ഹിമാചലില്‍ തലവേദനയൊഴിയാതെ കോൺഗ്രസ്; ആരാകും മുഖ്യമന്ത്രി?

ഹിമാചലില്‍ തലവേദനയൊഴിയാതെ കോൺഗ്രസ്; ആരാകും മുഖ്യമന്ത്രി?

പ്രചാരണ സമയത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ പേരില്‍ കോൺഗ്രസ് നേരിട്ടത്
Updated on
2 min read

ഹിമാചല്‍പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും കോൺഗ്രസിന്റെ ഇനിയുള്ള തലവേദന ആര് മുഖ്യമന്ത്രിയാകും എന്നതാണ്. പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്ങും കളത്തിലിറങ്ങിയതോടെ ഹിമാചല്‍പ്രദേശ് പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരില്‍ മാത്രമൊതുങ്ങിയിരുന്ന ചർച്ച ചൂടുപിടിച്ചു. പ്രചാരണ സമയത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ പേരില്‍ കോൺഗ്രസ് നേരിട്ടത്. അവസാന ലാപ്പിലേക്ക് അടുക്കുമ്പോഴും കോൺഗ്രസിന് തലവേദനയാകുന്നത് മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം തന്നെയാണ്.

ആശാ കുമാരി, കൗള്‍ സിങ് ഠാക്കൂർ എന്നിവരുടെ പേരുകള്‍ ആദ്യമുയർന്നിരുന്നുവെങ്കിലും നിലവിൽ അവർ ചിത്രത്തിന് പുറത്താണ്. ദൽഹൗസിയിൽ നിന്ന് ആറ് തവണ എംഎൽഎയായ ആശാ കുമാരി തന്റെ സീറ്റിൽ പരാജയപ്പെടുന്ന ഘട്ടത്തിലാണ്. മണ്ഡിയിലെ ദരാംഗ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ച് എട്ട് തവണ എംഎൽഎയായ കൗൾ സിംഗ് താക്കൂറിനും സീറ്റ് നഷ്ടപ്പെട്ടു.

ഹിമാചലില്‍ തലവേദനയൊഴിയാതെ കോൺഗ്രസ്; ആരാകും മുഖ്യമന്ത്രി?
ഓപ്പറേഷന്‍ താമരപ്പേടി: ഹിമാചലില്‍ വിജയിക്കുന്നവരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും പ്രചാരണ സമിതി തലവനുമായ സുഖ്‌വീന്ദർ സിങ് സുഖു സെൻട്രൽ ഹിമാചലിലെ നദൗനിൽ നിന്നാണ് മത്സരിച്ചത്. പാർട്ടിക്കുളളിൽ ഏറെ സ്വീകാര്യതയുള്ള സുഖു മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ കൂടിയാണ് അദ്ദേഹം. സുഖുവിന് നേരിയ മുന്‍തൂക്കം കണക്കാക്കുന്നുണ്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഇക്കാര്യത്തില്‍ സുഖുവിന്റെ പ്രതികരണം.

തെക്ക്-പടിഞ്ഞാറൻ ഹിമാചലിലെ ഹരോളിയിൽ നിന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ മുകേഷ് അഗ്നിഹോത്രി മത്സരിച്ചത്. നാല് തവണ എംഎൽഎയായ അദ്ദേഹവും മുഖ്യമന്ത്രി സീറ്റിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യത തള്ളാനാകില്ല. 2003-ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുകേഷ് അഗ്നിഹോത്രി 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രതിപക്ഷ നേതാവാകുന്നത്. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഫലങ്ങൾ പൂറത്ത് വന്നപ്പോൾ തന്നെ മാധ്യമങ്ങളെ കണ്ട മുകേഷ് അഗ്നിഹോത്രി സർക്കാരുണ്ടാക്കാൻ പാർട്ടിക്ക് വിമതരെ ആവശ്യമില്ലെന്നായിരുന്നു ബിജെപിയെ ഉന്നമിട്ട് പ്രതികരിച്ചത്.

അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഓപ്പറേഷന്‍ താമര തടയാന്‍ മുന്നൊരുക്കങ്ങളിലാണ് പാർട്ടി

പ്രതിഭാ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലോക്സഭാ എംപിയാണ് നിലവില്‍ പ്രതിഭ. മുഖ്യമന്ത്രിയായാല്‍ സിറ്റിങ് എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടിവരും. 2004-ൽ മധ്യ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് മഹേശ്വർ സിങ്ങിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി പ്രതിഭാ സിംഗ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013 ഉപതിരഞ്ഞെടുപ്പില്‍ ജയ്റാം ഠാക്കൂറിനെ പരാജയപ്പെടുത്തിയതും അതേ മണ്ഡലത്തില്‍ തന്നെയാണ്. ഭർത്താവ് വീര്‍ഭദ്ര സിങ്ങ് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് മത്സരിച്ച് വിജയിച്ച മണ്ഡലം അന്ന് പ്രതിഭയെ കൈവിട്ടില്ല. ബിജെപിയുടെ രാം സ്വരൂപ് ശർമയുടെ മരണത്തെ തുടർന്നാണ് അവർ എംപിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം, അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഓപ്പറേഷന്‍ താമര തടയാന്‍ മുന്നൊരുക്കങ്ങളിലാണ് ഹിമാചലില്‍ പാർട്ടി . വിജയിക്കുന്ന അംഗങ്ങളെ കോണ്‍ഗ്രസിന്റെ സുരക്ഷിത സ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റാന്‍ നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in