എന്താണ് പ്രാണപ്രതിഷ്ഠ ചടങ്ങ്? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ
അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് നിമിഷങ്ങൾ മാത്രം ബാക്കി. ഹിന്ദു, ജൈന മതവിശ്വാസികൾക്കിടയിലെ ആചാരമാണ് പ്രാണപ്രതിഷ്ഠ. വിവിധ പരിപാടികളും പൂജകളും ഉൾപ്പെടെ മണിക്കൂറുകൾ എടുത്ത് നടത്തുന്ന ചടങ്ങിൽ 84 സെക്കൻഡ് മാത്രമാണ് പ്രാണപ്രതിഷ്ഠയ്ക്കുള്ള മുഹൂർത്തം.
ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് ശ്രീരാമൻ ജനിച്ചതെന്നാണ് ഹിന്ദുവിശ്വാസം. ഇതിനാലാണ് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞുള്ള സമയം പ്രാണപ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തത്. അമ്പലത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്റെ മിഴികൾ തുറക്കുന്ന ചടങ്ങുകൂടിയാണ് ഇത്. മന്ത്രങ്ങളും പൂജകൾക്കും ശേഷം വിഗ്രഹത്തിന്റെ മിഴികൾ തുറക്കുകയും ഇതിൽ ആരാധനമൂർത്തിയുടെ ചൈതന്യം ആവാഹിക്കുമെന്നുമാണ് വിശ്വാസം.
മന്ത്രങ്ങൾ ജപിച്ചും ആ വിഗ്രഹത്തെ അഭിഷേകം ചെയ്തുമാണ് ചടങ്ങ് നടക്കുന്നത്. 22 ന് ഉച്ചയ്ക്ക് 12 മണികഴിഞ്ഞ് 29 മിനുറ്റ് 8 സെക്കൻഡിനും 30 മിനുറ്റ് 32 സെക്കൻഡിനും ഇടയിലാണ് പ്രാണപ്രതിഷ്ഠാ മുഹൂർത്തം. പൗഷ ശുക്ല ദ്വാദശി ദിവസമാണ് ഇത്. ജനുവരി 23 മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുക.
പരമ്പരാഗത നാഗര ശൈലിയിലാണ് രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്, കിഴക്കേ ഇന്ത്യ മുതൽ പടിഞ്ഞാറേ ഇന്ത്യവരെയുള്ള സ്ഥലങ്ങളിൽ ബംഗാൾ ഒഴികെയുള്ള ഇടങ്ങളിൽ ക്ഷേത്രം നിർമിക്കുന്ന രീതിയാണ് നാഗര ശൈലി. അഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായ വാസ്തുവിദ്യാശൈലിയാണിത്.
380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് രാമമന്ദിരത്തിന് ഉള്ളത്. 392 തൂണുകളുള്ള ക്ഷേത്രത്തിൽ 44 വാതിലുകളുമുണ്ട്. ക്ഷേത്രത്തിന്റെ തൂണുകളും ചുവരുകളും ഹിന്ദു ദൈവങ്ങളുടെയും ചിഹ്നങ്ങളുടെയും കൊത്തുപണികളാൽ സമൃദ്ധമാണ്. ക്ഷേത്രത്തിന്റെ താഴത്തെ നിലയിലെ പ്രധാന ശ്രീകോവിലിൽ ആണ് രാം ലല്ല അഥവാ കുട്ടിയായ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുള്ളത്.
300 കോടി വർഷം പഴക്കമുള്ള പാറയിലാണ് രാമവിഗ്രഹം കൊത്തിയുണ്ടാക്കിയതെന്ന് ജിയോളിജിസ്റ്റുകൾ പറയുന്നു. മൈസൂർ ജില്ലയിലെ ഗുഗ്ഗെഗൗഡനപുരയിലെ ക്വാറിയിൽ നിന്നാണ് വിഗ്രഹത്തിനുള്ള പാറ തിരഞ്ഞെടുത്തത്. മൈസൂരിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം നിർമിച്ചത്.
ജനുവരി 22 രാവിലെ 10ന് മംഗൾ ധ്വനി എന്ന സംഗീത പരിപാടിയോടെയാണ് രാമക്ഷേത്രം പ്രണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ആരംഭിക്കുക. ഉച്ചയ്ക്ക് 12:20 ന് ആരംഭിക്കുന്ന ''പ്രാണ പ്രതിഷ്ഠ'' ചടങ്ങ് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കും. ചടങ്ങിനുശേഷം പരിപാടിയിൽ പങ്കെടുത്ത ആളുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.