ഒറ്റയ്ക്ക് സമരം, ട്രാക്ടര്‍ മാര്‍ച്ചിനിടയിലെ 'പ്രശ്‌നക്കാര്‍'; കര്‍ഷക പ്രക്ഷോഭത്തിലെ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച
പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ ഒഴുകിയെത്തുകയാണ്. അതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹങ്ങള്‍ ഒരുക്കിയും ബാരിക്കേഡുകള്‍ സ്ഥാപിച്ചും താത്കാലിക ജയിലുണ്ടാക്കിയും കര്‍ഷക മുന്നേറ്റത്തെ ചെറുക്കാന്‍ ഭരണകൂടം പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്.
രാകേഷ് ടികായത്, ബല്‍ബിര്‍ സിങ് രജേവാള്‍, ഡോ. ദര്‍ശന്‍ പാല്‍, യോഗേന്ദ്ര യാദവ് തുടങ്ങി നിരവധി നേതാക്കളുടെ പേരുകള്‍ ആദ്യ കര്‍ഷക സമരത്തില്‍ ഉയര്‍ന്നുവന്നു. എന്നാല്‍, ഇത്തവണ പ്രധാനമായും രണ്ടു പേരുകളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി എന്നിവയുടെ കോര്‍ഡിനേറ്റര്‍ സര്‍വന്‍ സിങ് പംദേര്‍, സംയുക്ത് കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) കണ്‍വീനര്‍ ജഗ്ജിത് സിങ് ദല്ലേവാള്‍. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതും സമരത്തിന്റെ അജണ്ടകള്‍ തീരുമാനിക്കുന്നതിലുമെല്ലാം ഈ രണ്ട് നേതാക്കളുടെ നിര്‍ണായക സാന്നിധ്യമുണ്ട്.
ഒന്നാം കര്‍ഷക സമരത്തിന്റെ സമയത്ത് തന്നെ രണ്ടുതട്ടില്‍ നിന്ന കര്‍ഷക സംഘടനകള്‍, പുതിയ സമരത്തിലും രണ്ട് വഴിയിലാണ്. പഞ്ചാബിലെ പതിനാറ് ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള സംഘടനയാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച. 2020-ലെ കര്‍ഷക സമരത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നെങ്കിലും, പ്രത്യേക പരിപാടികളാണ് സംഘടിപ്പിച്ചത്. 2020 ഒക്ടോബര്‍ ഒന്നുമുതലാണ് പഞ്ചാബിലെ 32 കര്‍ഷക സംഘടനകള്‍ സംയുക്തമായി ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചത്. എന്നാല്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെഎംഎസ്‌സി) സെപ്റ്റംബര്‍ 24 മുതല്‍ തന്നെ സമരം ആരംഭിച്ചിരുന്നു.
2020 നവംബര്‍ 22-ന് മറ്റു യൂണിയനുകള്‍ റെയില്‍ തടയല്‍ സമരത്തില്‍ നിന്ന് പിന്‍മാറി. പക്ഷേ, കെഎംഎസ്‌സി സമരത്തില്‍ നിന്ന് പിന്‍മാറിയത് നവംബര്‍ 26-നാണ്. അന്നേദിവസമാണ് മറ്റു സംഘടനകള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ഡിസംബര്‍ 11-ന് കെഎംഎസ്‌സി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. 3,000 ട്രാക്ടറുകളുമായാണ് ഇവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.
സംയുക്ത കിസാന്‍ മോര്‍ച്ച സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചപ്പോള്‍ കെഎംഎസ്‌സി കുംടലിയിലാണ് ക്യാമ്പ് ചെയ്തത്. സംയുക്ത കിസാന്‍ മോര്‍ച്ചയുമായി സഹകരിക്കാതിരുന്ന ഇവരാണ്, 2020-ലെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നിലെ കാരണക്കാരായ ഗ്രൂപ്പുകളില്‍ ഒന്ന്.
എസ്‌കെഎം നയിച്ച ട്രാക്ടര്‍ റാലിയില്‍ നിന്ന് വ്യത്യസ്തമായി, മറ്റു റോഡുകളിലൂടെ ചെങ്കോട്ടയിലേക്ക് പോയ ഇവരെ, സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബിര്‍ സിങ് രജേവാള്‍ 'ഒറ്റുകാര്‍' എന്നാണ് വിളിച്ചത്. ഇവരുടെ നിരവധി പ്രവര്‍ത്തകര്‍ അന്നത്തെ സംഘര്‍ഷത്തില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
2020 ഡിസംബര്‍ 9-ന് സംയുക്ത കിസാന്‍ മോര്‍ച്ച സമരം പിന്‍വലിച്ചതിന് ശേഷവും പഞ്ചാബില്‍ സമരം തുടര്‍ന്ന ഇവര്‍, സംസ്ഥാനത്തെ പ്രധാന കര്‍ഷക സംഘടനയായും ഈ മൂന്നുവര്‍ഷത്തിനിടെ മാറിയിട്ടുണ്ട്. പഞ്ചാബിലെ ഫരീദ്‌കോട്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം). പഞ്ചാബിലെ 19 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ (സിദ്ദുപൂര്‍) പ്രസിഡന്റ് കൂടിയായ ജഗ്ജിത് സിങ് ദല്ലേവാള്‍ ആണ് ഇവരുടെ നേതാവ്.
150 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് എസ്‌കെഎം (രാഷ്ട്രീയേതര വിഭാഗം). 2022-ല്‍ സംയുക്ത സമാജ് മോര്‍ച്ച രൂപീകരിച്ച് തിരഞ്ഞെടുപ്പിലിറങ്ങാനുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് എസ്‌കെഎം (രാഷ്ട്രീയേതര വിഭാഗം). അക്രമാസമക്ത സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളാണ് ഇവ രണ്ടും. അതുകൊണ്ടുകൂടിയാണ്, മറ്റു കര്‍ഷക സംഘടനകള്‍ പുതിയ സമരത്തോട് തണുപ്പന്‍ പ്രതികരണങ്ങള്‍ നടത്തുന്നതും.