തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇവിഎം മെഷീനുകള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ട്?

സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ടിംഗ് രീതിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.
Updated on
1 min read

രാജ്യത്ത് 2004 മുതല്‍ നാല് ലോക്സഭ തെരഞ്ഞെടുപ്പിലും 127 നിയമസഭ തെരഞ്ഞടുപ്പുകളിലും ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ( ഇവിഎം) എന്തുകൊണ്ടാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞടുപ്പുകളില്‍ ഉപയോഗിക്കാത്തത്? ലോക്സഭയിലേക്കും നിയമസഭയിലേക്കും ജനങ്ങള്‍ നേരിട്ട് വോട്ടുചെയ്യുന്ന, പ്രത്യക്ഷ തെരഞ്ഞെടുപ്പ് രീതിയാണ് പിന്തുടരുന്നത്. അതിനാലാണ് ഇവിഎം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. മറ്റ് മാനദണ്ഡങ്ങളൊന്നുമില്ലാതെ ഒരു വോട്ടര്‍ക്ക് നേരിട്ട് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍, പരോക്ഷ വോട്ടെടുപ്പ് രീതിയാണ് പിന്തുടരുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളാണ് അവിടെ ജനങ്ങള്‍ക്കുവേണ്ടി വോട്ട് ചെയ്യുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 54 പ്രകാരം ഇലക്ടറല്‍ കോളേജിലെ അംഗങ്ങളാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭയിലേയും ലോകസഭയിലേയും തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍, സംസ്ഥാന നിയമസഭയിലെ എംല്‍എമാര്‍, മൂന്ന് കേന്ദ്രഭരണപ്രദേശത്തെയും നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ എന്നിവരാണ് ഇലക്ടറല്‍ കോളേജിലെ അംഗങ്ങള്‍. നോമിനേറ്റ് ചെയ്യപ്പെട്ട എംഎല്‍എമാര്‍ക്കോ എംപിമാര്‍ക്കോ ഇലക്ടറല്‍ കോളേജിന്റെ ഭാഗമായി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.

സാധാരണ തെരഞ്ഞെടുപ്പില്‍ ഒരാളുടെ വോട്ടിന് ഒരു മൂല്യമാണ് ഉള്ളത്. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെയും എംപിമാരുടടെയും ഒരു വോട്ടിന് ഒരു മൂല്യമല്ല ഉള്ളത്. പാര്‍ലമെന്റിനും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ക്കിടയിലും തുല്യത കൊണ്ടുവരുന്നതിനാണ് ഇത്തരത്തിലൊരു വോട്ടിങ്ങ് സംവിധാനം കൊണ്ടു വന്നത്.

സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ടിംഗ് രീതിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ബാലറ്റ് പേപ്പറില്‍ മുന്‍ഗണനാ ക്രമത്തില്‍ സ്ഥാനാര്‍ഥികളെ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓരോ വോട്ടര്‍ക്കും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണന ക്രമത്തില്‍ വോട്ട് ചെയ്യാം. 1,2,3,4 എന്നീ ക്രമത്തില്‍ ഓരോ സ്ഥാനാര്‍ഥിയുടെയും പേരിനു നേരെ മുന്‍ഗണന രേഖപ്പെടുത്താം. മുന്‍ഗണനാ ക്രമത്തില്‍ ലഭിക്കുന്ന വോട്ടുകളില്‍ ഏറ്റവും കുറവ് വോട്ട് കിട്ടുന്ന സ്ഥാനാര്‍ഥിയെ ഒഴിവാക്കി അതില്‍ നിന്നും വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക്. ചില മാനദണ്ഡമനുസരിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. മൊത്തം വോട്ടിന്റെ പകുതിയിലധികം വോട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ ആവശ്യം. ആ വോട്ട് ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുംവരെ ഈ പ്രക്രിയ തുടരുന്നു. ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ ഒന്നിലധികം വ്യത്യസ്തമായ ഇവിഎമ്മുകള്‍ ആവശ്യമായി വരുമെന്നതിനാലാണ് നിലവില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ ഉപയേഗിക്കാത്തത്.

1977ലാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ആദ്യമായി ഇവിഎം വിഭാവന ചെയ്യുന്നത്. ഹൈദരബാദിലെ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇവിഎം രൂപകല്‍പ്പന ചെയ്തത്. 1982ല്‍ കേരളത്തില്‍ നോര്‍ത്ത് പറവൂരില്‍ നടന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇവിഎം ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in