ഒമിക്രോണിന് ശേഷം പുതിയ വകഭേദം വരുമോ? കോവിഡില്‍  ആശങ്ക ഒഴിയുന്നില്ല

ഒമിക്രോണിന് ശേഷം പുതിയ വകഭേദം വരുമോ? കോവിഡില്‍ ആശങ്ക ഒഴിയുന്നില്ല

വാക്സിനേഷൻ എടുക്കാൻ ചില ആളുകൾ വിമു​ഖത കാണിക്കുന്നുവെന്നത് ലോകമെമ്പാടും മരണനിരക്ക് വർധിക്കുന്നതിന് ഇടയാക്കി
Updated on
2 min read

ഇന്ത്യയിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുകയാണ്. രോഗം വ്യാപിക്കുമ്പോഴും നാം അതേക്കുറിച്ച് ബോധവാന്മാരാണോയെന്ന് ചോദിച്ചാൽ അല്ലെന്നാകും ഒറ്റവാക്കിലുള്ള ഉത്തരം. കോവിഡിനെ പ്രതിരോധിക്കാനും രോഗം വരാതെ നോക്കാനും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ലോകത്ത് നിരവധി പേരുടെ ജീവനെടുത്തത് ഡെൽറ്റ വകഭേദമാണ്. തുടർന്ന് വൈറസിന് ജനിതകമാറ്റം സംഭവിച്ചുണ്ടായ ഒമിക്രോൺ വകഭേദത്തിന് ലോകത്താകമാനം അറുന്നൂറിലധികം ഉപശാഖകളുണ്ടെന്നാണ് (sublineages) റിപ്പോർട്ടുകൾ.

2021 മാർച്ച് മുതൽ റിപ്പോർട്ട് ചെയ്തതെല്ലാം ഒമിക്രോൺ തന്നെ.‌ XBB.1.16 ആണ് ഇന്ത്യയിൽ ഏറ്റവും ഒടുവിലുണ്ടായ ഒമിക്രോൺ വകഭേദം. ഇത്തരത്തിൽ, നിലനിൽപ്പിന് ആവശ്യമായ രീതിയിൽ കോവിഡിന് നിരന്തരമായി ജനിതമാറ്റം സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒമിക്രോണിന് ശേഷം പുതിയ വകഭേദം വരുമോ? കോവിഡില്‍  ആശങ്ക ഒഴിയുന്നില്ല
രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3000 കടന്ന് രണ്ടാം ദിവസം

പുതിയൊരു വകഭേദം രൂപപ്പെടുകയാണെങ്കിൽ അതിന്റെ സ്വാഭാവം എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്

ഈ സാഹചര്യം നിലനിൽക്കെ, ഒമിക്രോണിന് ശേഷം പുതിയ കോവിഡ് വകഭേ​ദം ഉണ്ടാകുമോയെന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ചോദ്യം. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയൊരു വകഭേദമുണ്ടായാൽ ഉത്ഭവസ്ഥാനത്തുനിന്ന് ലോകം മുഴുവൻ വ്യാപിക്കാൻ അതിന് ഒന്നര മാസം മാത്രം മതി. അതിനാൽ, പുതിയൊരു വകഭേദം രൂപപ്പെടുകയാണെങ്കിൽ അതിന്റെ സ്വാഭാവം എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. ഒരുപക്ഷേ അതിന് ഒമിക്രോണിന് സമാനമായ സ്വാഭാവ സവിശേഷതകളായിരിക്കുമോയെന്നും ഇതിനേക്കാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമോയെന്നതും ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്.

ലഭ്യമായിട്ടും വാക്സിനേഷൻ എടുക്കാൻ ചില ആളുകൾ വിമു​ഖത കാണിക്കുന്നുവെന്നത് ലോകമെമ്പാടും മരണനിരക്ക് വർധിക്കുന്നതിന് ഇടയാക്കി

വെെറസിന് ക്രമേണയുണ്ടാകുന്ന ജനിതകമാറ്റം, സമൂഹത്തിൽ ആർജിത രോ​ഗപ്രതിരോധ ശേഷി കുറയൽ, ജാ​ഗ്രതക്കുറവ് മുതലായവയാണ് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.

