ടണല്‍ ദൗത്യം പ്രതിസന്ധിയില്‍; കുത്തനെ തുരക്കാന്‍ ശ്രമം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയെന്ത്?

ടണല്‍ ദൗത്യം പ്രതിസന്ധിയില്‍; കുത്തനെ തുരക്കാന്‍ ശ്രമം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയെന്ത്?

സൈനികരായിരിക്കും പൈപ്പിനുള്ളില്‍ പ്രവേശിച്ച് ഇരുമ്പു കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുക
Updated on
2 min read

ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പ്രതിസന്ധി ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഓഗര്‍ മെഷീന്റെ ബ്ലേഡ് ഇരുമ്പ് പൈപ്പില്‍ കുടുങ്ങിയതോടെ, ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. യന്ത്രം ഉപയോഗിച്ചുള്ള തുരക്കല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ, നേരിട്ടുള്ള ഡ്രില്ലിങ് നടത്തുകയാണ് നിലവില്‍.

ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കും എന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ പതിനാല് മീറ്റര്‍ നീളം മാത്രം ബാക്കിനില്‍ക്കെയാണ് രക്ഷാദൗത്യം പ്രതിസന്ധിയിലായത്. രക്ഷാദൗത്യത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സൈനികരായിരിക്കും പൈപ്പിനുള്ളില്‍ പ്രവേശിച്ച് ഇരുമ്പു കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുക.

ഓഗര്‍ മെഷീന് സംഭവിച്ചതെന്ത്?

ഡ്രില്ലിങ് മെഷീന്റെ ഓഗര്‍ ജോയിന്റ് റെസ്‌ക്യു പൈപ്പുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തിരശ്ചീനമായി ഡ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ മെഷീന്‍, ഉപരിതലത്തില്‍ പ്രകമ്പനമുണ്ടാക്കാതെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഡ്രില്ലിങ് മെഷീനാണ്.

പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങിയ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ ഹൈദരാബാദില്‍ നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. മെഷീന്‍ ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ചു നീക്കിയാല്‍ പൈപ്പിനകത്ത് ആളുകള്‍ കയറി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യും.

ടണല്‍ ദൗത്യം പ്രതിസന്ധിയില്‍; കുത്തനെ തുരക്കാന്‍ ശ്രമം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയെന്ത്?
'അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ'; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍

ടണല്‍ ആരംഭിക്കുന്ന സ്ഥലത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓഗര്‍ മെഷീന്‍ എത്തിച്ച് തുരക്കാന്‍ തീരൂമാനമെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പാത സൃഷ്ടിക്കാന്‍ ഓഗര്‍ മെഷീന് കഴിയുമെന്ന കണക്കുകൂട്ടല്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്.

ഡ്രില്‍ ചെയ്തുണ്ടാക്കുന്ന പാതയില്‍ 900 മില്ലീമീറ്റര്‍ വീതിയുള്ള സ്റ്റീല്‍ പൈപ്പുകളും ഓഗര്‍ മെഷീനൊപ്പം കടത്തിവിട്ടു. ഡ്രില്ലിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ പൈപ്പിലൂടെ ഓഗര്‍ മെഷീന്‍ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. അമേരിക്കയില്‍ നിന്നെത്തിച്ച തിരശ്ചീനമായി ഡ്രില്‍ ചെയ്യാന്‍ സാധിക്കുന്ന ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ 60-1200 ഓഗര്‍ മെഷീന്‍ ആണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. മെഷീന്റെ ഡ്രില്‍ ചെയ്യാനുള്ള കപ്പാസിറ്റിയെ സൂചിപ്പിക്കുന്നതാണ് 60-1200 എന്ന നമ്പര്‍.

