സുപ്രീം കോടതി
സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസില്‍ എന്ന് വിചാരണ തുടങ്ങും? കത്തിലെ ഉള്ളടക്കം എങ്ങനെ തെളിയിക്കും? അന്വേഷണ ഏജൻസിയോട് സുപ്രീം കോടതി

ഒന്നര വർഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കാമെന്ന്, എൻഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ
Updated on
1 min read

ഭീമ കൊറേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസിയോട് സുപ്രധാന ചോദ്യങ്ങളുമായി സുപ്രീം കോടതി. കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ വിചാരണ കോടതി ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ വിചാരണ എപ്പോൾ ആരംഭിക്കുമെന്ന് ചോദിച്ചു. ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്.

ഒന്നര വർഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കാമെന്ന്, എൻഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു പറഞ്ഞു. തുടർച്ചയായി അപേക്ഷകൾ നൽകി വിചാരണ വൈകിപ്പിക്കാൻ പ്രതികൾ കാരണമായെന്നും എഎസ്ജി കുറ്റപ്പെടുത്തി. എന്നാൽ 16 പ്രതികളുള്ള കേസിൽ വിചാരണ ഇന്ന് ആരംഭിച്ചാലും പൂർത്തിയാകാൻ 10 വർഷമെങ്കിലും വേണ്ടിവരുമെന്ന് വരവര റാവുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ പറഞ്ഞു.

വരവര റാവുവിന് എതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിയിക്കുമെന്ന് ചോദിച്ച കോടതിയോട് സെക്ഷൻ 65 ബി പ്രകാരം തെളിയിക്കാൻ കഴിയുന്ന ഇ-മെയിലുകളുണ്ടെന്ന് എഎസ്ജി മറുപടി നൽകി

വരവര റാവുവിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കവേ ​ഗുരുതര ആരോപണങ്ങളാണ് അഡീഷണൽ സോളിസിറ്റർ ജനറൽ പരാമർശിച്ചത്. വരവര റാവുവിന് എതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു. ''ഇവർ നിങ്ങളുടെ കസ്റ്റഡിയിൽ ഇല്ലാത്തപ്പോൾ കത്തിലെ ഉള്ളടക്കം നിങ്ങൾ എങ്ങനെ തെളിയിക്കും?" എന്നായിരുന്നു ജസ്റ്റിസ് ലളിതിന്റെ ചോദ്യം. എന്നാല്‍, സെക്ഷൻ 65 ബി പ്രകാരം തെളിയിക്കാൻ കഴിയുന്ന ഇമെയിലുകളുണ്ടെന്ന് എഎസ്ജി മറുപടി നൽകി. കുറ്റപത്രമനുസരിച്ച് റാവു നടത്തിയ ​ഗൂഢാലോചനയിൽ എത്ര പേർ മരിച്ചെന്നും സുപ്രീംകോടതി എൻഐഎയോട് ചോദിച്ചു.

എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് വരവര റാവുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റപത്രമനുസരിച്ച് മരണമോ തീവ്രവാദ പ്രവർത്തനമോ നടന്നിട്ടില്ല. ഇലക്ട്രോണിക് തെളിവുകൾ വ്യാജമായി നിർമിച്ചതാണെന്നും ആനന്ദ് ഗ്രോവർ പറഞ്ഞു. വരവര റാവുവിന് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു എൻഐഎ ഉന്നയിച്ച വാദം. യുഎപിഎയുടെ സെക്ഷൻ 43 ഡി (5) പ്രകാരം മെഡിക്കൽ കാരണങ്ങളാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വാദിച്ച എഎസ്ജിയോട്, ആരോ​ഗ്യ കാരണങ്ങളാൽ റാവുവിനു ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ എൻഐഎ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജഡ്ജി ചോദിച്ചു.

സുപ്രീം കോടതി
ഭീമ കൊറേഗാവ് കേസില്‍ വരവര റാവുവിന് സ്ഥിര ജാമ്യം

വാദം കേൾക്കലിനുശേഷം ആരോ​ഗ്യ കാരണങ്ങളാൽ റാവുവിനു ജാമ്യം അനുവദിച്ച ബെഞ്ച് മൂന്ന് മാസത്തിനകം കീഴടങ്ങണമെന്ന ബോംബെ ഹൈക്കോടതിയുടെ വ്യവസ്ഥ റദ്ദാക്കി. പ്രത്യേക എൻഐഎ കോടതിയുടെ അനുമതിയില്ലാതെ റാവു ഗ്രേറ്റർ മുംബൈയിൽ നിന്ന് പുറത്തുപോകരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടുകയോ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. കൂടാതെ, ഹർജിക്കാരന് അയാൾ തിരഞ്ഞെടുക്കുന്ന വൈദ്യസഹായം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in