മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിധിയെഴുതുമ്പോള്‍
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ വര്‍ഷം. 2023 ഇത്തരത്തിലാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് ഈ വര്‍ഷം ജനവിധിയെഴുതുന്ന ആദ്യ സംസ്ഥാനങ്ങള്‍. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഏറെ നിര്‍ണായകമാണ് ഈ സംസ്ഥാനങ്ങളിലെ ജനവിധി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് വിജയവഴിയില്‍ തുടരാന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സഹായകരമാകുമോ?
പ്രദേശിക രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമോ?, ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ആദ്യ ഉത്തരം കൂടിയാകും തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
ഈ മാസം 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടന്നത്. 27 ന് മേഘാലയയിലും നാഗാലാന്റും വിധിയെഴുതും. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. നിലവില്‍ ത്രിപുരയില്‍ ബിജെപിയും, നാഗാലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടിയുമാണ് അധികാരത്തിലുള്ളത്. മേഘാലയയില്‍ അധികാരത്തിലിരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മാത്രമാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ദേശീയ പാര്‍ട്ടി എന്ന അംഗീകാരം ഉള്ള രാഷ്ട്രീയ കക്ഷി.
മേഘാലയിലെ ചതുര്‍മുഖ പോരാട്ടം
2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 21 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായെങ്കിലും 20 സീറ്റുകള്‍ നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് പ്രദേശിക പാര്‍ട്ടികളുടേയും ബിജെപിയുടേയും പിന്തുണയോടെ ഭരണത്തിലേറിയത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നേടാന്‍ കോണ്‍ഗ്രസിനു സാധിക്കാതെ വരുന്ന സാഹചര്യം ഇത് ആദ്യമായല്ല. എന്‍പിപി മേധാവിയും മേഘാലയയിലെ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയാണ് ആറ് കക്ഷികളുള്ള ഡെമോക്രാറ്റിക്ക് സഖ്യത്തിന്റെ അമരക്കാരന്‍. രണ്ട് ബിജെപി എം എല്‍ എമാരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അതേസമയം, ഇത്തവണ ഒറ്റ കക്ഷിയായാണ് എന്‍പിപി ജനവിധി തേടുന്നത്.
മേഘാലയ രാഷ്ട്രീയത്തില്‍ തുടങ്ങിയ എന്‍പിപിയുടെ ദേശീയ പാര്‍ട്ടി എന്ന പട്ടം സ്വീകരിച്ചതോടെ കരുത്തു നേടിയതാകണം ഈ ആത്മവിശ്വാസത്തിനു പിറകിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ . അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ 4 സീറ്റുകളും മണിപ്പൂരില്‍ 7 സീറ്റുകളും നേടാന്‍ എന്‍പിപിക്ക് സാധിച്ചിട്ടുണ്ട് .
സംസ്ഥാനത്ത് ഇത്തവണയും ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ എം എല്‍എ മാര്‍ പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക് ചേക്കേറിയതാണ് ചെറിയതെങ്കിലും പ്രതീക്ഷയേകുന്ന വിഷയം. കഴിഞ്ഞ തവണയും മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും ഒറ്റ സീറ്റുപോലും നേടാന്‍ ടിഎംസിക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ നാല് പാര്‍ട്ടികളാണ് മേഘാലയയില്‍ മാറ്റുരക്കാനിറങ്ങുന്നത്. സീറ്റുറപ്പിക്കാന്‍ എന്‍പിപിയും കോണ്‍ഗ്രസും ബിജെപിയും തൃണമൂലും വാശിയേറിയ പ്രചാരണങ്ങളുമായി രംഗത്തുണ്ടായിരുന്നു.
ത്രിപുരയില്‍ മത്സരം കടുക്കും
ദീര്‍ഘകാലമായി ഇടത് പക്ഷം ഭരിച്ചുകൊണ്ടിരുന്ന ത്രിപുരയ രാഷ്ട്രീയ മാറ്റം സ്വീകരിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണ. ബിഎല്‍പിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയാണ് ഭൂരിപക്ഷം നേടിയായിരുന്നു 2018 ലെവിജയം. 60 സീറ്റുകളില്‍ 44 സീറ്റുകളാണ് എന്‍ഡി എ സ്വന്തമാക്കിയത്. അതില്‍ 35 സീറ്റുകള്‍ ബിജെപി നേടി. കാല്‍ നൂറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ന്ന ഭരണം അവസാനിപ്പിച്ചപ്പോള്‍ ഒരു സീറ്റുപോലും നേടാന്‍ പോലും കോണ്‍ഗ്രസിനു സാധിച്ചില്ല.
