80,000 പേര്‍ പങ്കെടുത്ത പ്രാര്‍ഥനാ യോഗം, നിയന്ത്രിക്കാന്‍ 72 പോലീസുകാര്‍, ഹത്രാസില്‍ മരണസംഖ്യ ഉയരുന്നു; ആരാണ് ഭോലേ ബാബ?
ഉത്തര്‍പ്രദേശില്‍ ഭോലെ ബാബയുടെ പ്രാര്‍ഥന സമ്മേളനമായ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരണസംഖ്യം ഉയരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 116 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി 80,000 പേര്‍ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരെ നിയന്ത്രിക്കാന്‍ വെറും 72 പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തിലാണ് അപകടം നടന്നത്.
സത്സംഗം അവസാനിച്ചതിന് ശേഷം, ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയും ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ അരികിലുള്ള ഓടയില്‍ ചിലര്‍ വീഴുകയും ചെയ്തു. പിന്നാലെ, ജനങ്ങള്‍ പരിഭ്രാന്തരാവുകയും തിക്കുംതിരക്കും സംഭവിക്കുകയുമായിരുന്നു.
ആരാണ് ഭോലേ ബാബാ?
ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് രാജിവച്ച് ആത്മീയ പ്രചാരണത്തിനിറങ്ങിയ നാരായണ്‍ സകര്‍ ഹരി എന്നയാളാണ് ഭോലേ ബാബ എന്നറിയപ്പെടുന്നത്. പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ഇയാളുടെ പ്രവര്‍ത്തന രീതി. 26 വര്‍ഷം മുന്‍പാണ് ഇയാള്‍ ജോലി രാജിവച്ചത്. പശ്ചിമ യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭോലേ ബാബയ്ക്ക് വലിയൊരു സംഘം ആരാധകരുണ്ട്. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും ഇദ്ദേഹത്തെ നിരവധിപേര്‍ ആരാധിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന ഭോലേ ബാബ, ഇദ്ദേഹത്തിന്റെ ഭാര്യക്കൊപ്പമാണ് പ്രാര്‍ഥനാ യോഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഇവര്‍ ഹത്രാസില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച മെയിന്‍പുരി ജില്ലയിലും ഇവര്‍ സമാനമായ പ്രാര്‍ഥനാ യോഗം സംഘടിപ്പിച്ചിരുന്നു, 2022-ല്‍ കോവിഡ് കാലത്ത് ഇവര്‍ നടത്തിയ പ്രാര്‍ഥാനാ യോഗം വിവാദമായിരുന്നു. ഫറൂഖാബാദ് ജില്ലയിലെ സത്സംഗില്‍ അമ്പതുപേര്‍ മാത്രമേ പങ്കെടുക്കുള്ളു എന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ 50,000 പേര്‍ പങ്കെടുത്തു. ഇത് വലിയ വിവാദമാവുകയും ജില്ലാ ഭരണകൂടത്തിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
ചൂടുകാരണം, സത്സംഗ വേദിയില്‍ നിന്ന് പുറത്തുകടക്കാന്‍ ജനങ്ങള്‍ തിരക്കുകൂട്ടിയിരുന്നു. എന്നാല്‍ ഭോലേ ബാബയും സംഘവും പുറത്തുപോയതിന് ശേഷം ജനങ്ങള്‍ പോയാല്‍ മതിയെന്ന് സംഘാടകര്‍ തീരുമാനിച്ചു. തുടര്‍ന്ന് ആളുകളെ തടഞ്ഞുവച്ചു. ഇത് ജനങ്ങള്‍ ചോദ്യം ചെയ്യുകയും വേദിവിട്ടു കൂട്ടത്തോടെ പോകാന്‍ തുടങ്ങിതയുമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ദേവ് പ്രകാശ് മധുകര്‍, മേഷ് ചന്ദ്ര, അമര്‍ സിങ്, സഞ്ജു യാദവ്, ചന്ദ്രേവ്, രാം പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഹാത്രരസില്‍ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണ്‍ വഴി ആശയവിനിമയം നടത്തി. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി രണ്ടുലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.