ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ വംശജ അമൃത അഹൂജ ആരാണ്?
അദാനി ഗ്രൂപ്പിനെതിരെയുള്ള വിവാദ റിപ്പോര്‍ട്ടിനു പിറകെ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടികാണിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബ്ലോക്കിനെ പ്രതിരോധത്തിലാക്കുന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന പേരാണ് അമൃത അഹൂജ. ആരാണ് അമൃത അഹൂജ? കോവിഡ് കാലഘട്ടത്തില്‍ ബ്ലോക്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന അമൃത അഹൂജ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഓഹരി വിപണിയില്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വംശജയായ അമൃത അഹൂജയും ബ്ലോക്കുമായി എന്താണ് ബന്ധമെന്ന് പരിശോധിക്കാം.
ഹിന്‍ഡന്‍ ബര്‍ഗ് ആരോപണവും അമൃത അഹൂജയും
രണ്ടുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് 'ന്യൂ ഫ്രം അസ് ' എന്ന പേരില്‍ ബ്ലോക്കിനെതിരായ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ 'ബ്ലോക്കി'ലെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോര്‍ട്ടില്‍. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയും ബ്ലോക്ക് വിപണിമൂല്യം വര്‍ദ്ധിപ്പിച്ചു. കുറഞ്ഞകാലം കൊണ്ട് ബ്ലോക്കുണ്ടാക്കിയ നേട്ടം സര്‍ക്കാരിനെയും ഉപയോക്താക്കളേയും കമ്പളിപ്പിച്ചാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 82,000 കോടി രൂപയുടെ തട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്ന് വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ 40 മുതല്‍ 75 ശതമാനം വരെ അക്കൗണ്ടുകളും വ്യാജമാണെന്നും ഒരാള്‍ക്ക് തന്നെ നിരവധി അക്കൗണ്ടുകളുണ്ടെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
വ്യാജ അക്കൗണ്ടുകള്‍ കാണിച്ച് തട്ടിപ്പു നടത്തിയ ബ്ലോക്കിന്റെ ഓഹരി വിപണി കുതിച്ചുയര്‍ന്നപ്പോള്‍ സ്ഥാപന ഉടമകളായ ജെയിംസ് ഡോര്‍സിയും ജെയിംസ് മക്കെല്ഡവിയും കോവിഡ് കാലത്തുണ്ടാക്കിയത് കോടി കണക്കിന് രൂപയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ സാമ്പത്തിക ഉദ്യോഗസ്ഥയായ അമൃത അഹൂജയടക്കമുള്ള ഉദ്യോഗസ്ഥരും ദശ ലക്ഷക്കണക്കിന് പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പുറത്തിറങ്ങിയ ശേഷം ബ്ലോക്കിന്റെ മാര്‍ക്കറ്റ് മൂല്യം 18 ശതമാനമായി ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ആരാണ് അമൃത അഹൂജ
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് അമൃതയുടെ ജനനം. ക്ലീവ്ലാൻഡി ല്‍ ഡേ കെയര്‍ സെന്റർ ആരംഭിച്ചാണ് അവർ തൻ്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. ചെറുകിട ബിസിനസ്സ് ഉടമകളെ ശാക്തീകരിക്കുന്നതില്‍ മാതാപിതാക്കളെ പോലെ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വേളയിലാണ് ബ്ലോക്ക് ഇങ്കിലേക്ക് ക്ഷണിക്കപ്പെടുന്നത്. 2018ൽ സ്ക്വയർ ഇങ്കിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് 39-ാം വയസിൽ അവരെത്തുന്നത്. സ്ക്വയർ ഇങ്ക് പിന്നീട് ബ്ലോക്ക് ഇങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.
അന്‍പതു വയസിനുള്ളില്‍ തൊഴില്‍ മേഖലയില്‍ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച് സ്ത്രീകളെ അംഗീകരിക്കുന്ന ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇടം നേടാനും 39 വയസിനുള്ളില്‍ അമൃതയ്ക്കു സാധിച്ചു
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും ബ്ലോക്കില്‍ ജോലിചെയ്ത വ്യക്തിയാണ് അമൃത അഹൂജയെന്നാണ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വ്യക്തമാകുന്നത്. ബ്ലോക്കിലെ എല്ലാ സാമ്പത്തിക ഇടപാടുകളുടേയും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അമൃതയായിരുന്നു.
വാള്‍ട്ട് ഡിസ്‌നി, ബ്ലിസാര്‍ഡ് എന്റര്‍ടൈന്‍മെന്റ്, ആക്ടിവേഷന്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എന്നീ കമ്പനികളുടെ സാമ്പത്തിക വകുപ്പിന്റെ അമരക്കാരിയായും അമൃത ജോലി ചെയ്തിട്ടുണ്ട്.
അന്‍പതു വയസിനുള്ളില്‍ തൊഴില്‍ മേഖലയില്‍ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച് സ്ത്രീകളെ അംഗീകരിക്കുന്ന ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇടം നേടാനും 39 വയസിനുള്ളില്‍ അമൃതയ്ക്കു സാധിച്ചു. സ്ഥാപന ഉടമയായ ജാക്ക് ഡോര്‍സിയോട് അടുപ്പം സൂക്ഷിച്ച അമൃത സ്ഥാപനത്തിന്റെ വിശ്വസ്തയും ഉപദേശകയും കൂടിയാണ്.
നിക്ഷേപക ബാങ്കറായി 2001ലാണ് അമൃത സാമ്പത്തിക മേഖലയിലേക്ക് കടന്നുവരുന്നത്. കംമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം അമൃത എംബിഎ ബിരുദവും സ്വന്തമാക്കി.