വിണ്ടുകീറുന്ന ജോഷിമഠ്; ഹിമാലയന്‍ താഴ്‌വരയില്‍ സംഭവിക്കുന്നതെന്ത്?
ഭൂമിയും കെട്ടിടങ്ങളും വിണ്ടുകീറുകയും മണ്ണിടിയുകയും ചെയ്യുന്ന പ്രതിഭാസം. ഉത്തരാഖണ്ഡിലെ ജോഷിമഠ് കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞത് ഈ സംഭവങ്ങളുടെ പേരിലായിരുന്നു. ഹിമാലയന്‍ നഗരത്തിലെ ഈ പ്രതിഭാസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും ആശങ്കയിലാഴ്ത്തി കഴിഞ്ഞു. കേന്ദ്ര സർക്കാരും അനുബന്ധ വകുപ്പുകളും ചേർന്ന് ഭൂമി ഇടിഞ്ഞുതാഴൽ പ്രതിഭാസത്തെ മറികടക്കാനുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
ജോഷിമഠിലെ റോഡുകളിലും വീടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത് ഒരു പുതിയ പ്രതിഭാസമല്ല. വർഷങ്ങളായി പട്ടണത്തിലും പരിസരത്തും ഇത്തരം വിള്ളലുകൾ ഉണ്ടാവുന്നുണ്ടെങ്കിലും ഇത്തവണ, അത് ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതാണ്. വിദഗ്ധർ നിരവധി തവണ നൽകിയ മുന്നറിയിപ്പുകൾ സർക്കാരുകൾ അവഗണിച്ചതാണ് ജോഷിമഠിലും സമീപപ്രദേശങ്ങളിലും ഭൂമി തകർച്ചമൂലമുണ്ടായ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആസൂത്രിതമല്ലാത്ത നിർമാണപ്രവർത്തനങ്ങൾ, ജനസംഖ്യാ നിരക്കിലെ വർധനവ്, ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തൽ, ജലവൈദ്യുത പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇന്നത്തെ സാഹചര്യത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
എന്താണ് യഥാർത്ഥത്തിൽ ജോഷിമഠിൽ സംഭവിക്കുന്നത് ?
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണിത്. ബദരീനാഥ്, ഔലി, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഒരു രാത്രി വിശ്രമ കേന്ദ്രമാകുന്ന ഈ നഗരം വിനോദസഞ്ചാരത്തിന് കൂടി പേരുകേട്ടതാണ്. സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍ പ്രകാരം നഗരത്തിൽ ഏകദേശം 3800 വീടുകളും 400 വാണിജ്യ കെട്ടിടങ്ങളും ഉണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 195 വീടുകളും നിർമിച്ചു.
കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ഞായറാഴ്ച വരെ, 68 കുടുംബങ്ങളെ താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 90 ഓളം പേരെ പ്രദേശത്ത് നിന്ന് ഉടൻ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
ബദരീനാഥ്, ഔലി, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഒരു രാത്രി വിശ്രമ കേന്ദ്രമാകുന്ന ജോഷിമഠ് വിനോദസഞ്ചാരത്തിന് കൂടി പേരുകേട്ടതാണ്.
നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (എൻഓഎഎ) പ്രകാരം ഭൂഗർഭ വസ്തുക്കളുടെ ചലനം കാരണം ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസമാണ് ജോഷിമഠ് നഗരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനിർമ്മിതമോ പ്രകൃതിദത്തമോ ആയ നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം. ഖനന പ്രവർത്തനങ്ങളോടൊപ്പം വെള്ളം, എണ്ണ, എന്നിവയോ അല്ലെങ്കിൽ മറ്റ് പ്രകൃതിവിഭവങ്ങളോ നീക്കം ചെയ്യുന്നത് ഇതിനൊരു കാരണമാവാം. ഭൂകമ്പങ്ങൾ, മണ്ണൊലിപ്പ്, മണ്ണ് ചുരുങ്ങൽ പോലുള്ള പ്രതിഭാസങ്ങളും ഇതിന് കാരണം ആകാവുന്നതാണ്. വലിയ വിസ്തൃതിയിലുള്ള പ്രദേശങ്ങളിലും വളരെ ചെറിയ ഭാഗങ്ങളിലും ഇത് സംഭവിക്കാം.