ലഭ്യമായിട്ടും വാക്സിനേഷനെടുക്കാൻ ചില ആളുകൾ വിമു​ഖത കാണിക്കുന്നുവെന്നത് ലോകമെമ്പാടും മരണനിരക്ക് വർധിക്കുന്നതിന് ഇടയാക്കി. പ്രത്യേകിച്ച്, ചെറുപ്പക്കാർക്കിടയിൽ കോവിഡ് മരണനിരക്ക് ഉയരാനും ഇത് കാരണമായി. കോവിഡ് പിടിപെട്ടവരിൽ രോഗം ഗുരുതരമാകാതെ കാത്തെങ്കിലും വൈറസ് ബാധ പൂർണമായി തടയാൻ വാക്സിന് സാധിച്ചില്ലെന്നതും വാസ്തവമാണ്.

എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണോ?

ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് വീണ്ടും രൂക്ഷമാകുകയാണ്. അപ്പോഴും ബാക്കിയാകുന്ന നിരവധി ചോ​ദ്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം വാക്സിനേഷനെക്കുറിച്ചാണ്. ആരൊക്കെയാണ് ഇനി വാക്സിനേഷൻ എടുക്കേണ്ടത്, ഇനിയങ്ങോട്ട് ബൂസ്റ്റർ ഡോസിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണ്... ഇങ്ങനെ നിരവധി ചോദ്യങ്ങൾ.

ലോകാരോ​ഗ്യ സംഘടനയുടെ നിർദേശങ്ങൾ പ്രകാരം ആരോഗ്യമുള്ള കുട്ടികള്‍ക്ക് ഇനി വാക്സിനേഷൻ എടുക്കേണ്ടതില്ല

കോവിഡ് ഓരോ പ്രായക്കാരിലും ഓരോ രോഗാവസ്ഥയിലും പല രീതിയിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നതിനാലും നാനാവിധ വാക്സിനുകൾ ഉള്ളതുകൊണ്ടും വാക്സിനെ സംബന്ധിച്ച് സാർവത്രികമായ ഒരു നിർദേശം നൽകാൻ സാധ്യമല്ല. മൂന്ന് വർഷത്തെ അനുഭവങ്ങൾ അപഗ്രഥിച്ച ശേഷം ലോകാരോ​ഗ്യ സംഘടന ഈ മാർച്ചിൽ പുറത്തുവിട്ട നിർദേശങ്ങൾ പ്രകാരം, ആരോ​ഗ്യമുള്ള കുട്ടികളിൽ ഇനി വാക്സിനേഷൻ എടുക്കേണ്ടതില്ല.

മുതിർന്നവരിൽ (adults) വാക്സിൻ ഏടുക്കാത്തവർ ഉണ്ടെങ്കിൽ അവർ നിർദിഷ്ട ഡോസുകൾ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ വാക്സിൻ ഡോസുകൾ പൂർണമായി എടുത്തുകഴിഞ്ഞ തികഞ്ഞ ആരോ​ഗ്യവാനായ ഒരു വ്യക്തി ഇനിമേൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ലെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. അതേസമയം, പ്രായം ചെന്നവരും (older people) അനുബന്ധരോ​ഗമുള്ളവരും കൂടുതൽ ബൂസ്റ്റർ ഡോസ് എടുക്കണമോയെന്നത് അവരവരുടെ ഡോക്ടർമാരുമായി ആലോചിച്ച ശേഷം തീരുമാനിക്കാം.

ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദ്ദേശങ്ങൾ ഓരോ രാജ്യവും എങ്ങിനെ ഉൾക്കൊള്ളും, നടപ്പാക്കും എന്നുള്ളത് ഇപ്പോൾ വ്യക്തമല്ല. ഓരോ രാജ്യത്തും ഇടയ്ക്കിടയ്ക്ക് തീവ്രമാകുന്ന രോ​ഗവ്യാപനത്തെ നേരത്തേ തിരിച്ചറിയുക, ആരോഗ്യ സംവിധാനങ്ങൾ ഓവർലോഡ് ആകാതെ കോവിഡ് - കോവിഡ് ഇതര രോഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ചികിത്സ ലഭിക്കുന്ന രീതിയിൽ നടപടികൾ കൈക്കൊള്ളുക എന്നതാണ് രോ​ഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനമാർ​ഗം.

