ഹിന്ദി ഹൃദയഭൂമിയില്‍ നിതീഷിന് പകരം ആര്?; കോണ്‍ഗ്രസിനെ കുഴിയില്‍ ചാടിക്കുന്ന പ്രാദേശിക 'താപ്പാനകള്‍'

ഹിന്ദി ഹൃദയഭൂമിയില്‍ നിതീഷിന് പകരം ആര്?; കോണ്‍ഗ്രസിനെ കുഴിയില്‍ ചാടിക്കുന്ന പ്രാദേശിക 'താപ്പാനകള്‍'

നിരവധി കരുത്തരായ നേതാക്കള്‍ ഹിന്ദി ബെല്‍റ്റില്‍ ഇന്ത്യ മുന്നണിക്ക് ഉയര്‍ത്തിക്കാണിക്കാനുണ്ടെങ്കിലും നിതീഷ് കുമാറിന്റെ അഭാവം വലുതാണ്
Updated on
3 min read

നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തോടെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആരാകും ഹിന്ദി ഹൃദയഭൂമിയിലെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖം? രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, ശരദ് പവാര്‍ ഉള്‍പ്പെടെ നിരവധി കരുത്തരായ നേതാക്കള്‍ ഇന്ത്യ മുന്നണിക്ക് ഹിന്ദി ബെല്‍റ്റില്‍ ഉയര്‍ത്തിക്കാണിക്കാനുണ്ടെങ്കിലും നിതീഷ് കുമാറിന്റെ അഭാവം വലുതാണ്.

ല. ഭാരത് ജോഡോ യാത്രയുമായി ഹിന്ദി ഹൃദയഭൂമിയിലേക്ക് കടക്കാന്‍ പോകുന്ന രാഹുലിന് പക്ഷേ നിതീഷിന്റെ പോക്ക് കനത്ത ആഘാതമാണ് നല്‍കുന്നത്

ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ഹിന്ദി ഹൃദയഭൂമിയായി അറിയപ്പെടുന്നത്. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷവും അസാധ്യ സംഘടനാ സംവിധാനവുമുള്ള സംസ്ഥാനങ്ങള്‍. 204 ലോക്‌സഭ സീറ്റുകളാണ് ഈ മേഖലയിലുള്ളത്. ഭൂരിഭാഗവും ബിജെപിയുടെ കൈയില്‍. കടുത്ത പോരാട്ടം നടത്തേണ്ടിവരുന്ന ഈ മേഖലയില്‍ പൊതു സ്വീകര്യനായ ഒരു നേതാവ് ഇല്ലെന്നതാണ്‌ ഇന്ത്യ മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി.

നിതീഷ് കുമാര്‍ ഇട്ടെറിഞ്ഞുപോയ ഇന്ത്യ സഖ്യത്തിന് അദ്ദേഹത്തിന് പകരം ആളെക്കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്

രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാന മുഖമാണെന്നതില്‍ തര്‍ക്കമില്ല. ഭാരത് ജോഡോ യാത്രയുമായി ഹിന്ദി ഹൃദയഭൂമിയിലേക്ക് കടക്കാന്‍ പോകുന്ന രാഹുലിന് പക്ഷേ നിതീഷിന്റെ പോക്ക് കനത്ത ആഘാതമാണ് നല്‍കുന്നത്. ബിഹാറില്‍ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നില്ല നിതീഷ് കുമാര്‍. ഒരു ദേശീയ മുഖമായി ഉയര്‍ന്നുവരാന്‍ നിതീഷിന് കഴിഞ്ഞിരുന്നു. ചിതറിനിന്ന പ്രതിപക്ഷ നേതാക്കളെ ഒരു കുടക്കീഴിലാക്കാന്‍ കോണ്‍ഗ്രസിന് അധികം വിയര്‍പ്പൊഴുക്കേണ്ടി വരാതിരുന്നതിന് പിന്നില്‍ നിതീഷിന്റെ ഡല്‍ഹി മോഹങ്ങളായിരുന്നു. എന്നാല്‍, നിതീഷ് കുമാര്‍ ഇട്ടെറിഞ്ഞുപോയ ഇന്ത്യ സഖ്യത്തിന് അദ്ദേഹത്തിന് പകരം ആളെക്കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

