താമസക്കാരെ ഒഴിപ്പിക്കാതെ കെട്ടിടം ഉയര്‍ത്തി നീക്കാന്‍ ശ്രമം; ഒഴിവായത് വന്‍ അപകടം
താമസക്കാരെ മുന്‍കൂട്ടി ഒഴിപ്പിക്കാതെ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് മൂന്നുനില കെട്ടിടം ഉയര്‍ത്തി നീക്കാന്‍ വീട്ടുടമയുടെ ശ്രമം. വാടകയ്ക്ക് താമസിക്കുന്ന നാല് കുടുംബങ്ങളിലായി 16 പേര്‍ ഉള്ളില്‍ ഉണ്ടായിരിക്കെ കൂറ്റന്‍ ക്രെയിനിന്റെ സഹായത്തോടെ കെട്ടിടത്തിന്റെ അടിത്തറ ഭൂമിയില്‍ നിന്ന് ഉയര്‍ത്തുകയായിരുന്നു. ശ്രമം പാളി കെട്ടിടം തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ചരിഞ്ഞെങ്കിലും ആര്‍ക്കും അപായമുണ്ടായില്ല.
ഹൈദരാബാദിലെ ഖുത്ബല്ലാപുര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. റോഡ് നിരപ്പില്‍ നിന്ന് ഏറെ താഴെയുള്ള 31 വര്‍ഷം പഴക്കമുളള കെട്ടിടത്തെ മണ്‍സൂണ്‍ സമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാന്‍ അടിത്തറ നാലിഞ്ചോളം ഭൂമിയില്‍ നിന്നുയര്‍ത്തി പിന്നീട് കോണ്‍ക്രീറ്റ് ചെയ്യാനായിരുന്നു നീക്കം. ഇതിനായി ഉടമ കരാര്‍ നല്‍കിയ നിര്‍മാണക്കമ്പനിയിലെ ജീവനക്കാരാണ് താമസക്കാരെ ഒഴിപ്പിക്കാതെ കെട്ടിടം ഉയര്‍ത്താന്‍ ശ്രമിച്ചത്.
മൂന്നു ദിവസം മുമ്പ് തന്നെ ഹൈഡ്രോളിക് ജാക്കികള്‍ സ്ഥാപിച്ചിരുന്നുവെന്നും കെട്ടിടം ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് അറിയിക്കാമെന്നും അപ്പോള്‍ മാത്രം ഒഴിഞ്ഞാല്‍ മതിയെന്നുമാണ് ജീവനക്കാര്‍ തങ്ങളോടു പറഞ്ഞിരുന്നതെന്ന് താമസക്കാര്‍ പറഞ്ഞു. ഇതനുസരിച്ച് ഒഴിയാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി കെട്ടിടം ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. ഭൂമികുലുക്കമാണെന്നാണ് തങ്ങള്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പൊടുന്നനെ കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞതോടെയാണ് സംഭവം മനസിലായതെന്നും ഉറക്കെ ബഹളം വച്ചതോടെയാണ് ശ്രമം ഉപേക്ഷിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ചേര്‍ന്നാണ് അപകടനിലയിലായ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചത്. ഉടമയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലക്ഷയം വന്ന കെട്ടിടം ഇന്നലെ കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം ഇടിച്ചുനിരത്തി. തൊട്ടടുത്തുണ്ടായിരുന്നു അഞ്ചു നില കെട്ടിടത്തിനു കേടുപാടുണ്ടായെങ്കിലും സാരമുള്ളതല്ലെന്നാണ് കണ്ടെത്തല്‍.
കെട്ടിടം ഉയര്‍ത്തുന്നപ്രവൃത്തിക്ക് ഉടമ അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരമൊരു നവീകരണത്തിന് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ നിന്ന് അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാണെങ്കിലും അത്തരത്തിലുള്ള ഒരു അനുമതിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഖുത്ബുല്ലാപൂര്‍ ഡെപ്യൂട്ടി സിറ്റി പ്ലാനര്‍ കെ സാംബയ്യ പറഞ്ഞു. അതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന നാല് കുടുംബങ്ങളെ അറിയിക്കാത്തത് അവരുടെ ജീവന്‍ അപകടത്തിലാക്കുമായിരുന്നു. ഉടമയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.