ഷഹീൻബാഗ് തുടങ്ങിവെച്ച മാതൃക; പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വീണ്ടും പ്രതിഷേധം ഉയരുമ്പോൾ
ഷഹീൻ ബാഗിലെ മുത്തശ്ശിമാർ വീണ്ടും തെരുവിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. നാല് വർഷം മുമ്പാണ് ഡൽഹിയിലെ കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെ ഒരുകൂട്ടം സ്ത്രീകൾ ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ആരംഭിച്ചത്. നൂറ് ദിവസത്തിലധികം നീണ്ടു നിന്ന ആ സമരം ഒടുവിൽ നാല് വർഷങ്ങൾക്ക് മുമ്പ് ഇതേപോലെ ഒരു മാർച്ച് മാസത്തിൽ കോവിഡ് ലോക്ഡൗണിന്റെ മറവിൽ പോലീസ് അവസാനിപ്പിപ്പിക്കുകയായിരുന്നു.
നാല് വർഷങ്ങൾക്ക് ശേഷം പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ വീണ്ടും ഷഹീൻബാഗ് ചർച്ചയിലേക്ക് വരികയാണ്. നാല് ദിവസം കൊണ്ട് ബില്ല് അവതരിപ്പിച്ച് ചർച്ച നടത്തി രാഷ്ട്രപതിയുടെ അനുമതി വാങ്ങിയ കേന്ദ്രസർക്കാരിന് നിയമം പ്രാബല്യത്തിൽ വരുത്താൻ നാല് വർഷമെടുക്കേണ്ടി വന്നത്, ഷഹീൻ ബാഗിലെ സ്ത്രീകളുടെ പ്രതിഷേധ ചൂടിനെ പേടിച്ചായിരുന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വന്നാൽ അതിലൂടെ വിഭജനരാഷ്ട്രീയം പഴറ്റി വോട്ട് നേടിയെടുക്കാമെന്ന പദ്ധതിയിലാണ് നാലുവർഷങ്ങൾക്കിപ്പുറം പൗരത്വഭേദഗതി നിയമം നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാരിന് ധൈര്യം വന്നത്.
1984 ലാണ് ഡൽഹിയിൽ ഷഹിൻബാഗ് എന്ന ഹൗസിങ് കോളനി രൂപപ്പെടുന്നത്, അന്ന് പ്രശസ്ത ഉറുദു കവിയായ അല്ലാമ ഇഖ്ബാലിന്റെ ഒരു കവിതയിൽ നിന്നായിരുന്നു കോളനിക്ക് ഷഹിൻ ബാഗ് എന്ന പേര് തിരഞ്ഞെടുത്തത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം പുള്ള് പക്ഷികളാണ് ഷഹീൻ എന്ന പേരിൽ അറിയപ്പെടുന്നത്. മുസ്‌ലിം മതവിശ്വാസികൾ കൂടുതലായി താമസിക്കുന്ന ഷഹീൻ ബാഗിൽ നിന്ന് പൗരത്വഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ആരംഭിക്കുന്നത് 2019 ഡിസംബറിലാണ്.
2019 ഡിസംബർ 9 ന് ലോക്‌സഭയിലും ഡിസംബർ 11 ന് രാജ്യസഭയിലും പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുകയും ഡിസംബർ 12 ന് ബിൽ നിയമമാക്കുന്നതിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. ഇതിനെതിരെ ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ അതിക്രൂരമായിട്ടായിരുന്നു ഈ പ്രതിഷേധത്തെ പോലീസ് നേരിട്ടത്.
സർവകലാശാലയുടെ തൊട്ട് അടുത്ത് സ്ഥിതി ചെയ്യുന്ന ഷഹീൻബാഗിലെ സ്ത്രീകൾ ഇതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്ത് എത്തി. ഏതാനും സ്ത്രീകൾ തുടങ്ങിവെച്ച പോരാട്ടം ക്രമേണ ജനകൂട്ടമായി ഉയരുകയായിരുന്നു.സാധാരണക്കാരായ സ്ത്രീകൾ മുതൽ റോമില ഥാപ്പർ വരെയുള്ള പ്രമുഖർ വരെ ഈ സമരത്തിന് ഒപ്പം നിന്നു. ദേശീയ പതാക ഉയർത്തി അതിന് കീഴിൽ അണിനിരന്ന സ്ത്രീകൾ കേന്ദ്രസർക്കാരിന് തലവേദനയായി മാറി.