ഹിന്ദി ഹൃദയഭൂമിയില്‍ നിതീഷിന് പകരം ആര്?; കോണ്‍ഗ്രസിനെ കുഴിയില്‍ ചാടിക്കുന്ന പ്രാദേശിക 'താപ്പാനകള്‍'
ഒബിസി, മുന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഉപമുഖ്യമന്ത്രിമാര്‍; നിതീഷ് വിത്തുപാകിയ ജാതി സെന്‍സസ്, വിളവെടുക്കാന്‍ ബിജെപി

എണ്‍പത് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ എസ്പിയാണ് ബിജെപിയുമായി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത്. പക്ഷേ, സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവ് അഖിലേഷ് യാദവിന് ഒരു 'പാന്‍ ഇന്ത്യന്‍' നേതാവിന്റെ മുഖമല്ല ഉള്ളത്. അഖിലേഷിനുള്ളതിനേക്കാള്‍ ദേശീയ ശ്രദ്ധ ബിഎസ്പിയുടെ മായാവതിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, 'ബഹന്‍ജി' നിലവില്‍ ഇന്ത്യ സഖ്യത്തിന് പുറത്താണുള്ളത്. മായാവതിയെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ ഫലിക്കുമോയെന്ന് കണ്ടറിയണം. ഒരുപക്ഷേ കൂടെക്കൂട്ടിയാല്‍ തന്നെ അഖിലേഷ് യാദവ് എത്രമാത്രം തൃപ്തനായിരിക്കും എന്നതും പ്രധാന ചര്‍ച്ചാ വിഷയമാണ്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ബഹുമാനിക്കുന്ന നേതാവാണെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി ഉയര്‍ത്തുന്ന ശക്തമായ പ്രചാരണത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നിലവില്‍ പവാറിന്റെ എന്‍സിപിക്ക് കെല്‍പ്പില്ല.

നിതീഷ് കുമാർ
നിതീഷ് കുമാർ

പിന്നെയുള്ളത് ആര്‍ജെഡിയുടെ ലാലുപ്രസാദ് യാദവ് ആണ്. പ്രതിപക്ഷ നിരയ്ക്ക് എക്കാലത്തും പിന്തുണ നല്‍കി നില്‍ക്കുന്ന ലാലുവിന്റെ ആര്‍ജെഡിക്ക് ബിഹാറിനു പുറമേ ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും ചെറിയ ബെല്‍റ്റുകളില്‍ സ്വാധീനം ഉള്ളതൊഴിച്ചാല്‍ ശക്തമായൊരു പിന്തുണ നല്‍കാന്‍ സാധിക്കില്ല. അനാരോഗ്യവും കേസുകളും അലട്ടുന്ന ലാലു, മകന്‍ തേജസ്വി യാദവിനെ മുന്‍നിരയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ബിഹാറിലെ അടിയൊഴുക്കുകള്‍ തടയുക എന്നതിനാകും തേജസ്വിയും ലാലുവും നിലവിലെ സാഹചര്യത്തില്‍ ആദ്യ പരിഗണന നല്‍കുക. ഇവിടെയാണ് നിതീഷിന് പകരം മറ്റാര് എന്ന ചോദ്യം ഇന്ത്യ മുന്നണിക്ക് ആവര്‍ത്തിച്ച് ചോദിക്കേണ്ടിവരുന്നത്.

ബിജെപിയുടെ പ്ലാന്‍, കോണ്‍ഗ്രസിന് മുന്നിലെ പോംവഴി

ബിജെപിയുടെ ഗെയിം പ്ലാന്‍ കൃത്യമാണ്. ബിഹാറിലെ 40 സീറ്റുകള്‍ ഏതുവിധേനയും പിടിക്കുക എന്നതിനപ്പുറത്ത് ഇന്ത്യ മുന്നണിയില്‍ അവ്യക്തത സൃഷ്ടിക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യമായിരുന്നു. പലവട്ടം മറുകണ്ടം ചാടി ശീലിച്ച നിതീഷിനെ വരുതിയിലാക്കിയതിലൂടെ ബിജെപി അതില്‍ വിജയിക്കുകയും ചെയ്തു. നിതീഷിന്റെ മുന്നണി വിടല്‍, സഖ്യത്തെ കടന്നാക്രമിക്കാന്‍ ബിജെപിക്ക് കൂടുതല്‍ കരുത്തു പകരും.

