കർണാടകയിൽ സംവരണ പട്ടിക പുനഃക്രമീകരിച്ചതിലൂടെ ബൊമ്മെ സർക്കാർ ലക്ഷ്യമിട്ടതെന്ത്?
ഒബിസി ക്വോട്ടയിൽ നിന്ന് മുസ്ലീങ്ങളെ വെട്ടിമാറ്റിയും സംവരണത്തിനുള്ളിൽ സംവരണം കൊണ്ടുവന്ന് പട്ടികജാതി വിഭാഗത്തിനോട് വിവേചനം കാട്ടിയും വോട്ടുബാങ്ക് സംരക്ഷിച്ച് നീങ്ങുകയാണ് കർണാടകയിൽ ബിജെപി. ബിജെപിയുടെ വോട്ടുബാങ്കല്ലാത്തവരോടൊക്കെ ഭരണഘടനാവിരുദ്ധമായി പെരുമാറിയിരിക്കുകയാണ് ബൊമ്മെ സർക്കാർ .15% വരുന്ന ഒബിസി പട്ടികയിൽ മുസ്ലീങ്ങൾക്കുള്ള 4% സംവരണം റദ്ദാക്കി അവരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ 10% സംവരണം ലഭിക്കുമെങ്കിലും സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിച്ചു സംവരണം ഉറപ്പാക്കേണ്ട സാഹചര്യം വന്നുചേരുകയാണ്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് ബിജെപിയുടെ വാദം. 17% സംവരണമുണ്ടായിരുന്ന പട്ടിക ജാതി വിഭാഗത്തെ അഞ്ചായി പിരിച്ചാണ് ബൊമ്മെ സർക്കാർ സംവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സംവരണത്തിൽ ചതി തിരിച്ചറിഞ്ഞ ലംബാനി, ബഞ്ചാര സമുദായക്കാർ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലാണ്.