'വളച്ചൊടിച്ച കഥ'; ദ കേരള സ്റ്റോറി നിരോധിച്ച് ബംഗാൾ

'വളച്ചൊടിച്ച കഥ'; ദ കേരള സ്റ്റോറി നിരോധിച്ച് ബംഗാൾ

'വിദ്വേഷത്തിന്റെയും അക്രമത്തിന്റേതുമായ സംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും' വേണ്ടിയാണ് ബംഗാൾ സർക്കാരിന്റെ നടപടി
Updated on
1 min read

വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യ്ക്ക് നിരോധനമേർപ്പെടുത്തി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ''വിദ്വേഷത്തിന്റെയും അക്രമത്തിന്റേതുമായ സംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും' വേണ്ടിയാണ് നിരോധനം. മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് നിയമസഭയിലാണ് നിരോധനം പ്രഖ്യാപിച്ചത്.

പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന തീയേറ്ററുകളിൽനിന്ന് ചിത്രം ഒഴിവാക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദേശം നൽകി. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രമിറങ്ങിയപ്പോഴും ബിജെപി പണം മുടക്കിയിരുന്നുവെന്നും ഇപ്പോള്‍ ദ കേരള സ്‌റ്റോറിക്കു വേണ്ടിയും ബിജെപി പണം മുടക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് വിലക്ക്.

''എന്താണ് കശ്മീര്‍ ഫയൽസ്. അത് ഒരു വിഭാഗത്തെ അപമാനിക്കാന്‍ നിര്‍മിച്ച ചിത്രമാണ്. എന്താണ് കേരള സ്റ്റോറി? അതൊരു വളച്ചൊടിക്കപ്പെട്ട ചിത്രമാണ്,'' മമത പറഞ്ഞു. നാളെ അവര്‍ ബംഗാള്‍ ഫയൽസുമായി എത്തുമെന്നും 'സിനിമയിലൂടെ വര്‍ഗീയത വളര്‍ത്താനുള്ള' ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവർ.

'വളച്ചൊടിച്ച കഥ'; ദ കേരള സ്റ്റോറി നിരോധിച്ച് ബംഗാൾ
സ്വീകാര്യതക്കുറവ്, ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യത; 'ദ കേരള സ്റ്റോറി' പ്രദർശനം റദ്ദാക്കി തമിഴ്നാട്

ക്രമസമാധാന പ്രശ്‌നങ്ങളും പ്രേക്ഷകരുടെ കുറവും കാരണം 'ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനം തമിഴ്‌നാട് മൾട്ടിപ്ലക്സ് അസോസിയേഷൻ ഒഴിവാക്കിയിരുന്നു. അതേ സമയം പ്രേഷകര്‍ക്ക് അവബോധം നല്‍കുന്ന ചിത്രമാണിതെന്ന കാരണം ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സര്‍ക്കാര്‍ ചിത്രത്തെ നികുതി രഹിതമാക്കിയിരുന്നു.

'വളച്ചൊടിച്ച കഥ'; ദ കേരള സ്റ്റോറി നിരോധിച്ച് ബംഗാൾ
"പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതിൽ"; ഇതാണ് 'കേരള സ്റ്റോറി' എന്ന് റസൂൽ പൂക്കുട്ടി

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പോട്ടുവച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ കേരളത്തിലും ഉയര്‍ന്നിരുന്നു.

ചിത്രത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ എന്നിവരും ട്രെയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ, തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് 'കേരള സ്റ്റോറി'യെന്ന ചിത്രമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇതിനു പിന്നാലെ, ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരാണെന്ന് വാർത്താപ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂരും പ്രസ്താവന നടത്തി.

logo
The Fourth
www.thefourthnews.in