ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?

ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?

മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുപോലും വെക്കാതെ കോണ്‍ഗ്രസ് തിരസ്‌കരിച്ച നേതാവിനെ ബിജെപി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍
Updated on
3 min read

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ അതേവര്‍ഷം തന്നെ, മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു എന്ന പമുലപര്‍തി വെങ്കട നരസിംഹ റാവുവിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കുന്നതിന് ബിജെപിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ബാബറി മസ്ജിദ് പൊളിച്ചതിന് മൗനാനുവാദം നല്‍കിയെന്ന് പരക്കെ വിമര്‍ശനമുയര്‍ന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടെങ്കിലും ബിജെപി കൈവിടാന്‍ തയാറല്ല. തങ്ങളുടെ വഴി സുഗമമാക്കി തന്ന നേതാവെന്ന നിലയില്‍ മാത്രമല്ല, റാവുവിനെ ബിജെപി കാണുന്നത്. രണ്ട് തെലുങ്ക് സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തില്‍, നരസിംഹ റാവുവിന്റെ ഓര്‍മകള്‍ ആയുധമാക്കാനും ബിജെപി ശ്രമിക്കുന്നു. മരണാനന്തരം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുപോലും വെക്കാതെ കോണ്‍ഗ്രസ് തിരസ്‌കരിച്ച നേതാവിനെ ബിജെപി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍, സോണിയയും റാവുവും തമ്മില്‍ ഏറ്റുമുട്ടിയ കാലം വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് സാധിക്കും.

തങ്ങളുടെ പ്രധാന പരിപാടികളിലൊന്നിലും കോണ്‍ഗ്രസ് നരസിംഹ റാവുവിനെ അനുസ്മരിക്കാറില്ല. സ്മാരകങ്ങള്‍ നിർമിക്കാനോ അനുസ്മരണം നടത്താനോ കോണ്‍ഗ്രസ് മനസ് കാണിക്കാറില്ല. ഈ മനഃപൂര്‍വമുള്ള മറവി, ബിജെപി മുതലാക്കി

കോണ്‍ഗ്രസിനെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന റാവുവിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ആന്ധ്രയില്‍നിന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ, ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അഞ്ചുവര്‍ഷം തികച്ച നരസിംഹ റാവുവിനെ കോണ്‍ഗ്രസ് നേതൃത്വം മനഃപൂര്‍വം മറക്കുകയാണെന്ന പ്രചാരണമാണ് ബിജെപി ക്യാമ്പുകള്‍ നടത്തുന്നത്.

തങ്ങളുടെ പ്രധാന പരിപാടികളിലൊന്നിലും കോണ്‍ഗ്രസ് നരസിംഹ റാവുവിനെ അനുസ്മരിക്കാറില്ല. സ്മാരകങ്ങള്‍ നിർമിക്കാനോ അനുസ്മരണം നടത്താനോ കോണ്‍ഗ്രസ് മനസ് കാണിക്കാറില്ല. ഈ മനഃപൂര്‍വമുള്ള മറവി, ബിജെപി മുതലാക്കി. തകര്‍ന്നുപോയ സമ്പദ്‌വ്യവസ്ഥയെ കരകയറ്റിയ നേതാവായി നരസിംഹ റാവുവിനെ ബിജെപി വാഴ്ത്തിപ്പാടുന്നു.

ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?
നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും എം എസ് സ്വാമിനാഥനും ഭാരതരത്ന; നിഷ്കളങ്കമാണോ ഈ അംഗീകാരങ്ങൾ?
രാജീവ് ഗാന്ധി വധത്തിനുശേഷം കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയും അധികാര വടംവലിയുമാണ് നരസിംഹ റാവുവിനെ പ്രധാനമന്ത്രി കസേരയിലെത്തിച്ചത്. രാജീവ് ഗാന്ധി സര്‍ക്കാരിനുശേഷം ഡല്‍ഹിയില്‍നിന്ന് തിരിച്ചുപോകാൻ റാവു ആലോചിച്ചിരുന്നു

നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങായിരുന്നു ഇന്ത്യന്‍ സമ്പദ് മേഖലയുടെ വാതിലുകള്‍ ഉദരീകരണത്തിന് തുറന്നുകൊടുത്തത്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടെങ്കിലും സമ്പത്തികരംഗത്തെ 'വിപ്ലവകരമായ മാറ്റത്തിന്റെ' മുഴുവന്‍ ക്രെഡിറ്റും മൻമോഹൻ സിങ്ങിന് കൊടുക്കുന്ന പ്രതികരണങ്ങളാണ് പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാറുള്ളത്. ആ മന്ത്രിസഭയെ നയിച്ച നരസിംഹ റാവുവിന്റെ പേര് പറയാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, നരസിഹ റാവുവിന് വേണ്ടി ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയതോടെ, നിലപാടില്‍ ചെറിയ വിട്ടുവീഴ്ച വരുത്താന്‍ കോണ്‍ഗ്രസ് തയാറായി. 2020-ല്‍ നരസിംഹ റാവുവിനെ പുകഴ്ത്തി സോണിയ ഗാന്ധി രംഗത്തെത്തി. പക്ഷേ, അപ്പോഴേക്കും ബിജെപി നരസിംഹ റാവുവിന്റെ പിന്തുടര്‍ച്ചാവകാശം കൈക്കലാക്കിയിരുന്നു.

ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?
അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി

സോണിയയും റാവുവും തമ്മിലുള്ള ശത്രുതയുടെ കഥ

രാജീവ് ഗാന്ധി വധത്തിനുശേഷം കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയും അധികാര വടംവലിയുമാണ് നരസിംഹ റാവുവിനെ പ്രധാനമന്ത്രി കസേരയിലെത്തിച്ചത്. രാജീവ് ഗാന്ധി സര്‍ക്കാരിനുശേഷം ഡല്‍ഹിയില്‍നിന്ന് തിരിച്ചുപോകാൻ റാവു ആലോചിച്ചിരുന്നു. എന്നാല്‍, രാജീവ് ഗാന്ധിയുടെ കൊലപാതകം എല്ലാം തകിടംമറിച്ചു. സോണിയ ഗാന്ധിക്കെതിരെ പ്രത്യക്ഷ നീക്കവുമായി ശരദ് പവാര്‍, അര്‍ജുന്‍ സിങ്, എന്‍ ഡി തിവാരി തുടങ്ങിയ അതികായര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടു.

ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?
ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?

രാജീവ് വധത്തിനുപിന്നാലെ, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശം സോണിയ നിരസിച്ചു. പ്രധാനമന്ത്രി പദത്തിലേക്കും സോണിയക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, എതിര്‍ സ്വരങ്ങളെ ഒതുക്കാന്‍ ഗാന്ധി കുടുംബത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന ആവശ്യമുയര്‍ന്നു. പ്രശ്‌നക്കാരനല്ലാതിരുന്ന നരസിംഹ റാവുവിന്റെ പേര് അങ്ങനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത്. എന്നാല്‍, റാവു ആയിരുന്നില്ല, ശങ്കര്‍ ദയാല്‍ ശര്‍മയായിരുന്നു സോണിയയുടെ മനസ്സിൽ. എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം സോണിയ അംഗീകരിച്ചു. പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം അറിയിക്കാനായി മുറിയിലേക്ക് വിളിപ്പിച്ചപ്പോള്‍, റാവു സോണിയയുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീഴുകയായിരുന്നുവെന്ന് പിന്നീട് പല കോണ്‍ഗ്രസ് നേതാക്കളും ഓര്‍ത്തെടുത്തിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ സോണിയ പറയുന്നതിന് ഒരക്ഷരം മറുത്തുപറയാതിരുന്ന റാവുവിന്റെ സ്വഭാവത്തില്‍ 1992 ഓടെ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി ജോര്‍ജിന് രാജ്യസഭ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എസ് ബംഗാരപ്പ നരസിംഹ റാവുവിനെ സമീപിക്കുന്നതോടെയാണ് ഇത് പ്രകടമാകുന്നത്

ആദ്യകാലങ്ങളില്‍ സോണിയ പറയുന്നതിന് ഒരക്ഷരം മറുത്തുപറയാതിരുന്ന റാവുവിന്റെ സ്വഭാവത്തില്‍ 1992 ഓടെ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി ജോര്‍ജിന് രാജ്യസഭ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എസ് ബംഗാരപ്പ നരസിംഹ റാവുവിനെ സമീപിക്കുന്നതോടെയാണ് ഇത് പ്രകടമാകുന്നത്. സോണിയ ഗാന്ധി സമ്മതിക്കുകയാണെങ്കില്‍ ജോര്‍ജിന് സീറ്റ് നല്‍കാമെന്നായിരുന്നു റാവുവിന്റെ നിലപാട്. തന്റെ വിശ്വസ്തരില്‍ ഒരാള്‍ക്കുവേണ്ടി ഈ സീറ്റില്‍ നരസിംഹ റാവുവിന് കണ്ണുണ്ടായിരുന്നു. എന്നാല്‍, സോണിയ ഗാന്ധി ജോര്‍ജിന് സീറ്റ് നല്‍കണമെന്നോ നല്‍കണ്ടേന്നോ പറഞ്ഞില്ല. ഈ സീറ്റ് റാവുവിന്റെ സന്തതസഹചാരിക്ക് തന്നെ ലഭിക്കുകയും ചെയ്തു.

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹ റാവു സ്വീകരിച്ച നിഗൂഢമായ മൗനം കോണ്‍ഗ്രസിലെ മറ്റു നേതാക്കളെ പ്രകോപിപ്പിച്ചു. എന്‍ ഡി തിവാരിയും അര്‍ജുന്‍ സിങും റാവുവിനെതിരെ കൂടുതല്‍ ശക്തമായി രംഗത്തുവന്നു. അന്ന് സോണിയയുമായി അടുപ്പമുണ്ടായിരുന്നവര്‍ ഇവരെ പിന്തുണച്ചു. അര്‍ജുന്‍ സിങും തിവാരിയും സോണിയയെ കണ്ട് പരാതി പറയുകകൂടി ചെയ്തതോടെ റാവു അസ്വസ്ഥനായി.