കാല്‍ നൂറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ന്ന ഭരണം അവസാനിപ്പിച്ചപ്പോള്‍ ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല
ഒരു കാലത്ത് ബദ്ധ ശത്രുക്കളായിരുന്ന കോണ്‍ഗ്രസും ഇടതു പക്ഷവും ഇക്കുറി ഒരുമിച്ചാണ് ത്രിപുരയില്‍ അണി നിരന്നത് . ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ക് കൗണ്‍സിലില്‍ വന്‍ വിജയം നേടിയ ടിപ്ര മോത്തയും ബിജെപിക്ക് വെല്ലുവിളിയായേക്കും. അതേസമയം ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ആദിവാസി സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് അവരേയും ഒപ്പം കൂട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
2019 ല്‍ കോണ്‍ഗ്രസ് വിട്ട് ദെബാര്‍മ്മ പുതിയ പാര്‍ട്ടി സ്ഥാപിച്ചിരുന്നു. 2021 ല്‍ ത്രിപുര ട്രൈബല്‍ പ്രദേശത്തെ ജില്ലാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷമായി ഭരണത്തില്‍ തുടര്‍ന്ന സിപിഎമ്മിനെ പിന്തള്ളി 28 ല്‍ 18 സീറ്റ് നേടാനായതും സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു . 2018 ല്‍ ബിജെപി നേടിയ വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നിര്‍ണായകമാകുന്ന നാഗാലന്‍ഡ് വിധി
ബിജെപി- എന്‍ഡിപി സഖ്യമാണ് നിലവില്‍ നാഗാലാന്‍ഡ് ഭരിക്കുന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് 60 സീറ്റുകളില്‍ 26 എണ്ണവും നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. 2018 നു മുന്‍പ് എന്‍പിഎഫുമായി തുടര്‍ന്ന കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിപിയുമായി ആരംഭിക്കുകയായിരുന്നു ബിജെപി. എന്‍ഡിപി 40 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലും മത്സരിച്ചു. ഫലം വന്നപ്പോള്‍ 58 സീറ്റില്‍ 27 സീറ്റുകള്‍ എന്‍ഡിപി ബിജെപി സഖ്യം നേടി.
അതേസമയം, നാഗാലന്‍ഡില്‍ ഒരു സീറ്റു പോലും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഒരു കാലത്ത് വ്യക്തമായ ആധിപത്യമുണ്ടായിട്ടും നാഗാലാന്‍ഡിലെ പരാജയം കോണ്‍ഗ്രസിനെ എന്താണ് പഠിപ്പിച്ചതെന്നതും ഇത്തവണക്കെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കും. റിയോയുടെ എന്‍ഡിപിയും ടി ആര്‍ സെലിങ്ങിന്റെ എന്‍പിഎഫും തമ്മിലാകും 2023 ലെ പ്രധാനപോരാട്ടം .
2018 ല്‍ നാഗാ സമാധാന ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെപിക്ക് ഇത്തവണ അടിപതറാന്‍ സാധ്യതയുണ്ട്. നാഗാലന്‍ഡില്‍ നടന്ന കൂട്ടക്കൊല ബിജെപിക്ക് തിരിച്ചടിയായേക്കുമോ എന്നതാണ് പ്രാധാന ചോദ്യം. 2021 ഡിസംബര്‍ നാലിനാണ് 15 നാട്ടുകാരെ സൈന്യം വെടിവെച്ചു കൊന്നത്. തീവ്രവാദികളാണെന്നു കരുതിയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. വലിയ പ്രതിഷേധങ്ങള്‍ ഉയരാന്‍ ഈ സംഭവം കാരണമായി.
എന്നാല്‍ സൈന്യത്തെ അനുകൂലിച്ചായിരുന്നു ബിജെപിയുടെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ സൈന്യത്തിന്റെ വാക്കുകളായിരുന്നു ആവര്‍ത്തിച്ചത് . ഈ സംഭവം ബിജെപിക്ക് വെല്ലുവിളിയായേക്കുമോ എന്നതും പ്രധാന ചോദ്യമാണ്.
2018 തിരഞ്ഞെടുപ്പില്‍ നാഗാ സമാധാന ചര്‍ച്ചകള്‍ ചൂണ്ടി ക്കാണിച്ചു നേരിട്ട ബി ജെപിക്ക് ഇത്തവണ അടിപതറുമോ
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മനസറിയാന്‍ ഇനികുറച്ചു ദിവസത്തെ കാത്തിരിപ്പ് മാത്രമേ അവശേഷിക്കുന്നുള്ളൂ . മാര്‍ച്ച് രണ്ടിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ 2024 ലെ തിരഞ്ഞെടുപ്പിന്റെ നിലപാടു കൂടിയാണ് രേഖപ്പെടുത്തു്ക .