സ്വകാര്യത നയം: 
വാട്‌സ് ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

സ്വകാര്യത നയം: വാട്‌സ് ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

അപ്പീലുകളില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി
Updated on
1 min read

മെസേജിംഗ് ആപ്പുകളുടെ പുതിയ സ്വകാര്യത നയത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വാട്സ് ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. അപ്പീലുകളില്‍ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി.

ഫേസ്ബുക്ക് വാട്ട്സ്ആപ്പിന്റെ ഔപചാരിക ഉടമയാണ്. വാട്ട്സ്ആപ്പ് അതിന്റെ ഡാറ്റ ഫേസ്ബുക്കുമായി(മാതൃ കമ്പനി) പങ്കിടുന്നതുകൊണ്ട് മാത്രം ഇത്തരത്തിലൊരു അന്വേഷണം നടത്തേണ്ടതില്ലെന്ന് ഫേസ്ബുക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചത്. ഇത്തരത്തിലൊരു അന്വേഷണം നടത്താനുള്ള സംവിധാനങ്ങള്‍ സിസിഐയ്ക്ക് ഇല്ലെന്നും അദേഹം പറഞ്ഞു.

വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം അന്വേഷിക്കാനുള്ള അധികാരപരിധി ഏതെങ്കിലും കോടതിയോ ജുഡീഷ്യല്‍ ഫോറമോ സ്റ്റേ ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ലെന്ന് സിസിഐയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സിസിഐയ്ക്ക് കഴിയില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കോമ്പറ്റീഷന്‍ കമ്മീഷന്‍ അയച്ച നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കമ്പനി ബിസിനസ് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് നല്‍കുക. വ്യക്തിപരമായ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറില്ലെന്നും വാട്സ് ആപ്പ് വ്യക്തമാക്കിയിരുന്നു. വാട്സ് ആപ്പിന്റെ സ്വകാര്യത നയത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

logo
The Fourth
www.thefourthnews.in