വിവാദമായ ദ കേരള സ്റ്റോറിയുടെ പിന്നണിയിലാര്? അറിയാം സംവിധായകൻ സുദിപ്തോ സെന്നിനെ
മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമർശങ്ങളുമായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' ട്രെയ്‌ലർ ഇതിനോടകം തന്നെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. കേരളത്തില്‍ ജനിച്ച ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിക്കുന്നതും തുടര്‍ന്ന് ഐഎസില്‍ എത്തിച്ചേരുന്നതും പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മുസ്ലീം വിരുദ്ധതയും വിദ്വേഷവും കുത്തി നിറച്ചിട്ടുണ്ടെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.
കേരളത്തിൽ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ടീസറും വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖർ തന്നെ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.
ഹിന്ദി നടി ആദാ ശർമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ കേരള സ്റ്റോറി നിർമിച്ചിരിക്കുന്നത് വിപുൽ ഷായാണ്. ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ സുദിപ്തോ സെൻ ആണ് വിവാദ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ദശകങ്ങളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നയാളാണദ്ദേഹം. ആസ്മ , ഗുരുജന , ലഖ്‌നൗ ടൈംസ് , ദ ലാസ്റ്റ് മോങ്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
എഴുത്തുകാരൻ കൂടിയാണ് ബംഗാളിലെ ജയ്പാൽഗുഡി സ്വദേശിയായ സുദീപ്തോ സെൻ. അഖ്‌നൂർ, ഇന്ത്യൻ ഓട്ടം (ശരത്കാലം), ഇൻ ദ നെയിം ഓഫ് ലവ്, സാരാഘട്ട് ബാറ്റിൽ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ രാജ്യാന്തര ജൂറിയിൽ ഇന്ത്യയിൽ നിന്നുള്ള അംഗമായിരുന്നു സുദിപ്തോ സെൻ. രാജ്യാന്തര മത്സര ചിത്ര വിഭാഗത്തിൽ ദ കശ്മീർ ഫയൽസിനെ ഉൾപ്പെടുത്തിയത് അന്ന് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഇതാദ്യമായല്ല സുദിപ്തോ സെന്നിന്റെ സിനിമകളിൽ കേരളവും ലവ് ജിഹാദും വിഷയമാകുന്നത്. 2018 ൽ 'ഇൻ ദ നെയിം ഓഫ് ലവ് ; മെലങ്കളി ഓഫ് ഗോഡ്സ് ഓൺ കൺട്രി' എന്ന പേരിൽ ഇദ്ദേഹം പുറത്തിറക്കിയ ചിത്രവും വിവാദങ്ങൾക്ക് വഴിവച്ചു. 2009 മുതൽ കേരളത്തിൽ നിന്ന് 17,000 ത്തോളം പെൺകുട്ടികൾ ഇസ്ലാംമതം സ്വീകരിക്കുകയും തുടര്‍ന്ന് ഐഎസില്‍ എത്തിച്ചേരുകയും ചെയ്തതായി ചിത്രം അവകാശപ്പെട്ടിരുന്നു.
ഗ്ലോബൽ ഇന്ത്യ ഫൌണ്ടേഷൻ, വിവേകാനന്ദ വിചാർ മഞ്ച് എന്നിവർ ചേർന്ന് പ്രദർശനം സംഘടിപ്പിച്ച ഈ സിനിമയെച്ചൊല്ലി ജെഎൻയുവിൽ അന്ന് വലിയ സംഘർഷം നടന്നു. വിദ്വേഷ പ്രചാരണമാണ് സിനിമയുടെ ഉള്ളടക്കം എന്നായിരുന്നു വിദ്യാർഥി സംഘടനകളുടെ ആരോപണം. എന്നാൽ എബിവിപി സിനിമക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പിന്നീട് ഈ സിനിമയുടെ പേര് 'ഇൻ ദ നെയിം ഓഫ് ലവ്' എന്നാക്കി മാറ്റി.