ഗോത്ര രാഷ്ട്രീയം നിര്‍ണായകം; ത്രിപുരയില്‍ ആരുടെ തന്ത്രം ഫലിക്കും?
സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട്, ബിജെപി-ഐപിഎഫ്ടി സഖ്യത്തിലെ കൊഴിഞ്ഞുപോക്ക്, തിപ്രമോത ഇഫക്ട്... ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ചൂടേറിയ ചര്‍ച്ചയാകുകകയാണ്. 2018ല്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യം.
സിപിഎമ്മിന്റെ അപ്രമാദിത്വം തകര്‍ത്ത് ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെയാണ് 2018ല്‍ ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തത്. 36 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയത് ഐപിഎഫ്ടിയുടെ പിന്തുണകൊണ്ട് മാത്രമാണ്. ഗോത്രവോട്ടുകള്‍ ബിജെപിയിലെത്തിക്കാന്‍ ഈ കൂട്ടുകെട്ടിനായി. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ഗോത്രവര്‍ഗ പാര്‍ട്ടി എട്ടെണ്ണത്തില്‍ വിജയം കാണുകയും ചെയ്തു. ഇത്തവണ ഐപിഎഫ്ടി സഖ്യം വിട്ടുപോകുമോ എന്നതാണ് അവസാനലാപ്പിലും ബിജെപിയെ ഭയപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരെ കൂടെ നിര്‍ത്താനായെന്നത് വലിയ ആശ്വാസവും.
ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പോരാടാന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് സിപിഎം
വെറുതെ അങ്ങ് ജയിക്കാനാകുമെന്ന ആത്മവിശ്വാസം ബിജെപിക്ക് ഇത്തവണ ഇല്ല. അതിന് കാരണമുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യശത്രുവില്‍ നിന്ന് ആപത്തുകാലത്തെ സഹായി എന്ന രീതിയിലേക്ക് ത്രിപുരയിലെ സിപിഎം -കോണ്‍ഗ്രസ് ബന്ധത്തിനുണ്ടായ പരിണാമമാണ് ഇതില്‍ പ്രധാനം. ബംഗാളിന് പിന്നാലെയാണ് ത്രിപുരയിലും സിപിഎം - കോണ്‍ഗ്രസ് സഖ്യം രൂപപ്പെടുന്നത്. ത്രിപുരയില്‍ ഈ കൂട്ടുകെട്ടിന് വിജയം ഉറപ്പാക്കാനാകുമോ , അതോ ബംഗാളിലേത് പോലൊരു തിരിച്ചടി നേരിടേണ്ടി വരുമോ എന്നതായിരിക്കും തിരഞ്ഞെടുപ്പ് ഗതി മാറ്റുക. വലിയ പ്രതീക്ഷയിലാണ് ഇരുപാര്‍ട്ടികളുടേയും നേതൃത്വം. കഴിഞ്ഞതവണ സിപിഎമ്മിന് 16 സീറ്റ് മാത്രമാണ് ത്രിപുരയില്‍ സ്വന്തമാക്കാനായത്. കോണ്‍ഗ്രസിനാണെങ്കില്‍ ഒരു സീറ്റില്‍ പോലും വിജയമുണ്ടായിരുന്നില്ല. ദീർഘകാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരരംഗത്തില്ല. മണിക് സര്‍ക്കാര്‍ സ്ഥിരമായി മത്സരിച്ചിരുന്ന ധാന്‍പൂര്‍ മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന്റെ കൗശിക് ചന്ദയാണ് മത്സരരംഗത്തുള്ളത്. ചന്ദയടക്കം 24 പുതുമുഖങ്ങളാണ് ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. എട്ട് സിറ്റിങ് എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നില്ല.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പോരാടാന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ത്രിപുര ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ത്രിപുര ട്രൈബല്‍ ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി -ഐപിഎഫ്ടി സഖ്യത്തെ തറപറ്റിച്ച് തിപ്രമോത നേടിയത് 28 സീറ്റുകളില്‍ 18 എണ്ണമാണ്
ഇത്തവണ ത്രിപുരയിലെ ഏറ്റവും വലിയ സ്വാധീനശക്തിയാകുമെന്ന് വിലയിരുത്തപ്പെടുന്നത് ഗോത്രവര്‍ഗ പാര്‍ട്ടിയായ ഇന്റിജീനിയസ് പ്രോഗ്രസീവ് റീജിണല്‍ അലയന്‍സ് അഥവാ തിപ്രമോതയാണ്. രാജകുടുംബാംഗവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ കരുത്തുറ്റ നേതൃത്വമാണ് തിപ്രമോതയുടെ ശക്തി. പെട്ടെന്നുള്ള വളര്‍ച്ചയാണ് തിപ്രമോതയെ സംസ്ഥാനത്ത് നിര്‍ണായകമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ത്രിപുര ട്രൈബല്‍ ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി -ഐപിഎഫ്ടി സഖ്യത്തെ തറപറ്റിച്ച് തിപ്രമോത നേടിയത് 28 സീറ്റുകളില്‍ 18 എണ്ണമാണ്. അന്ന് മുതല്‍ ഭരണകക്ഷി ഈ പുതിയ മുന്നേറ്റത്തെ ഭയക്കുന്നുണ്ട്. ത്രിപുരയിലെ ഗോത്ര വര്‍ഗമേഖലകള്‍എന്ന സംസ്ഥാന കൂട്ടിച്ചേര്‍ത്ത് ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് രൂപീകരണമാണ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ മുന്നോട്ടുവയ്ക്കുന്ന ആശയം.അതുകൊണ്ടുതന്നെ ഗോത്രവര്‍ഗക്കാരില്‍ നിന്ന് ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണയും.