ജോഷിമഠിൽ ഭൂമി ഇടിയുന്നതിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതം
ജോഷിമഠിൽ ഭൂമി ഇടിയുന്നതിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കാരണത്തെ കുറിച്ച് സൂചനകൾ മാത്രമാണ് ഇപ്പോൾ ശാസ്ത്രജ്ഞർക്ക് പറയാൻ സാധിക്കുന്നത്. ആസൂത്രിതമല്ലാത്ത നിർമ്മാണം, അമിത ജനസംഖ്യ, ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തൽ , ജലവൈദ്യുത പ്രവർത്തനങ്ങൾ എന്നിവ കാരണം ഈ പ്രതിഭാസം രൂപപ്പെട്ടിരിക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ , ജോഷിമഠ് ഒരു ഭൂകമ്പ മേഖലയാണ്. നിരവധി ഭൂകമ്പങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹിമാലയൻ ഭൂകമ്പങ്ങളിൽ രൂപപ്പെട്ട പ്രദേശമായതിനാൽ ഭൂമിക്ക് പൊതുവേ ഉറപ്പ് കുറവാണ്.
1976 മുതൽ മുന്നറിയിപ്പ്
50 വർഷം മുൻപ് 1976-ൽ, നഗരത്തിലെ ചില കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നതിന്റെ കാരണം അന്വേഷിക്കാൻ ഗർവാൾ കമ്മീഷണർ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 18 അംഗ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ജോഷിമഠ് പഴയ ഉരുൾപൊട്ടൽ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും വികസനം തടസമില്ലാതെ തുടർന്നാൽ നഗരം മുങ്ങിപ്പോകുമെന്നും വ്യക്തമായി പറയുന്നുണ്ട്. ജോഷിമഠിൽ നിർമാണം നിരോധിക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.
ഭൂമിശാസ്ത്രപരമായി ജോഷിമഠ് ബലക്കുറവുള്ള മണ്ണാണ്. പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, ചരിവുകളിൽ കൃഷി, മരം മുറിയ്ക്കൽ എന്നിവയ്ക്ക് നിയന്ത്രണങ്ങളും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, മണലും കല്ലും നിറഞ്ഞ സ്ഥലമായതിനാൽ ജോഷിമഠ് ടൗൺഷിപ്പിന് അനുയോജ്യമായ സ്ഥലമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശരിയായ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവവും മണ്ണിടിച്ചിലിന് കാരണമാകുന്നു. ആസൂത്രിതമല്ലാത്തതും അനധികൃതവുമായ നിർമാണം ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നതിന് കാരണമായെന്നും ഇത് ഇടയ്ക്കിടെ മണ്ണിടിച്ചിലിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
മണ്ണിന്റെ ഭാരം താങ്ങാനുള്ള ശേഷി പരിശോധിച്ച ശേഷം മാത്രമേ കനത്ത നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്ത് അനുവദിക്കാവൂ എന്ന് പരിഹാര നടപടികൾ നിർദേശിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും കുന്നിൻചെരിവ് ഇടിക്കുകയോ പാറ പൊട്ടിക്കാനോ പാടില്ല. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുന്നിൻചെരിവിൽ നിന്ന് കല്ലുകളും പാറക്കല്ലുകളും നീക്കം ചെയ്യരുതെന്നും അത് ഭൂമിയുടെ താങ്ങ് നഷ്‌ടപ്പെടാൻ ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മണ്ണിന്റെ ഭാരം താങ്ങാനുള്ള ശേഷി പരിശോധിച്ച ശേഷം മാത്രമേ കനത്ത നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്ത് അനുവദിക്കാവൂ എന്ന് പരിഹാര നടപടികൾ നിർദേശിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു.
എന്നാൽ ഇക്കാര്യങ്ങൾ ഗൗരവത്തിൽ എടുക്കാത്തത് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് വഴിവെച്ചു എന്നാണ് വിലയുരത്തപ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവിടത്തെ ഭൂമിയെ കൂടുതല്‍ അസ്ഥിരമാക്കി. എൻടിപിസിയുടെ തപോവൻ - വിഷ്ണുഗഢ് താപനിലയവുമായി ബന്ധപ്പെട്ട ടണൽ നിർമാണമാണ് ജോഷിമഠിന്റെ നാശം പൂർണമാക്കുന്നതെന്ന് ആക്ഷേപമുണ്ട്. വികസനത്തിന്റെ മറവിൽ നടക്കുന്ന പരിസ്ഥിതി നശീകരണത്തിൽ രോഷാകുലരായ ജനങ്ങൾ സമരപാതയിലാണ്. ജോഷിമഠിലെ പ്രകൃതിദുരന്തം മറ്റിടങ്ങളിലുള്ളവർക്കും വലിയ പാഠമാണ് നൽകുന്നത്.