മോദി ബ്രാന്‍ഡിന് പകരം സൗജന്യങ്ങള്‍; ഒരിക്കല്‍ തള്ളിപ്പറഞ്ഞ തന്ത്രം ബിജെപി ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് എന്ത് സംഭവിക്കും

മോദി ബ്രാന്‍ഡിന് പകരം സൗജന്യങ്ങള്‍; ഒരിക്കല്‍ തള്ളിപ്പറഞ്ഞ തന്ത്രം ബിജെപി ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് എന്ത് സംഭവിക്കും

ജനങ്ങളെ സ്വാധീനിക്കാന്‍ നടത്തുന്ന സൗജന്യ സംസ്‌കാരങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ഏറെ വിനാശകരമായേക്കാം
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച തന്ത്രങ്ങളില്‍ ബിജെപി മാറ്റം വരുത്തുമോ. നരേന്ദ്ര മോദി എന്ന ബ്രാന്‍ഡ് ഉയര്‍ത്തി രണ്ട് പൊതു തിരഞ്ഞെടുപ്പുകളില്‍ അനായാസം വിജയിച്ച ബിജെപിക്ക് 2024 ല്‍ അടിപതറി. സഖ്യകക്ഷി സര്‍ക്കാരുമായി ഭരണം ആരംഭിച്ച മുന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ആറ് മാസത്തിനകം തന്നെ ജമ്മു - കശ്മീര്‍, ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്നു.

പൊതുതിരഞ്ഞെടുപ്പിലെ സംസ്ഥാനങ്ങളിലെ പ്രകടനം ബിജെപിക്ക് അത്ര ആശാവഹമല്ല. ഈ സാഹചര്യത്തില്‍ ഇനിയും മോദി എന്ന ബ്രാന്‍ഡിങ് എത്രത്തോളം വിജയം കാണുമെന്ന് ബിജെപി ക്യാപില്‍ തന്നെ സംശയം ഉയര്‍ന്നു കഴിഞ്ഞെന്ന് അടുത്തിടെ പുറത്തുവന്ന നടപടികളില്‍ നിന്നും വ്യക്തം. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഭരണകാലത്ത് മോദിയും ബിജെപിയും പലതവണ തള്ളിപ്പറഞ്ഞ ക്ഷേമ, സൗജന്യ പദ്ധതികളെ തന്നെ കൂട്ടുപിടിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോഴും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി അല്ലെങ്കില്‍ ബിജെപി മുന്നണി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ അവരുടെ അതേ തന്ത്രങ്ങളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യ പോലൊരു രാജ്യത്തിന്റെ ധന സന്തുലിതാവസ്ഥയെതന്നെ ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മഹാരാഷ്ട്ര. ബിജെപി മുന്നണി ഭരിക്കുന്ന ഈ സംസ്ഥാനത്ത് സംസ്ഥാന ജിഡിപിയുടെ 2.6 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മഹാരാഷ്ട്ര. ബിജെപി മുന്നണി ഭരിക്കുന്ന ഈ സംസ്ഥാനത്ത് സംസ്ഥാന ജിഡിപിയുടെ 2.6 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഇത് 2.3 ശതമാനമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം നിലനില്‍ക്കെ ഇതേ ഇടക്കാല ബജറ്റില്‍ നിരവധി സൗജന്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി ധനസഹായം, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി എന്നിവ നടപ്പാക്കാന്‍ മാത്രം 96000 കോടിയെങ്കിലും നീക്കിവയക്കേണ്ടിവരും. സംസ്ഥാന ജിഡിപിയുടെ 2.2 ശതമാനമാണ് ഈ നിരക്ക് എന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഹരിയാനയിലും സ്ഥിതി വ്യത്യസ്ഥമല്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായി നിരവധി സൗജന്യങ്ങളാണ് ഇതിനോടകം പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് കര്‍ഷകര്‍ക്കുള്ള ജല കുടിശ്ശിക ഇതിനോടകം സര്‍ക്കാര്‍ എഴുതിത്തള്ളി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പാചകവാതകത്തിന് വില വെട്ടിക്കുറച്ച്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ധനസഹായം എന്നിവയും നടപ്പാക്കിക്കഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയ ജനകീയ വിഷയങ്ങളെ അഭിസംബോധന ചെയ്യാനാണ് ബിജെപി ഈ പ്രഖ്യാപനങ്ങളിലൂടെ ശ്രമിക്കുന്നത്. വിലക്കയറ്റം തൊഴിലില്ലായ്മ, ഗ്രാമങ്ങളിലെ ജീവിത ദുരിതം എന്നിവ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട് സ്വാധീനിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും മാറ്റമില്ലെന്നുമുള്ള സര്‍വേകളും ചൂണ്ടിക്കാട്ടുന്നു. സൗജന്യ വൈദ്യുതിയും സ്ത്രീകള്‍ക്ക് പ്രതിമാസ അലവന്‍സുകളും പ്രഖ്യാപിച്ചു പ്രതിപക്ഷപാര്‍ട്ടികള്‍തിരഞ്ഞെടുപ്പ് കളത്തില്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പ് പ്രതിരോധ മാര്‍ഗം ഉയര്‍ത്തുക കൂടിയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.