സോണിയ ഗാന്ധിക്കൊപ്പം നരസിംഹ റാവു
സോണിയ ഗാന്ധിക്കൊപ്പം നരസിംഹ റാവു
1998-ല്‍ സോണിയ ഗാന്ധി എഐസിസി അധ്യക്ഷയായശേഷം, റാവുവിനെ പാര്‍ട്ടി സമ്പൂര്‍ണമായി ഒഴിവാക്കുന്നതാണ് കണ്ടത്. പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ക്കൊപ്പം റാവുവിന്റെ ചിത്രം ഒരിക്കല്‍പോലും കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനങ്ങളില്‍ ഇടംപിടിച്ചില്ല

ഇതിലും വലിയ പൊട്ടിത്തെറി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. രാജീവ് ഗാന്ധി വധക്കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സോണിയ അസ്വസ്ഥയായിരുന്നു. രാജീവിന്റെ കൊലപാതകത്തിനു കാരണമായ എല്‍ടിടിഇ പ്രവര്‍ത്തകര്‍ ശ്രീലങ്കയിലുണ്ടെന്നും ഇവരെ കൈമാറണമെന്നും ആവശ്യപ്പെട്ട് സോണിയ അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയെ സമീപിച്ചു. ഇവരെ കൈമാറണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടില്ലെന്ന വിവരം അപ്പോഴാണ് സോണിയ അറിയുന്നതെന്ന് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിന്നീട് പറഞ്ഞു.

1995 ഓഗസ്റ്റില്‍ സോണിയയുടെ ക്ഷമ നശിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ അവര്‍ പരസ്യ പ്രതികരണം നടത്തി. ഇതോടെ, രണ്ടുപേരും രണ്ടു വഴിയായി. 1996-ലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം നരസിംഹ റാവുവിനാണന്നുള്ള തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നത്. തോല്‍വിക്കു പിന്നാല, എഐസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് റാവുവിനെ മാറ്റി. പകരം സീതാറാം കേസരിയെ പ്രസിഡന്റാക്കി.

ബാബരി മുതല്‍ രാജീവ് വരെ; ബിജെപി ആഘോഷിക്കുന്ന നരസിംഹ റാവുവിനെ കോണ്‍ഗ്രസ് കൈവിട്ടതെന്തിന്?
പാകിസ്താനിലെ അസംബന്ധ 'ജനാധിപത്യ' നാടകം

പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ നരസിംഹ റാവുവിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടു. ബാബരി മസ്ജിദ് പൊളിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് റാവുവിന് സീറ്റ് നല്‍കാത്തതെന്ന് സീതാറാം കേസരി പരസ്യ പ്രസ്താവന നടത്തി. 1998-ല്‍ സോണിയ ഗാന്ധി എഐസിസി അധ്യക്ഷയായശേഷം, റാവുവിനെ പാര്‍ട്ടി സമ്പൂര്‍ണമായി ഒഴിവാക്കുന്നതാണ് കണ്ടത്. പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ക്കൊപ്പം റാവുവിന്റെ ചിത്രം ഒരിക്കല്‍പോലും കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനങ്ങളില്‍ ഇടംപിടിച്ചില്ല. മരണശേഷവും കോണ്‍ഗ്രസിന് (സോണിയയ്ക്ക്?) റാവുവിനോടുള്ള പക മാറിയില്ല.

2004 ഡിസംബര്‍ 23-ന് 83-ാം വയസ്സില്‍ നരസിംഹ റാവു ജീവതത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വെക്കാൻ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. ഡല്‍ഹിയില്‍ റാവുവിനുവേണ്ടി സ്മാരകം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. അവസാനം, ഏറ്റെടുക്കാന്‍ ആരുമില്ലാതിരുന്ന നരസിംഹ റാവുവിന്റെ രാഷ്ട്രീയപൈതൃകം ബിജെപി സ്വയം ഏറ്റെടുത്തു. നരേന്ദ്ര മോദിക്കും അടൽ ബിഹാരി വാജ്‌പേയ്ക്കും ശേഷം രാജ്യത്തെ ശക്തനായ പ്രധാനമന്ത്രിയായി നരസിംഹ റാവുവിനെ ബിജെപി ബ്രാന്‍ഡ് ചെയ്തു. നരസിംഹ റാവുവിന്റെ കഥ അവസാനിക്കുന്നില്ല, കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കാന്‍ അദ്ദേഹത്തെ ബിജെപി തിരികെ കൊണ്ടുവന്നിരിക്കുന്നു.

logo
The Fourth
www.thefourthnews.in