ഇസുദാന്‍ ഗഢ്‌വി
ഇസുദാന്‍ ഗഢ്‌വി

സാധാരണക്കാര്‍ക്ക് പരിചിതമായ മുഖം; ഇസുദാന്‍ ഗഢ്‌വി - ദൂരദര്‍ശന്‍ മുതല്‍ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെ

ആം ആദ്മിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ഗഢ്‌വി 2021ലാണ് പാര്‍ട്ടിയിലെത്തിയത്
Updated on
2 min read

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി എത്തിയ ആംആദ്മി പാര്‍ട്ടി ഗുജറാത്തിലും കളം പിടിക്കാനുള്ള ശ്രമത്തിലാണ്. ഡല്‍ഹിയില്‍ തുടങ്ങി, പഞ്ചാബ് പിടിച്ച് ഗുജറാത്ത് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ എഎപി പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സുചന നല്‍കിയിരിക്കുകയാണ് എഎപി.

പഞ്ചാബിലെ മുന്നേറ്റം ഗുജറാത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയാണ് എഎപിയ്ക്ക്. പഞ്ചാബില്‍ പയറ്റിയ അതേ അടവുകളാണ് ഗുജറാത്തില്‍ പാര്‍ട്ടി അവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ആദ്യ ചുവടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്നത്.

പഞ്ചാബിലെ മുന്നേറ്റം ഗുജറാത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയാണ് എഎപിയ്ക്ക്

ദൃശ്യ മാധ്യമപ്രവര്‍ത്തകനായ ഇസുദാന്‍ ഗഢ്‌വിയെ ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള അഭിപ്രായ വോട്ടെടുപ്പില്‍ 73 ശതമാനം വോട്ടാണ് 40കാരനായ ഗഢ്‌വി നേടിയത്. നിലവില്‍ ആം ആദ്മിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ഗഢ്‌വി 2021ലാണ് പാര്‍ട്ടിയിലെത്തിയത്.

ഇസുദാന്‍ ഗഢ്‌വി
നയിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍; ഗുജറാത്തില്‍ ഇസുദാന്‍ ഗഢ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എഎപി
ഇസുദാന്‍ ഗഢ്‌വി
ഇസുദാന്‍ ഗഢ്‌വി

ദൂരദര്‍ശനിലെ 'യോജന' എന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ഗഢ്‌വി മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലെ തന്റെ കരിയര്‍ ആരംഭിച്ചത്

ദൂരദര്‍ശനിലെ 'യോജന' എന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ഗഢ്‌വി മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലെ തന്റെ കരിയര്‍ ആരംഭിച്ചത്. 2007 മുതല്‍ 2011 വരെ ഇ ടിവിയില്‍ പോര്‍ബന്ദര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം.

2015ല്‍ ഗുജറാത്തി ചാനലായ വിടിവിയില്‍ എത്തി. വിടിവിയില്‍ ന്യൂഡ് എഡിറ്ററായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാനല്‍ മേധാവിയായി ഗഢ്‌വി. വിടിവിയിലെ പ്രശസ്തമായ 'മഹാമന്ഥന്‍' എന്ന പരിപാടിയിലൂടെ അദ്ദേഹം ജന ശ്രദ്ധ പിടിച്ച് പറ്റി. ഗുജറാത്തിലെ ഗ്രാമീണ പ്രദേശങ്ങളില്‍, പ്രത്യേകിച്ചും കര്‍ഷകര്‍ക്കിടയില്‍ ഗഢ്‌വിയുടെ പരിപാടി വലിയ പ്രചാരം നേടിയിരുന്നു.

ഗുജറാത്തിലെ 150 കോടിയുടെ ഒരു അനധികൃത വനനശീകരണ കേസ് പുറത്ത് കൊണ്ടു വന്നതോടെയാണ് ഗഢ്‌വി വലിയ പ്രശസ്തി നേടിയത്. ഗുജറാത്ത് സര്‍ക്കാരിനെ നടപടിയെടുക്കുന്നതിലേക്ക് നയിച്ച ആ സംഭവം ഗുജറാത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വരെ ബാധിച്ചിരുന്നു.

1982 ജനുവരി 10ന് ഗുജറാത്തിലെ ദ്വാരകയിലാണ് ഗഢ്‌വിയുടെ ജനനം. ഗുജറാത്തിലെ ജനസംഖ്യയുടെ 48 ശതമാനത്തോളം വരുന്ന ഒരു പിന്നാക്ക വിഭാഗത്തിലാണ് ഗഢ്‌വിയുടെ ജനനം.

ഗഢ്‌വിയുടെ ജനപിന്തുണയും പിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി എന്നതും പാര്‍ട്ടിയുടെ മുന്നേറ്റത്തിന് സഹായിക്കും എന്നതാണ് എഎപി കണക്കുകൂട്ടല്‍. സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് പരിചിത മുഖമായ ഗഢ്‌വിക്ക് നിരവധി ആരാധകരാണുള്ളത്. അതു കൊണ്ടു തന്നെ ഗഢ്‌വിയുടെ സ്ഥാനാര്‍ഥിത്വത്തെ വലിയ പ്രതീക്ഷയോടെയാണ് എഎപി പ്രവര്‍ത്തകര്‍ കാണുന്നത്.

logo
The Fourth
www.thefourthnews.in