സൗജന്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ തകര്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും എന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ വാദം

എന്നാല്‍, മുന്‍ നിലപാടുകളില്‍ നിന്നും വ്യക്തമായ വ്യതിചലനമാണ് ബിജെപി ഇപ്പോള്‍ കൈക്കൊള്ളുന്നത് എന്ന് വ്യക്തമാണ്. 2022 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരം പ്രഖ്യാപനങ്ങളെ പരസ്യമായി വിമര്‍ശിച്ചിരുന്നു. സൗജന്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ തകര്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും എന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ വാദം. സൗജ്യങ്ങള്‍ പ്രതീക്ഷിക്കുന്ന ജനതയായി ജനങ്ങള്‍ മാറുമ്പോള്‍ രാജ്യത്ത് എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മിക്കാനാകില്ല. വിമാനത്താവളങ്ങളും പ്രതിരോധ ഇടനാഴികളും സൃഷ്ടിക്കാനാകില്ല. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നെ് പ്രതിപക്ഷം വിശ്വസിക്കുന്ന. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്നും സൗജന്യങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്. എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലുടനീളം പ്രഖ്യാപിച്ചിട്ടുള്ള ചെലവുകളുടെ വര്‍ധന ഈ സംസ്ഥാനങ്ങളിലെ ഇതുവരെയുള്ള സാമ്പത്തിക സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൗജന്യങ്ങളോട് ജനങ്ങള്‍ക്ക് താത്പര്യം ഉണ്ടാകും. എന്നാല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ നടത്തുന്ന സൗജന്യ സംസ്‌കാരങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ഏറെ വിനാശകരമാണെന്നും നിരീക്ഷകര്‍ പറയുന്നു.

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബിജെപി സഖ്യസര്‍ക്കാരിന്റെ തീരുമാനങ്ങളിലും ഈ ജനപ്രിയ വ്യത്യാസങ്ങള്‍ പ്രകടമാണ്. രാജ്യത്തെ മധ്യ വര്‍ഗ ജനവിഭാഗത്തെ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനങ്ങള്‍ പലതും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ആനുകൂല്യങ്ങള്‍, പുതിയ പെന്‍ഷന്‍ പദ്ധതി എന്നിവ ഇതില്‍ പ്രധാനമാണ്. പുതിയ പെന്‍ഷന്‍ പദ്ധതിയിലൂടെ മാത്രം സര്‍ക്കാറിന് പ്രതിവര്‍ഷം 6200 കോടി അധിക ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ മഹാരാഷ്ട്രയും ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ അവരുടെ ശരാശരി ധനക്കമ്മി സംസ്ഥാന ജിഡിപിയുടെ 3.2 ശതമാനമായി കണക്കാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലേതുള്‍പ്പെടെയുള്ള സാമ്പത്തിക തകര്‍ച്ച വരും വര്‍ഷത്തെ കേന്ദ്ര ബജറ്റിനെയും സ്വാധീനിക്കുന്ന നിലയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

logo
The Fourth
www.thefourthnews.in