ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

ക്രിമിനലായ 'ശക്തിശാലി';ആരാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്?

താന്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയ മതിലുകള്‍ക്കിടയില്‍ ഒരു കുലുക്കവും സംഭവിക്കാത്ത മട്ടില്‍ നില്‍ക്കുകയാണ് ബ്രിജ് ഭൂഷണ്‍
Updated on
2 min read

ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസ്, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഏറ്റവും ഒടുവിലായി ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി. ബ്രിജ് ഭൂഷണിന്റെ ക്രിമിനല്‍ പശ്ചാത്തലം അനുദിനം വികസിക്കുകയാണ്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ബ്രിജ് ഭൂഷണിന് തിരിച്ചടി; ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ കേസെടുക്കും

താന്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയ മതിലുകള്‍ക്കിടയില്‍ ഒരു കുലുക്കവും സംഭവിക്കാത്ത മട്ടില്‍ നില്‍ക്കുകയാണ് അദ്ദേഹം. പാര്‍ട്ടിയിലെ എംപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടും തെരുവില്‍ പ്രതിഷേധങ്ങള്‍ അലയടിച്ചിട്ടും ബിജെപിയും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ആറ് തവണ ബിജെപി എംപിയായ ഭൂഷണ് പാര്‍ട്ടിയിലുള്ള പിടിപാട് ചെറുതല്ല. ഒരു രാഷ്ട്രീയക്കാരനാണെങ്കിലും ഗുസ്തിയോട് എന്നും അടുത്തു നിന്ന ഭൂഷണ്‍ 'ശക്തിശാലി' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ യൗവ്വനത്തിന്റെ ഭൂരിഭാഗവും അയോധ്യയിലെ അഖാഡകളിലാണ് ഭൂഷണ്‍ ചെലവഴിച്ചത്. ഏകദേശം 10 വര്‍ഷത്തോളമായി ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഏഷ്യയുടെ വൈസ് പ്രസിഡന്റുമാണ്. ദേശീയമോ അന്തര്‍ദേശീയമോ, ജൂനിയറോ സീനിയറോ ആകട്ടെ എല്ലാ ടൂര്‍ണമെന്റിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഭൂഷണിന്റേതായിരുന്നു. അതുകൊണ്ട് തന്നെയാകാം ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും ബ്രിജ് ബൂഷണെതിരായ നടപടികള്‍ വൈകുന്നത്.

ഉറച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് പേരുകേട്ട ബ്രിജ് ഭൂഷണ്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രധാന പ്രതിയായ അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് 2020 ല്‍ കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. 1991 ല്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്ന് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള ഭൂഷണിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇടയ്ക്കിയ്ക്കിടെ വിവാദങ്ങളുടെ കൂട്ടുണ്ടായിരുന്നു. ഒരു ഗുണ്ടാനേതാവിന്റെ മുഖമായിരുന്നു ബിജെപി രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
''ഇഴയുന്നത് നിർത്തൂ''; ഗുസ്തി താരങ്ങളുടെ സമരത്തിൽ പി ടി ഉഷയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

1992 ല്‍ മുംബൈയിലെ ജെ ജെ ഹോസ്പിറ്റലില്‍ ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചതിന് ഇയാള്‍ക്കെതിരെ ടാഡ ചുമത്തി. എന്നാല്‍ ബ്രിജ് ഭൂഷണിനെതിരെ തെളിവുകളൊന്നും ഇല്ലായിരുന്നു, കുറ്റവിമുക്തനാക്കപ്പെട്ട ഇയാള്‍ 1998 ല്‍ വീണ്ടും ലോക്‌സഭയില്‍ സ്ഥാനമുറപ്പിച്ചു. പിന്നീട് നാടകീയമായ രാഷ്ട്രീയ ജീവിതം. 2008 ല്‍ ബിജെപിയില്‍ നിന്ന് പുറത്തായ ഭൂഷണ്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറി. എന്നാല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മാത്രം സ്വീകരിക്കാന്‍ മനസുള്ള അയാള്‍ക്ക് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തനകേന്ദ്രമാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം ബിജെപിയിലേക്ക് മടങ്ങി. 2022 ല്‍ ഒരു വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരാളെ വെടിവച്ച് കൊന്നതായും വെളിപ്പെടുത്തി.

ഇതിനൊക്കെ പിന്നാലെയാണ് ഈ വര്‍ഷം ആദ്യം പൊങ്ങിവന്ന ലൈംഗിക ആരോപണ വിവാദം. കഴിഞ്ഞ ജനുവരിയിലാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് വനിതാ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. അതിന് ശേഷം താരങ്ങള്‍ സമരവുമായി തെരുവിലേക്കിറങ്ങി, പ്രസിഡന്റിനെതിരെയും ഗുസ്തി ഫെഡറേഷനെതിരെയും നടപടി എടുക്കാതെ താരങ്ങള്‍ പിന്മാറില്ലെന്ന് ഉറപ്പിച്ചതോടെ ഭൂഷണ് സ്ഥനത്തു നിന്നും പടിയിറങ്ങേണ്ടി വന്നു. പിന്നീട് ഗുസ്തി ഫെഡറേഷന്റെ ചുമതലയും പ്രത്യേക സമിതിയെ ഏല്‍പ്പിച്ചു.

അധികാരികള്‍ കണ്ണുതുറക്കാതെ വന്നതോടെ താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വിനേഷ് ഫോഗാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. എന്നാല്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാതെ വന്നതോടെ അവര്‍ വീണ്ടും തെരുവിലേക്കിറങ്ങി. ഇതിനിടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ കൂടി പരാതിയുമായി മുന്നോട്ട് വന്നു. അധികാരികള്‍ കണ്ണുതുറക്കാതെ വന്നതോടെ താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ഗുസ്തി ഫെഡറേഷന്‍ തലവന് തിരിച്ചടിയായത്. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന അന്ന് മുതല്‍ ഭൂഷണ്‍ ഇതൊക്കെ നിഷേധിക്കുകയാണ്.

'' താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പറഞ്ഞ് ആരെങ്കിലും മുന്നോട്ട് വന്ന് അത് തെളിയിച്ചാല്‍ അന്ന് നിങ്ങള്‍ക്കെന്നെ തൂക്കിലേറ്റാം'' എന്നാണ് ബ്രിജ് ഭൂഷണ്‍ ആദ്യം പ്രതികരിച്ചത്. എന്തുവന്നാലും താന്‍ ഉണ്ടാക്കിവച്ച ഹിന്ദുത്വ അടിത്തറയുടെ കരുത്തിൽ പാര്‍ട്ടി തന്നെ താങ്ങി നിര്‍ത്തുമെന്ന ഭൂഷണിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ ഡല്‍ഹി പോലീസിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in