തിപ്രമോത - ഐപിഎഫ്ടി സഖ്യത്തെ കുറിച്ച് പ്രത്യോദ് ദേബ് ബര്‍മയ്ക്കും ഐപിഎഫ്ടി ജനറല്‍ സെക്രട്ടറി അഘോര്‍ ദെബ്ബര്‍മയ്ക്കുമിടയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ല
എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കും ബിജെപിയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവ് ദിപചന്ദ്ര ഹൃങ്ഖാവല്‍ പാര്‍ട്ടി വിട്ടിരിക്കുന്നു. 2018ല്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച ദിപചന്ദ്ര ഇത്തവണ വീണ്ടും കോണ്‍ഗ്രസ് പാളയത്തിലാണെത്തിയത്. അതും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്. ആശിഷ് കുമാര്‍ സാഹ, സുദീപ് റോയ് ബര്‍മന്‍ തുടങ്ങിയവരൊക്കെ 2018 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിട്ടവരാണ്. സഖ്യകക്ഷിയായ ഐപിഎഫ്ടിയും കൊഴിഞ്ഞുപോക്ക് നേരിടുകയാണ്. മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ഇവരെല്ലാം ഇപ്പോള്‍ തിപ്രമോതയുടെ ഭാഗവും. തിപ്രമോത - ഐപിഎഫ്ടി സഖ്യത്തെ കുറിച്ച് പ്രത്യോദ് ദേബ് ബര്‍മയ്ക്കും ഐപിഎഫ്ടി ജനറല്‍ സെക്രട്ടറി അഘോര്‍ ദെബ്ബര്‍മയ്ക്കുമിടയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ല. ബിജെപിക്കെതിരായ സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിന് തിപ്രമോതയുമായും സഹകരണമാകാമെന്ന് സിപിഎം -കോണ്‍ഗ്രസ് കൂട്ടുകെട്ട് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ത്രിപുര മോഡല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നും സഖ്യം വിലയിരുത്തുന്നു.
ഗുജറാത്ത്, കര്‍ണാടക മോഡലാണ് ത്രിപുരയിലും ബിജെപി പയറ്റിയത്. മുഖ്യമന്ത്രിയായിരുന്നു ബിപ്ലബ് ദേബ് കുമാറിന്റെ നിലപാടുകള്‍ പാര്‍ട്ടിക്കും സഖ്യത്തിനും അണികള്‍ക്കുമിടയില്‍ അതൃപ്തിയുളവാക്കിയിരുന്നു. ഭരണവിരുദ്ധ വികാര സാധ്യത മുന്നില്‍ കണ്ട് ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന മണിക് സാഹയ്ക്ക നറുക്ക് വീണു.
പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനാസാധുത ഉറപ്പാക്കിയാല്‍ മാത്രമെ ബിജെപിക്ക് ഒപ്പം പോകൂവെന്ന് തിപ്രമോത പ്രഖ്യാപിച്ച് കഴിഞ്ഞു
ത്രിപുരയില്‍ 20 സീറ്റുകള്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ബാക്കി 40 സീറ്റുകളിലാണ് ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിനോ ബിജെപിയ്ക്കോ ഇതില്‍ 30 സീറ്റിലധികം കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാവുകയും 20 സംവരണ സീറ്റില്‍ ബഹുഭൂരിപക്ഷവും ത്രിപാ നേടുകയും ചെയ്താല്‍ അവര്‍ നിര്‍ണായകമാകും. അതല്ല അവര്‍ ഇടതു കോണ്‍ഗ്രസ് സഖ്യവുമായി സഹകരിച്ചാലും ബിജെപിയ്ക്ക് തിരിച്ചടിയാകും.
പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനാസാധുത ഉറപ്പാക്കിയാല്‍ മാത്രമെ ബിജെപിക്ക് ഒപ്പം പോകൂവെന്ന് തിപ്രമോത പ്രഖ്യാപിച്ച് കഴിഞ്ഞു. 'ഞങ്ങള്‍ വിഘടനവാദികളല്ല, പക്ഷെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കപ്പെടണം' - പ്രദ്യോത് ദേബ് ബര്‍മ വ്യക്തമാക്കുന്നു. അതായത് കഴിഞ്ഞതവണ ഐപിഎഫ്ടിയിലൂടെയായിരുന്നെങ്കില്‍ ഇത്തവണ തിപ്രായിലൂടെ ഗോത്ര രാഷ്ട്രീയം ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പായിരിക്കുന്നു. മാര്‍ച്ച് രണ്ട് വരെ കാത്തിരിക്കാം ത്രിപുര രാഷ്ട്രീയമാറ്റങ്ങള്‍ക്ക് സാക്ഷിയാകുമോ അതോ ബിജെപിയുടെ തന്ത്രങ്ങള്‍ ഫലിക്കുമോ എന്നറിയാന്‍.