ജിഎൻ സായിബാബ: ഭരണകൂട ഭീകരതയ്ക്കുമുന്നിൽ ഇടറാത്ത ചോദ്യം
ഭരണകൂടവും ആരോഗ്യാവസ്ഥയും അവശനാക്കാൻ ശ്രമിച്ചിട്ടും കീഴടങ്ങാൻ കൂട്ടാക്കാത്ത മനുഷ്യാവകാശപ്രവർത്തകനും അധ്യാപകനുമായ ജി എൻ സായിബാബ ഭരണകൂടത്തിന്റെ നീതിനിഷേധങ്ങൾക്കെതിരെ പൊരുതി വിജയംകണ്ട് തന്റെ 57-ാം വയസിൽ മരണത്തിനു കീഴ്‌പ്പെട്ടിരിക്കുകയാണ്. മരണത്തിനുപോലും മായ്ച്ചുകളയാനാകാത്ത ചരിത്രവും ചോദ്യങ്ങളും തന്റെ ജീവിതസമരം കൊണ്ട് രേഖപ്പെടുത്തിയാണ് സായിബാബ മടങ്ങുന്നത്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പത്തുവർഷം നീണ്ട ജയിൽവാസത്തിനു ശേഷം 2024 മാർച്ച് മാസമാണ് ജി എൻ സായിബാബയെ ബോംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നത്. ജസ്റ്റിസുമാരായ വിനയ് ജോഷിയും വാൽമീകി എസ് എ മെനേസസും അടങ്ങുന്ന ബെഞ്ച് സായിബാബയ്‌ക്കൊപ്പം കേസിൽ പ്രതികളായിരുന്ന മറ്റ് അഞ്ചുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കുന്നു എന്നായിരുന്നു വിധി. രാജ്യത്തെ രാഷ്ട്രീയ തടവുകാർക്കെല്ലാം ആശ്വാസം നൽകുന്നതായിരുന്നു വിധി.
ആരാണ് ജിഎൻ സായിബാബ?
2003ലാണ് സായിബാബ ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള റാം ലാൽ ആനന്ദ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി എത്തുന്നത്. ഡൽഹി സർവകലാശാലയ്ക്കു കീഴിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പരിചിതനും പ്രിയപ്പെട്ട വ്യക്തിയുമായിരുന്നു സായിബാബ. 2014ലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്. ആ സമയത്ത് തന്നെ ഡൽഹി സർവകലാശാല അദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
ശേഷം 2017 മാർച്ചിൽ മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി സെഷൻസ് കോടതിയാണ് കേസിൽ സായിബാബയും മറ്റുള്ളവരും കുറ്റക്കാരാണ് എന്ന വിധി പുറപ്പെടുവിക്കുന്നത്. അദ്ദേഹത്തെ കൂടാതെ പാണ്ഡു പൊരാ നരോത്തെ, മഹേഷ് ടിർക്കി, ഹേം കേശ്വദത്ത മിശ്ര, പ്രശാന്ത് രാഹി, വിജയ് നാൻ ടിർക്കി എന്നിവരാണ് സായിബാബയോടൊപ്പം കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇതിൽ പാണ്ഡു നരോത്തെ 2022 ഓഗസ്റ്റിൽ മരിച്ചിരുന്നു. ഈ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് സായിബാബയുൾപ്പെടെ ആറുപേരും ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്നും 2022ൽ അനുകൂല വിധി ലഭിച്ചു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ലഘുലേഖകളും ഇലക്ട്രോണിക് തെളിവുകളുമാണ് സായിബാബ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കോടതിയിൽ ഹാജരാക്കിയത്. അബുസ്മദ് കാടുകളിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് സായിബാബ 16 ജിബിയുടെ മെമ്മറി കാർഡ് കൈമാറിയെന്നതാണ് കേസിൽ നിർണായക സംഭവമായി പോലീസ് ആരോപിച്ചത്.
