എന്താണ് ഇലക്ട്രോണിക് ഇന്റർലോക്കിങ്, ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയതെങ്ങനെ?

എന്താണ് ഇലക്ട്രോണിക് ഇന്റർലോക്കിങ്, ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയതെങ്ങനെ?

ഇലക്ട്രോണിക് ഇന്റർലോക്കിങിലെ ഒരു മാറ്റം പോലും തെറ്റായ സിഗ്നലിങ്ങിലേക്കോ തെറ്റായ റൂട്ടിങ്ങിലേക്കോ നയിച്ചേക്കാം
Updated on
2 min read

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ മാറ്റമാണെന്ന സൂചനയാണ് റെയില്‍വെ നൽകുന്നത്. പോയിന്റ് സംവിധാനത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ടിലും പറയുന്നുണ്ട്. ഇലക്‌ട്രോണിക് ഇന്റർലോക്ക് സംവിധാനം ശക്തമാണെങ്കിലും അതിൽ കൃത്രിമം നടന്നതാകാനാണ് സാധ്യതയെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പറഞ്ഞു. ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ മൊഴി. സുരക്ഷാ കമ്മീഷണറുടെ വിശദമായ റിപ്പോര്‍ട്ടിനായി റെയിൽവെ കാത്തിരിക്കുകയാണ്.

എന്താണ് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം

റെയിൽവേ സിഗ്നലിങ്ങിന്റെ അവിഭാജ്യ ഘടകമാണ് ഇന്റർലോക്കിങ്. റിലേ ഇന്റര്‍ലോക്കിങ് സിസ്റ്റത്തിന് ബദലായി കൊണ്ടുവന്ന സംവിധാനമാണിത്. മുന്നിലുള്ള റൂട്ട് വ്യക്തമാകുമ്പോൾ മാത്രം സിഗ്നലുകൾ ക്ലിയർ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ട്രെയിൻ കൂട്ടിയിടികൾ തടയുന്നതിനാണ് ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാര്‍ഡുകളെ കൃത്യമായി അളക്കാനും, പാനല്‍ ഇന്‍പുട്ടുകള്‍ക്കുമായിട്ടാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. അതായത് ട്രെയിൻ കടന്നുപോകുന്നതിനുമുൻപ് പോയിന്റുകൾ - ഒരു ട്രാക്കിൽ നിന്ന് മറ്റൊന്നിലേക്ക് ദിശ മാറ്റാൻ ട്രെയിനുകളെ അനുവദിക്കുന്ന ട്രാക്കിന്റെ ചലിക്കുന്ന ഭാഗങ്ങൾ - ശരിയായി വിന്യസിക്കുകയും ശരിയായ സ്ഥാനത്ത് ലോക്ക് ചെയ്യുകയും ചെയ്യുന്നുവെന്ന് ഇന്റർലോക്കിങ് സിസ്റ്റം ഉറപ്പാക്കുന്നു.

ഇലക്ട്രോണിക് ഇന്റർലോക്കിങ് ഉപയോഗിക്കുന്നതിലൂടെ, അപകടങ്ങളും കൂട്ടിയിടികളും ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുന്നു. ഇത് റെയിൽവെ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നു. എന്നിട്ടും അപകടമുണ്ടായത് അത് വിനിയോ​ഗിക്കുന്നതിലെ അപാകതയാണെന്നാണ് വിലയിരുത്തൽ.

എന്താണ് ഇലക്ട്രോണിക് ഇന്റർലോക്കിങ്, ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയതെങ്ങനെ?
ട്രെയിൻ മുന്നോട്ടെടുത്തത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; സിഗ്നൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി

ഇലക്ട്രോ-മെക്കാനിക്കല്‍ അല്ലെങ്കില്‍ കണ്‍വെന്‍ഷണല്‍ പാനല്‍ ഇന്റര്‍ലോക്കിങ്ങിനേക്കാള്‍ സൗകര്യ പ്രദമായ രീതിയാണ് ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് നല്‍കുന്നത്. സോഫ്റ്റ്വെയറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വയറിങിൽ മാറ്റം വരുത്താതെ സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത.

ഒഡീഷ ട്രെയിൻ അപകടത്തിൽ പാളം തെറ്റിയതെങ്ങനെ?

ഇലക്ട്രോണിക് ഇന്റർലോക്കിങിലെ ഒരു മാറ്റം പോലും തെറ്റായ സിഗ്നലിങ്ങിലേക്കോ തെറ്റായ റൂട്ടിങ്ങിലേക്കോ നയിച്ചേക്കാം. അതാണ് കോറമണ്ഡൽ എക്സ്പ്രസ് മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാൻ കാരണമായത്. മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്ന ട്രെയിൻ ലൂപ്പ് ലൈൻ അല്ലെങ്കിൽ സൈഡ് ട്രാക്കിലേക്ക് കയറി അവിടെ നി‍ർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ചു. റെയിൽവേ സുരക്ഷാ കമ്മീഷണർ വിശദമായ സാങ്കേതിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. സിഗ്നലിങ് ഗിയറിന്റെ അറ്റകുറ്റപ്പണി / പരിപാലനം നടത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് റെയിൽവേ വക്താവ് പറഞ്ഞു.

ഇലക്ട്രോണിക് ഇന്റർലോക്കിങ് സിസ്റ്റം തകരാറിലാകുമോ?

ഇലക്ട്രോണിക് ഇന്റർലോക്ക് സിസ്റ്റം തകരാറിലായേക്കാം. സാധാരണയായി സിസ്റ്റത്തിൽ ഒരു തകരാർ സംഭവിക്കുമ്പോൾ സിഗ്നൽ ചുവപ്പായി മാറുന്നു. സെൻസറുകൾ കേടാകുക, മാനുഷിക പിഴവ്, അറ്റകുറ്റപ്പണി സമയത്ത് തെറ്റായ റീവയർ ചെയ്യൽ എന്നിങ്ങനെയുള്ള ചില കാരണങ്ങളാൽ ഇന്റർലോക്കിങ് സിസ്റ്റം തകരാറിലാകുമെന്നാണ് സിഗ്നലിങ് വിദഗ്ധർ പറയുന്നത്. ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ വന്ന മാറ്റത്തിന് പിന്നിലെ പ്രധാന കാരണം മനുഷ്യന്റെ പിഴവാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

എന്താണ് ഇലക്ട്രോണിക് ഇന്റർലോക്കിങ്, ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയതെങ്ങനെ?
'ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ മാറ്റം', ബാലസോർ അപകട കാരണം തിരിച്ചറിഞ്ഞെന്ന് റെയില്‍വേ മന്ത്രി
logo
The Fourth
www.thefourthnews.in