാത്രകൾ റീലുകളായി പോസ്റ്റ് ചെയ്യാൻ വേണ്ടി ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്ന് ദമ്പതികൾ പോലീസിനോട് പറഞ്ഞു. ദമ്പതികളിൽ നിന്ന് കുഞ്ഞിനെ വാങ്ങിയ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ അമ്മാവന്റെ വീട്ടിലേക്ക് അയ്ച്ചുവെന്നാണ് ദമ്പതികൾ ബന്ധുക്കളെയും നാട്ടുകാരെയും ധരിപ്പിച്ചിരുന്നതെന്ന് ജയദേബ് ഘോഷിന്റെ അച്ഛൻ കാമൈ ചൗധരി പറഞ്ഞു. പിന്നീടാണ് കുഞ്ഞിനെ വിറ്റതെന്ന് മനസിലായത്. തന്നെയും ദമ്പതികൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
ദമ്പതികൾക്ക് മറ്റൊരു മകൾ കൂടിയുണ്ട്. മദ്യപിച്ചെത്തുന്ന ജയദേബ് എപ്പോഴും ആ കുട്ടിയോട് ആക്രോശിക്കുമായിരുന്നുവെന്ന് കൗൺസിലർ ഠരോക് ഗുഹ പറഞ്ഞു. ഐഫോൺ വാങ്ങാനായി കുട്ടിയെ വിൽക്കുന്ന സംഭവങ്ങൾ നേരത്തെയും പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തികുന്നു. 2016ൽ ചൈനീസ് ദമ്പതികൾ 18 ദിവസം പ്രായമുള്ള കുട്ടിയെ 3530 ഡോളറിന് വിറ്റ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.