ബിൽക്വിസ്, സർവാരി, അസ്മ ഖാത്തൂൺ തുടങ്ങിയ ദാദിമാര് (മുത്തശ്ശിമാർ എന്നതിന്റെ ഹിന്ദി വാക്ക് ) സമരത്തിന് നേതൃത്വം നൽകി. എൺപതാം വയസിലും ഡൽഹിയിലെ കൊടുംതണുപ്പിനെ അവഗണിച്ച് സമരപന്തലിൽ അവർ ഒത്തുകൂടി. സമരം പരാജയമാണെന്ന് വരുത്തി തീർക്കാൻ വിവിധ മാധ്യമങ്ങൾ പോലും രംഗത്ത് എത്തി. എൻഡിടിവിയുടെ ഒരു തൽസമയ ചർച്ചയിൽ തങ്ങളുടെ പൂർവീകരുടെ പേരുകൾ അടക്കം വിളിച്ചുപറഞ്ഞ ദാദിമാർ സമാനമായ രീതിയിൽ പ്രധാനമന്ത്രിയുടെ ഏഴ് തലമുറയുടെ പേരുകൾ പറയാൻ സാധിക്കുമോയെന്ന് വെല്ലുവിളിച്ചു.
'ഷഹീൻ ബാഗിലെ ഈ മുത്തശ്ശിമാരുടെ പോരാട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തു. നിരായുധരും, വിദ്യാഭ്യാസമില്ലാത്തവരുമായ
മുത്തശ്ശിമാരുമായ സ്ത്രീകൾ തെരുവിലിറങ്ങി, ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ പ്രതിഷേധിക്കുകയും ഒരു ജനതയെ മുഴുവൻ ഉറക്കത്തിൽ നിന്ന് ഉണർത്തുകയും ചെയ്യുന്നതെങ്ങനെയെന്ന് ലോകം ശ്രദ്ധിച്ചു തുടങ്ങി'
രാജ്യത്തെ പലപ്രതിപക്ഷ പാർട്ടികളും മിണ്ടാതിരുന്നപ്പോഴായിരുന്നു ദാദിമാരുടെ നേതൃത്വത്തുള്ള സമരം ആരംഭിച്ചത്. മാധ്യമങ്ങളെ ഉപയോഗിച്ച് സമരത്തിനെതിരായ വാർത്തകൾ പടച്ചുവിട്ടതിനൊപ്പം ബിജെപിയുടെ ഐടി സെല്ലും സമരം തകർക്കാനായി കൂടുതൽ നേരം പണിയെടുത്തു. സമരത്തിൽ പങ്കെടുത്തവർ പണം വാങ്ങിയാണ് സമരത്തിന് എത്തിയതെന്നുള്ള തരത്തിലുള്ള വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിൽ പങ്കുവെയ്ക്കുകയുണ്ടായി. എന്നാൽ ആൾട് ന്യൂസും ന്യൂസ് ലോണ്ടറിയും നടത്തിയ സംയുക്ത അന്വേഷണത്തിൽ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർ ബിജെപിയിൽ ചേർന്നുവെന്ന വാർത്തയും ഇടയ്ക്ക് പുറത്തുവന്നെങ്കിലും ഇതിന്റെ സത്യാവസ്ഥയും സമരത്തിനുണ്ടായിരുന്നവർ തന്നെ പുറത്തുകൊണ്ടുവന്നു.
അമിത് മാളവ്യയുടെ വീഡിയോയ്ക്ക് പിന്നാലെ റിപ്പബ്ലിക് ടിവി , സീ ന്യൂസ് , ടൈംസ് നൗ , ടിവി18 , ന്യൂസ് നേഷൻ എന്നിവയും സമാനമായ ആരോപണം പ്രതിഷേധക്കാർക്ക് നേരെ ഉന്നയിച്ചിരുന്നു. ഈ മാധ്യമങ്ങൾക്കെതിരെയും അമിത് മാളവ്യയ്ക്ക് എതിരെയും പ്രതിഷേധക്കാരായ സ്ത്രീകൾ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ മാപ്പുപറയണമെന്നും ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണനമെന്നുമായിരുന്നു വക്കീൽ നോട്ടീസ്.