സായി ബാബയുടെ പേരിൽ പോലീസ് കോടതിയിൽ അവതരിപ്പിച്ച തെളിവുകളിൽ അദ്ദേഹം തന്റെ മകളുടെ സ്കൂൾ ഹെഡ് മാസ്റ്റർക്കെഴുതിയ കത്തും പ്രകാശ് എന്ന അപരനാമത്തിൽ ഒരു മാവോയിസ്റ്റ് നേതാവിനെഴുതിയെന്നു പറയപ്പെടുന്ന കത്തുമുണ്ടായിരുന്നു.
മാവോയിസ്റ്റുകളുടെ ഫ്രണ്ട് ഓർഗനൈസേഷനായി കണക്കാക്കുന്ന റിവൊല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു എന്നും ഇതുവഴി സിപിഐ മാവോയിസ്റ്റുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം. ഈ ആരോപണങ്ങൾ ശരിവച്ചുകൊണ്ടായിരുന്നു ഗഡ്ചിറോളി സെഷൻസ് കോടതിയുടെ വിധി. ഇവർ നിരോധിത സംഘടനയുടെ ഭാഗമാണെന്ന് പോലീസ് സ്ഥാപിച്ച് കഴിഞ്ഞുവെന്നും മാവോയിസ്റ്റ് മുന്നേറ്റത്തിൽ ഗഡ്ചിറോളിയിൽ നിരവധിപേർ മരിച്ചതായും അതിനു കാരണം നക്സൽ പ്രസ്ഥാനമാണെന്നുമായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തൽ.
സായി ബാബയുടെ അറസ്റ്റു മുതൽ അദ്ദേഹത്തിന്റെ കുടുംബവും വിശിഷ്യാ ഭാര്യ വസന്തയും നടത്തിയ നിയമപോരാട്ടം അസാമാന്യമായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥകൾ പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. 2015 ജൂൺ മുതൽ 2015 ഡിസംബർ വരെ ആരോഗ്യപരമായ പ്രശ്നങ്ങളിൽ ചികിത്സതേടാൻ മാത്രമാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
വീൽ ചെയറിന്റെ സഹായമില്ലാതെ സഞ്ചരിക്കാൻ സാധിക്കാതിരുന്ന സായിബാബയ്ക്ക് തലച്ചോറിൽ മുഴ, ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതി, രക്തസമ്മർദം, മൂത്രത്തിൽ കല്ല് ഉൾപ്പെടെ അതീവഗുരുതരമായ നിരവധി അസുഖങ്ങളുണ്ടായിരുന്നു. മാത്രവുമല്ല ജയിൽവാസത്തോടെ അദ്ദേഹത്തിന്റെ ശരീരം 90 ശതമാനവും അനക്കമില്ലാതായി കഴിഞ്ഞിരുന്നു.
ജയിലിൽ അതിതീവ്രമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ സായിബാബയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്ന് 2016ൽ സുപ്രീംകോടതിക്ക് നിർദേശിക്കേണ്ടിവന്നു. 2022 ഒക്ടോബർ 14നാണ് സായിബാബയ്‌ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തി ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നത്. എട്ടു വർഷം നീണ്ട നിയമപോരാട്ടം അന്ന് വിജയിച്ചു എന്ന് കരുതിയതായിരുന്നു. എന്നാൽ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച കോടതി വിധിപുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ നാഗ്പുർ ബെഞ്ച് താൽക്കാലികമായി പിരിച്ചുവിട്ട് വിഷയത്തിൽ സൂക്ഷ്മമായ പരിശോധന ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. പലനിർണായക ചോദ്യങ്ങൾക്കും ഉത്തരം കിട്ടാനുണ്ട് എന്നായിരുന്നു കോടതി അന്ന് പറഞ്ഞത്.
ശേഷം 2023 ഏപ്രിൽ മാസം ജി എൻ സായിബാബയുൾപ്പെടെയുള്ളവരെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ താൽക്കാലിക ആശ്വാസമായി എന്ന് കരുതിയിടത്തു നിന്നും വീണ്ടും തുടങ്ങിയ നിയമപോരാട്ടത്തിന്റെ അവസാനം 2024 മാർച്ച് 5ന് സായിബാബയും മറ്റ് അഞ്ചുപേരും കുറ്റവിമുക്തരാണെന്ന് കോടതി പ്രഖ്യാപിച്ചു.