നവംബറില്‍ വാട്സാപ്പിന് ലഭിച്ചത് 946 പരാതികള്‍; നിരോധിച്ചത് 37.16 ലക്ഷം അക്കൗണ്ടുകൾ
ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ്, ഇന്ത്യയിൽ കഴിഞ്ഞ മാസം നിരോധിച്ചത് 37.16 ലക്ഷം അക്കൗണ്ടുകൾ. വാട്സാപ്പ് തന്നെ പുറത്തുവിട്ട രേഖകളിലാണ് നവംബർ മാസം നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒക്ടോബറിൽ നിരോധിച്ച അക്കൗണ്ടുകളേക്കാൾ 60 ശതമാനം വർധനവാണ് നവംബറിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നിലവിൽ വന്ന കേന്ദ്ര സർക്കാരിന്റെ ഐ ടി നിയമ പ്രകാരമാണ്, ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെയും അതിലെടുത്ത നടപടികളുടെയും വിശദവിവരങ്ങൾ മാസാടിസ്ഥാനത്തിൽ പുറത്തുവിടുന്നത്.
വൻ കിട സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾ പല ഉള്ളടക്കങ്ങളും ഏക പക്ഷീയമായി എടുത്തുകളയുന്നുവെന്ന ആരോപണവും ശക്തമാണ്.
9.9 ലക്ഷം അക്കൗണ്ടുകൾ പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ടിരുന്നു. ഒക്ടോബറിൽ ഇത്തരത്തിൽ നിരോധിക്കപ്പെട്ടത് 8.11 ലക്ഷം അക്കൗണ്ടുകളായിരുന്നു. ഒക്ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം കൂടുതൽ അപ്പീലുകൾ വാട്സാപ്പിന് ലഭിച്ചു. 946 പരാതികളാണ് നവംബറിൽ ലഭിച്ചത്. ഇതിൽ 830 എണ്ണം അക്കൗണ്ടുകളുടെ നിരോധനം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. എന്നാൽ 73 അക്കൗണ്ടുകൾക്ക് എതിരായി മാത്രമാണ് നടപടി സ്വീകരിച്ചത്.
"2022 നവംബർ ഒന്നിനും 30നും ഇടയിൽ, 37,16,000 വാട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. ഇതിൽ 9,90,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതികൾ വരുന്നതിന് മുൻപ് തന്നെ നിരോധിച്ചിരിക്കുന്നു. ഫോൺ നമ്പറിലെ +91 എന്ന കോഡ് ഉപയോഗിച്ചാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്," ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 പ്രകാരം പ്രസിദ്ധീകരിച്ച നവംബറിലെ റിപ്പോർട്ടിൽ വാട്സാപ്പ് വ്യക്തമാക്കുന്നു.
മുൻപ് വന്നിട്ടുള്ള അതേ പരാതികളാണ് എന്ന് ഉറപ്പുള്ള സന്ദർഭങ്ങളിലൊഴികെ നടപടികള്‍ സ്വീകരിച്ചതായി വാട്സാപ്പ് റിപ്പോർട്ടിൽ പറയുന്നു. പരാതി ചാനലിലൂടെ ഉപയോക്തൃ പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമേ, പ്ലാറ്റ്‌ഫോമിലെ മോശം പെരുമാറ്റം തടയാൻ മറ്റ് മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ എന്നിവയുടെ പ്രചാരണം വർധിക്കുന്നു എന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. അതേസമയം വൻ കിട സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾ പല ഉള്ളടക്കങ്ങളും ഏക പക്ഷീയമായി എടുത്തുകളയുന്നുവെന്ന ആരോപണവും ശക്തമാണ്.