ഷഹീൻ ബാഗിലെ സമരത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐക്യദാർഢ്യവുമായി സമാനമായ തരത്തിൽ 'ഷഹീൻ ബാഗ്' സമരപന്തലുകൾ പൊങ്ങി. കാൺപൂർ, ബാംഗ്ലൂർ, നാഗ്പദ, അനജ് മണ്ടി, റാഞ്ചി, ദേവ്ബന്ദ്, ചെന്നൈ, ജാഫ്രാബാദ്, കോഴിക്കോട്, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരപന്തലുകൾ ഉയർന്നു.
ഇതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി ഇതിനിടെ സമരക്കാരെ അധിക്ഷേപിച്ചു കൊണ്ട് വിവിധ ബിജെപി നേതാക്കൾ രംഗത്ത് എത്തി. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, യോഗി ആദിത്യനാഥ് , അനുരാഗ് താക്കൂർ , പർവേഷ് വർമ്മ, കപിൽ മിശ്ര തുടങ്ങിയ നേതാക്കൾ വ്യാപകമായ വിദ്വേഷ പ്രസ്താവനകൾ സമരക്കാർക്കെതിരെ നടത്തി. ഗോലി മാരോ (വെടി വെയ്ക്കും) എന്ന തരത്തിൽ മുദ്രാവാക്യങ്ങൾ ഹിന്ദുത്വവാദികൾ നടത്തി. 2020 ജനുവരി 30 ന് പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായി. പ്രായപൂർത്തിയാവാത്തയാളാണ് പ്രതിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. പോലീസ് നോക്കി നിൽക്കെയാണ് പ്രതിഷേധക്കാർക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടി നിറയൊഴിച്ചത്.
രണ്ട് ദിവസത്തിന് പിന്നാലെ ഷഹീൻബാഗിൽ പ്രതിഷേധക്കാർക്ക് നേരെയും വെടിവെപ്പുണ്ടായി. 2020 ജനുവരി 28 ന്, ഒരു ആയുധധാരി ഷഹീൻ ബാഗ് സമര സ്ഥലത്ത് പ്രവേശിച്ച്, സ്റ്റേജിൽ കയറി, പ്രക്ഷോഭം നിർത്താൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 1 ന് ജയ് ശ്രീറാം മുഴക്കി തീവ്രഹിന്ദുത്വവാദികളിൽ ഒരാൾ വെടിവെപ്പ് നടത്തിയത്. ഈ രാജ്യത്ത് ഹിന്ദുക്കളല്ലാതെ മറ്റാർക്കും അവകാശമില്ലെന്ന് ഇയാൾ പറയുന്നുണ്ടായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇയാൾ പിന്നീട് ബിജെപിയിൽ ചേർന്നു.
ഇതിനിടെ റോഡുകൾ തടസപ്പെടുത്തി ഷഹീൻ ബാഗിൽ നടത്തുന്ന സമരത്തിനെതിരെ വിവിധ ആളുകൾ കോടതിയെ സമീപിച്ചു. ഇതേസമയം തന്നെയാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയങ്ങളിൽ ഒന്ന് ഷഹീൻബാഗായി മാറി. ദിവസങ്ങൾക്കുള്ളിലാണ് രാജ്യത്ത് കോവിഡ് ഭീഷണി ശക്തമായത്.
2020 മാർച്ചിൽ രാജ്യത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ സമരപന്തലിൽ നിന്ന് മാറാൻ തയ്യാറായില്ല. ഒടുവിൽ 2020 മാർച്ച് 24 ന് സമരക്കാരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും സമരപന്തൽ പൊളിച്ചുമാറ്റുകയും ചെയ്തു.
ഇതിനിടെ 2020 ൽ ടൈം മാഗസിൻ അതിന്റെ '2020 ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഷഹീൻബാഗിലെ സമരനായികമാരിൽ ഒരാളായ ബിൽക്കിസ് ദാദിയെ തിരഞ്ഞെടുത്തു. ബിബിസിയുടെ 100 സ്ത്രീകളുടെ പട്ടികയിലും അവർ ഇടം പിടിച്ചു. നാലുവർഷങ്ങൾക്ക് ശേഷം കേന്ദ്രസർക്കാർ പൗരത്വഭേദഗതി നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഷഹീൻബാഗിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പോലീസ് പ്രദേശത്ത് മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് കാമ്പസിനകത്ത് കയറി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ പാർട്ടികളും വ്യക്തികളും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നിയമം നടപ്പാക്കില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ പോലും വോട്ടാക്കി മാറ്റാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ.