പോളിങ് ബൂത്തിൽ ബോംബാക്രമണം; വ്യാപക സംഘർഷത്തിനിടെ പശ്ചിമ ബംഗാളിൽ തദ്ദേശ വോട്ടെടുപ്പ്
പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിലും വ്യാപക ആക്രമണം. സംസ്ഥാനത്തെ പോളിങ് ബൂത്തുകളിൽ പലയിടത്തും പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയാണ്. ചിലയിടത്ത് ബോംബാക്രമണം വരെ ഉണ്ടായി. മൂന്ന് പാർട്ടി പ്രവർത്തകർ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ് കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ബൂത്തുകളിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ കേന്ദ്രസേന ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്താകെ ഒരുക്കിയിരിക്കുന്നത്. എന്നാൽ അവർക്കും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് പലയിടത്തും ഉണ്ടാകുന്നത്. സൗത്ത് 24 പർഗാനാസിലെ ഭാംഗറിൽ തൃണമൂൽ, ഐഎസ്എഫ് (ഇന്ത്യൻ സെക്കുലർ ഫ്രന്റ്) പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവയ്പിൽ രണ്ട് ഐഎസ്എഫ് പ്രവർത്തകർക്ക് പരുക്കേറ്റു.
മാൾഡയിൽ ഭരണകക്ഷിയും കോൺഗ്രസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ടിഎംസി പ്രവർത്തകൻ കൊല്ലപ്പെട്ടു. പ്രദേശത്ത് ബോംബാക്രമണം തുടരുകയാണ്. കൂടാതെ ജൽപായിഗുഡിയിൽ കേന്ദ്ര സേനയുടെ സാന്നിധ്യത്തിൽ ടിഎംസി പ്രവർത്തകനെ ബിജെപി പ്രവർത്തകർ മർദിച്ചതായും ആരോപണമുണ്ട്.
22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും ഉൾപ്പെടെ ഏകദേശം 928 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനത്തോളം പേർ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പിൽ ഏകദേശം 5.67 കോടി വോട്ടർമാരാണ് തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കുക. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ട് തന്നെ ഓരോ പാർട്ടികളുടെയും പ്രോഗ്രസ് റിപ്പോർട്ട് കൂടിയായിരിക്കും ഈ ഫലം. ജൂലൈ പതിനൊന്നിനാണ് വോട്ടെണ്ണൽ.
2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) എതിരില്ലാതെ നേടിയത് 34% സീറ്റുകളായിരുന്നു
അക്രമസംഭവങ്ങൾ പതിവായ രാഷ്ട്രീയ സാഹചര്യമാണ് പശ്ചിമ ബംഗാളിലേത്. ജൂൺ എട്ടിനാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചത്. തുടർന്നുണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് 18 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വലിയ അക്രമങ്ങൾ ഉണ്ടായതോടെ ബിജെപിയും കോൺഗ്രസും ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വോട്ടെടുപ്പിന് മേൽനോട്ടം വഹിക്കാൻ 70,000 സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെയും 822 കമ്പനികളിൽ നിന്നുള്ള കേന്ദ്രസേനയും വിന്യസിക്കുകയായിരുന്നു. ഇതിനെയെതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) എതിരില്ലാതെ നേടിയത് 34% സീറ്റുകളായിരുന്നു. അക്രമങ്ങളെ തുടർന്ന് പലർക്കും നോമിനേഷന്‍ കൊടുക്കാന്‍ പോലും അന്ന് കഴിഞ്ഞിരുന്നില്ല.