മുന്നണിക്കുണ്ടായ 'ഡാമേജ്' മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മമത ബാനര്‍ജിയുമായും അഖിലേഷ് യാദവുമായുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണ് എന്ന നിലപാട് ഇതിന് ഉദാഹരണമാണ്

ഇന്ത്യ മുന്നണി ഒരു മഴവില്‍ മുന്നണിയാണെന്നും അതിന് നിലനില്‍പ്പില്ലെന്നും തുടക്കം മുതല്‍ ബിജെപി പറയുന്നുണ്ട്. എന്‍ഡിഎ മുന്നണിക്ക് മാത്രമാണ് സ്ഥിരതയുള്ളതെന്നും മറ്റെല്ലാവരും അധികാര മോഹികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞത് ശരിയായി എന്ന തരത്തിലാണ് നിതീഷിന്റെ പുറത്തുപോക്കിന് പിന്നാലെ ബിജെപി പ്രചാരണം നടത്തുന്നത്.

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് കാരണം മറ്റു പാര്‍ട്ടികള്‍ മുന്നണിക്ക് പുറത്തുപോകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളെ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ സ്വതന്ത്രമായി വിടാതെ കോണ്‍ഗ്രസ് വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണെന്നും അനാവശ്യമായ അവകാശവാദങ്ങളിലൂടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുകയാണെന്നും മുന്നണി വിട്ടതിന് പിന്നാലെ ജെഡിയു ആരോപിച്ചിരുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍ നിതീഷിന് പകരം ആര്?; കോണ്‍ഗ്രസിനെ കുഴിയില്‍ ചാടിക്കുന്ന പ്രാദേശിക 'താപ്പാനകള്‍'
'ബിഹാര്‍ ആവര്‍ത്തിക്കരുത്'; യുപിയിലും ബംഗാളിലും അനുനയ നീക്കവുമായി കോണ്‍ഗ്രസ്, പതിനൊന്ന് സീറ്റ് നല്‍കാമെന്ന് അഖിലേഷ്

മുന്നണിക്കുണ്ടായ 'ഡാമേജ്' മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മമത ബാനര്‍ജിയുമായും അഖിലേഷ് യാദവുമായുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണ് എന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം സ്വീകരിച്ചത്. നിതീഷ് കുമാറിനോടും ഇതേ നിലപാട് തന്നെയായിരുന്നു എഐസിസി സ്വീകരിച്ചത്. എന്നാല്‍, പ്രാദേശിക നേതൃത്വങ്ങളാണ് സ്ഥിതി വഷളാക്കുന്നത്. അനാവശ്യ അവകാശവാദങ്ങള്‍ ഉന്നയിച്ച് പ്രാദേശിക പാര്‍ട്ടികളെ പ്രകോപിപ്പിക്കുന്ന നിലപാടാണ് ബംഗാളിലും പഞ്ചാബിലും ബിഹാറിലും യുപിയിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ സ്വീകരിച്ചത്. അതിന് വിലയായി നല്‍കേണ്ടിവന്നത് മുന്നണിയിലെ പ്രബലനായ നേതാവിനെ വിട്ടുകളയുക എന്നതായിരുന്നു.

ഇനി മറ്റു പാര്‍ട്ടികള്‍ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പോംവഴി. മമത ബാനര്‍ജിയെ കൂടുതല്‍ പ്രകോപിതയാക്കാതെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള വഴികള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. അതിന് ആദ്യം ചെയ്യേണ്ടത് തോന്നിയതുപേലെ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന നേതൃത്വങ്ങളെ വരുതിയില്‍ നിര്‍ത്തുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംഭവ വികാസങ്ങള്‍ക്കൊപ്പം കൂട്ടിവായിക്കാന്‍ പുതിയൊരു വാര്‍ത്തകൂടി എത്തുന്നുണ്ട്, തമിഴ്‌നാട്ടില്‍ സീറ്റ് ഷെയര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 9 സീറ്റില്‍ മത്സരിച്ച ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഡിഎംകെയോട് ആവശ്യപ്പെട്ടിരിക്കുന്നത് 21 സീറ്റാണ്! 255 സീറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റു പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാമെന്ന തീരുമാനം ദേശീയ നേതൃത്വമെടുത്തിട്ടും ഇതറിഞ്ഞ മട്ടിലല്ല സംസ്ഥാന നേതൃത്വങ്ങള്‍ പെരുമാറുന്നത്.

logo
The Fourth
www.thefourthnews.in