ഗവര്‍ണറുടെ നടപടിയില്‍ ആശങ്കയുമായി തമിഴ്നാട്
ബിജെപി; സെന്തിലിനെ പുറത്താക്കിയ നടപടി ഗവര്‍ണര്‍ തിരുത്തിയതെന്തിന്?

ഗവര്‍ണറുടെ നടപടിയില്‍ ആശങ്കയുമായി തമിഴ്നാട് ബിജെപി; സെന്തിലിനെ പുറത്താക്കിയ നടപടി ഗവര്‍ണര്‍ തിരുത്തിയതെന്തിന്?

കേന്ദ്രമന്ത്രി അമിത്ഷായുടെ ഉപദേശ പ്രകാരമാണ് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയതെന്നാണ് വിവരം
Updated on
1 min read

രാഷ്ട്രീയ നാടകങ്ങള്‍ പുത്തരിയല്ലാത്ത തമിഴ്നാട്ടില്‍ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതും പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചതും വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തെ ബിജെപി ഘടകം തന്നെ വിമര്‍ശനം ഉയര്‍ത്തിയതോടെ, ഉത്തരവ് പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായുടെ ഉപദേശ പ്രകാരമാണ് ഗവർണർ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയതെന്നാണ് വിവരം.

മന്ത്രിയെ പിരിച്ച് വിടാനുള്ള ഗവര്‍ണറുടെ നടപടികള്‍ കണ്ട് ശരിക്കും അത്ഭുതപ്പെട്ട് പോയെന്നും ഈ നടപടികളെ അപലപിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു

പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ അവസരം നല്‍കാതെ ഗവര്‍ണറുടെ തെറ്റ് അദ്ദേഹത്തെക്കൊണ്ട് തന്നെ തിരുത്തിക്കുകയാണ് കേന്ദ്രം ചെയ്തത്. സെന്തിലിനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്രവുമായി ആലോചിക്കാതെയാണ് ഗവർണർ എടുത്തതെന്നാണ് സൂചന. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടും ആർ എന്‍ രവിക്ക് എതിരായിരുന്നു. ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവകാശപ്പെടാം. 2018 ല്‍ എഐഎഡിഎംകെ മന്ത്രി സി വിജയഭാസ്‌കറിന്റെ രാജി ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഒരു മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം. പിരിച്ച് വിടാനുള്ള ഗവര്‍ണറുടെ നടപടികള്‍ കണ്ട് അത്ഭുതപ്പെട്ട് പോയെന്നും ഈ നടപടികളെ അപലപിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു.

നിയമോപദേശം തേടാതെ സെന്തിലിനെ പുറത്താക്കാന്‍ ഉത്തരവിട്ടത് അവിവേകമായിരുന്നുവെന്ന് ഗവര്‍ണര്‍ പരോക്ഷമായി തന്നെ സമ്മതിക്കുകയായിരുന്നു

സെന്തിലിന്റെ വിഷയത്തില്‍ അറ്റോര്‍ണി ജനറലിനോട് ഉപദേശം തേടുന്നതാകും നല്ലതെന്ന് അമിത് ഷാ ഉപദേശിച്ചെന്ന് സ്റ്റാലിന് അയച്ച രണ്ടാമത്തെ കത്തിലാണ് ഗവർണർ വെളിപ്പെടുത്തിയത്. ഇതിലൂടെ സെന്തിലിനെ പുറത്താക്കാനുള്ള ഉത്തരവ് അവിവേകമായിരുന്നുവെന്ന് ഗവര്‍ണര്‍ പരോക്ഷമായി തന്നെ സമ്മതിക്കുകയായിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 164(1) പ്രകാരം മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ നിയമിക്കുകയാണ്. പിന്നീട് ഗവര്‍ണറിന്റെ പ്രീതി മറ്റ് മന്ത്രിമാര്‍ നിലനിര്‍ത്തുകയാണ് വേണ്ടത്.

പുറത്താക്കലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബിജെപിയിലും ആശങ്ക ഉയർന്നിരുന്നു. ഗവര്‍ണറുടെ നടപടി സമ്പൂര്‍ണമായ ഭരണഘടനാ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പാര്‍ട്ടി ഭയപ്പെട്ടിരുന്നു. ഒരു പക്ഷേ ഇനി ചുമതലയേല്‍ക്കുന്ന ഗവര്‍ണറും ഈ നടപടികള്‍ പിന്തുടരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും അവര്‍ പങ്കുവച്ചു. ഫെഡറലിസത്തിന് തുരങ്കം വയ്ക്കുന്ന ഒരുപാട് നടപടികള്‍ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന ആരോപണം ഇതിനോടകം തന്നെ ബിജെപി നേരിടുന്നുണ്ട്. അതിനാല്‍ ഈ വിഷയം കോടതിയിലെത്തുമ്പോള്‍ വാദിച്ചുനില്‍ക്കാനുള്ള ഒരു ന്യായവുമില്ലെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്.

ഗവര്‍ണറുടെ നടപടിയില്‍ ആശങ്കയുമായി തമിഴ്നാട്
ബിജെപി; സെന്തിലിനെ പുറത്താക്കിയ നടപടി ഗവര്‍ണര്‍ തിരുത്തിയതെന്തിന്?
നാടകീയം തമിഴ്നാട്; സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ച് ഗവര്‍ണര്‍, നിയമോപദേശം തേടി

പ്രതിപക്ഷത്തിരിക്കെ മന്ത്രി വിജയ്ഭാസ്‌കറിനെ പിരിച്ചുവിടണമെന്ന ഡിഎംകെ ആവശ്യത്തിന് അന്ന് നേതൃത്വം നല്‍കിയത് സ്റ്റാലിനായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലെ വാദിച്ചിരുന്നു. ബാലാജിയെ സ്റ്റാലിന്‍ സംരക്ഷിക്കുകയാണെന്നാണ് അണ്ണാമലൈയുടെ വാദം. എന്നാല്‍ ഗവര്‍ണറുടെ നടപടികളിലെ പ്രശ്‌നം ലഘൂകരിക്കാനാണ് അണ്ണാമലൈ ശ്രമിക്കുന്നതെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം.

logo
The Fourth
www.thefourthnews.in