ഇതുകൂടാതെ, നിരന്തരമായി വെെറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് പരിശോധിക്കണം. അതിന്റെ ഉറവിടങ്ങൾ കണ്ടെത്തണം. ഓരോ പ്രദേശത്തെയും റിപ്പോർട്ടുകൾ ലോക ശ്രദ്ധയ്ക്കായി പുറത്തുവിടാൻ‍ തയ്യാറാവണം.

കോവിഡിന് പ്രാദേശികമായ അതിരുകളില്ല. മാനവരാശിയുടെ ഒന്നായ സഹകരണം കൊണ്ടാണ്‌ ഇതുവരെ പരമാവധി മരണങ്ങൾ കുറയ്ക്കാൻ സാധിച്ചത്, ആ സഹകരണം ഇനിയും തുടരണം. ഇത്തരം പ്രതിരോധമാർ​ഗങ്ങളിലൂടെ മാത്രമേ രോ​ഗത്തെ തടയാനാകൂ.

സാധാരണ ജലദോഷ വൈറസുകളെ അപേക്ഷിച്ച് രക്തക്കുഴലുകളെയും തലച്ചോറിനെയും മറ്റും ബാധിക്കാനുള്ള കഴിവ് കോവിഡിന്റെ ഒരു സവിശേഷതയാണ്

വിദ്യാർഥികൾ, ചെറുപ്പക്കാർ, ആശുപത്രികളിൽ ജോലി ചെയ്യുന്നവർ എന്നിവരെയാണ് വളരെ വേ​ഗത്തിൽ രോ​ഗം ബാധിക്കുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇവർ എളുപ്പം രോഗ വാഹകരാകുന്നു. ഇവരിൽനിന്ന് മുതിർന്നവരിലേക്ക് രോഗം ബാധിക്കുന്നു. ഇത് പ്രശ്നം സങ്കീർണമാക്കുന്നു.

ഒരു പനിയോ, ജലദോഷമോ വന്നാൽ അതിനെ നിസാരമായി കാണുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് വെറും ജലദോഷമാണെന്നും കോവിഡ് മാറിപ്പോയെന്നും മറ്റുമുള്ള തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നുണ്ട്. എന്നാൽ സാധാരണ ജലദോഷ വൈറസുകളെ അപേക്ഷിച്ച് രക്തക്കുഴലുകളെയും തലച്ചോറിനെയും മറ്റും ബാധിക്കാനുള്ള കഴിവ് കോവിഡിന്റെ സവിശേഷതയാണ്. അതിനാൽ രോഗം ഭേദമായ ശേഷം പലരിലും പലതരം ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരുന്നു.

പുതിയ രോഗമായതിനാൽ രോഗബാധ വീണ്ടും വീണ്ടും ഉണ്ടായാലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇപ്പോൾ വ്യക്തമല്ല

പുതിയ രോഗമായതിനാൽ രോഗബാധ വീണ്ടും വീണ്ടും ഉണ്ടായാലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇപ്പോൾ വ്യക്തമല്ല. രോഗം വരാതിരിക്കുന്നതാണ് ഉത്തമം. ഇത്തരം സാഹചര്യമുണ്ടെന്നിരിക്കെ അജ്ഞതയും ആശങ്കയുമല്ല വേണ്ടത് അറിവും ജാ​ഗ്രതയുമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. രാജീവ് ജയദേവൻ (എംഡി, ഡിഎന്‍ബി, എംആര്‍സിപി, അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ മെഡിസിന്‍, അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഗ്യാസ്‌ട്രോഎന്‍ഡ്രോളജി)

logo
The Fourth
www.thefourthnews.in