2000 രൂപ നോട്ടിന് വെറും ഏഴ് വർഷത്തെ ആയുസ്; എന്തിന് പിൻവലിക്കുന്നു? നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം?
വിപണിയിലുണ്ടായിരുന്ന 2000 രൂപ നോട്ട് ആർബിഐ പിൻവലിച്ചിരിക്കുകയാണ്. കേന്ദ്ര ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് നോട്ടിന്റെ വിനിമയം നിർത്തലാക്കുന്ന തീരുമാനം അറിയിച്ചത്. നോട്ട് പുറത്തിറക്കി ഏഴ് വർഷം പിന്നിടുമ്പോഴാണ് ആർബിഐയുടെ നിർണായക തീരുമാനം.
2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയാണ് രണ്ടായിരത്തിന്റെ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്. അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന 500,1000 വിഭാഗത്തിലുള്ള നോട്ടുകൾ പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു 2000 രൂപ നോട്ടിന്റെ വരവ്. നിലവിൽ മറ്റ് നോട്ടുകൾ വിപണിയിൽ സുലഭമായികഴിഞ്ഞുവെന്നാണ് പിന്‍വലിക്കാനുള്ള തീരുമാനം വിശദീകരിച്ച് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.
നോട്ടുകൾ മാറ്റിയെടുക്കുന്നതിന് പ്രത്യേക ഫീസ് ഇല്ല. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സൗകര്യങ്ങൾ ഒരുക്കികൊടുക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം
2018- 19ൽ തന്നെ 2000 നോട്ടിന്റെ അച്ചടി ആർബിഐ അവസാനിപ്പിച്ചിരുന്നു. രണ്ടായിരത്തിന്റെ 89 ശതമാനം നോട്ടുകളും പുറത്തിറക്കിയത് 2017 മാർച്ചിന് മുൻപാണ്. സാധാരണ ഒരു നോട്ടിന്റെ കാലാവധി നാല് മുതൽ അഞ്ചുവർഷമായത് കൊണ്ടുതന്നെ ഇതിന്റെയെല്ലാം കാലാവധി ഏകദേശം അവസാനിച്ചിട്ടുമുണ്ട്. 2018 മാർച്ച് 31ന് വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. ഇത് ഇക്കഴിഞ്ഞ മാർച്ച് 31 ആയപ്പോഴേക്കും 3.62 ലക്ഷം കോടി രൂപയായി ഗണ്യമായി കുറയുകയും ചെയ്തിരുന്നു.
നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം?
പൊതുജനങ്ങൾക്ക് നല്ല നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള 'ക്ലീൻ നോട്ട്' നയത്തിന്റെ ഭാഗമായിട്ടാണ് നിലവിലെ നടപടിയെന്നാണ് ആർബിഐ പറയുന്നത്. 2000 നോട്ടുകൾ മെയ് 23 മുതൽ ബാങ്കുകളിൽ നിന്നോ ആർബിഐയുടെ പലയിടത്തായുള്ള 19 ഇഷ്യൂ കേന്ദ്രങ്ങളിൽനിന്നോ മാറ്റെയെടുക്കാൻ സാധിക്കും. രണ്ടായിരത്തിന്റെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ച് പകരം പ്രചാരത്തിലുള്ള മറ്റ് നോട്ടുകളാക്കാം. ഒരു തവണ 20,000 രൂപ വരെയേ അത്തരത്തിൽ മാറ്റാനാകൂ. സെപ്റ്റംബർ 30 വരെയാണ് ഇതിനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്. അക്കൗണ്ടുള്ള ബ്രാഞ്ചിൽനിന്ന് മാത്രമല്ല സേവനം ലഭ്യമാകുക. ഏത് ബാങ്കിൽനിന്ന് വേണമെങ്കിലും നോട്ട് മാറ്റിയെടുക്കാൻ സാധിക്കും.
നോട്ടുകൾ മാറ്റിയെടുക്കുന്നതിന് പ്രത്യേക ഫീസ് ഇല്ല. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സൗകര്യങ്ങൾ ഒരുക്കികൊടുക്കണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകൾ വേണ്ടവിധത്തിലുള്ള സേവനങ്ങൾ നൽകാതിരുന്നാൽ അതാത് ബാങ്കുകളുടെ പരാതി പരിഹാര സെല്ലിനെ സമീപിക്കാവുന്നതാണ്. അവരിൽ നിന്ന് പരാതി നൽകി മുപ്പത് ദിവസത്തിനുള്ളിൽ മറുപടി ലഭിക്കാതിരുന്നാൽ ആർ ബി ഐയുടെ കംപ്ലെയ്ന്റ് സെല്ലിൽ പരാതി നൽകാനും സാധിക്കും.