ടണല്‍ ദൗത്യം പ്രതിസന്ധിയില്‍; കുത്തനെ തുരക്കാന്‍ ശ്രമം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയെന്ത്?
സില്‍ക്യാരയിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ രക്ഷാപ്രവർത്തകർ; തൊഴിലാളികളുടെ ദുരിതം പതിനഞ്ചാം ദിവസത്തില്‍

നേരത്തെയും ഓഗര്‍ മെഷീന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30-ഓടെ വീണ്ടും ഡ്രില്ലിങ് ആരംഭിച്ചു. 45 മീറ്ററോളം തുരന്നതിന് ശേഷം പത്താമത്തെ പൈപ്പ് കടത്തിവിടാനുളള ശ്രമം നടക്കുന്നതിനിടെ മെഷീന്‍ കുടുങ്ങുകയായിരുന്നു. ഡ്രില്ലിങ് നിര്‍ത്തിവെച്ച് പൈപ്പിനുള്ളില്‍ ആളെയിറക്കി എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു. മെഷീന്‍ പതിനഞ്ച് മീറ്ററോളം പിന്നോട്ട് വലിക്കാന്‍ സാധിച്ചെങ്കിലും പെട്ടെന്ന് ഡ്രില്ലിങ് മെഷീന്റെ ഓഗര്‍ ജോയിന്റ് പൊട്ടുകയായിരുന്നു.

ഓഗര്‍ മെഷീന്റെ 32 മീറ്റര്‍ നീളമുള്ള ഭാഗം പൈപ്പിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. 800 മില്ലീ മീറ്റര്‍ വീതിയുള്ള പൈപ്പില്‍ ഇറങ്ങി ഇത് നീക്കം ചെയ്യണം. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് മെഷീന്റെ 20 മീറ്റര്‍ എങ്കിലും കട്ട് ചെയ്ത് നീക്കിയാല്‍ മാത്രമേ, മെഷീന്‍ പുറത്തെത്തിക്കാന്‍ പറ്റുന്ന സ്ഥിയിലേക്ക് എത്തുള്ളു. ഈ പ്രതികൂല സാഹചര്യം നേരിടാനാണ് സൈന്യത്തിന്റെ സഹായം തേടിയിരിക്കുന്നത്. കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും വൈകുമെന്നാണ് നിലവിലെ അവസ്ഥകള്‍ സൂചിപ്പിക്കുന്നത്.

ടണല്‍ ദൗത്യം പ്രതിസന്ധിയില്‍; കുത്തനെ തുരക്കാന്‍ ശ്രമം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയെന്ത്?
രക്ഷപ്പെടാനുള്ള വഴികൾ നിർമിച്ചില്ല; ഉത്തരാഖണ്ഡിലെ തുരങ്ക നിർമാണത്തിൽ ഗുരുതരവീഴ്ച?

മുകളില്‍ നിന്ന് തുരക്കാന്‍ ശ്രമം

തൊഴിലാളികളെ പുറത്തെത്തിക്കാന്‍ മറ്റ് വഴികളും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. ടണലിന് മുകളില്‍ നിന്ന് തുരക്കല്‍ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെ ഡ്രില്ലിങ് മെഷീന്‍ മലമുകളില്‍ എത്തിച്ച് ഇവിടെനിന്ന് പുതുതായി ഒരു തുരങ്കം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

എന്നാല്‍, ഇത് വെല്ലുവിളി നിറഞ്ഞതാണ്. മണ്ണിന്റെ ബലക്കുറവ് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കും. ശനിയാഴ്ച രാത്രിയോടെയാണ് വെര്‍ട്ടിക്കൽ ഡ്രില്ലിങ് മെഷീന്‍ സില്‍ക്യാരയില്‍ എത്തിച്ചത്. ഞായറാഴ്ച രാവിലെയോടെ തുരക്കല്‍ ആരംഭിച്ചു.

അതേസമയം, 15 സെന്റീമീറ്റര്‍ പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് അരിയും പയറും നല്‍കുന്നുണ്ട്. മറ്റൊരു പൈപ്പിലൂടെ ഓക്സിജനും വിതരണം ചെയ്യുന്നു. തൊഴിലാളികളുടെ ആരോഗ്യം വിശകലനം ചെയ്യുന്നതിനായി മാനസികാരോഗ്യ വിദഗ്ധരടക്കമുള്ള ഡോക്ടര്‍മാര്‍ തുരങ്കത്തിന് പുറത്തുണ്ട്.

തൊഴിലാളികള്‍ക്ക് ആറ് ഇഞ്ച് പൈപ്പ് വഴി മൊബൈല്‍ ഫോണുകളും നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എലും അറിയിച്ചു. ഈ മാസം 12 നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.

logo
The Fourth
www.thefourthnews.in