കോണ്‍ഗ്രസ് കന്നഡിഗരെ പറ്റിച്ചോ? തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രാവര്‍ത്തികമാകാത്തത് എന്തുകൊണ്ട്?
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ അഞ്ചിന വാഗ്ദാനങ്ങള്‍ അധികാരമേറി ദിവസങ്ങള്‍ പിന്നിട്ടിട്ടും നിറവേറ്റപ്പെട്ടിട്ടില്ല. വാഗ്ദാനങ്ങള്‍ 'സര്‍ക്കാര്‍ ഉത്തരവായി' ഇറങ്ങാന്‍ വൈകുന്നതോടെ വൈദ്യുതി ബില്ലിനെ ചൊല്ലിയും ബസില്‍ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലിയും പൊതുജനങ്ങളും ജീവനക്കാരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് വാക്ക് പാലിക്കാന്‍ കഴിയാത്തത്?
200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്ന ഗൃഹ ജ്യോതി, വീട്ടമ്മമാര്‍ക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി, തൊഴില്‍രഹിതര്‍ക്കായി 4500 രൂപയുടെ യുവനിധി, ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 10 കിലോഗ്രാം സൗജന്യ അരി, വനിതകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര. ഇത്രയുമായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാക്ക് മുന്നില്‍ വെച്ച വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും ഒപ്പിട്ട ' ഗ്യാരണ്ടി കാര്‍ഡുകള്‍ ' മണ്ഡലംതോറും വിതരണം ചെയ്തായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടു പിടുത്തം. നിശബ്ദ പ്രചാരണ ദിവസം ഈ ഗ്യാരണ്ടി കാര്‍ഡുകള്‍ ചാമുണ്ഡേശ്വരി ദേവിക്ക് സമര്‍പ്പിച്ചും കോണ്‍ഗ്രസ് കന്നഡിഗരുടെ വിശ്വാസം പിടിച്ചു പറ്റി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 135 സീറ്റുകള്‍ നല്‍കി കന്നഡിഗ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റി.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ആദ്യ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഇതിനു വേണ്ട ഭീമമായ തുക കണ്ടെത്തിയാല്‍ മാത്രമേ സര്‍ക്കാരിന് മുന്നോട്ടു പോകാനാകൂ. അഞ്ചിന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഏകദേശം 50,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഒരുക്കേണ്ടതുമുണ്ട്. അധികം വരുന്ന ബാധ്യത നികുതിയായോ സെസ് ആയോ പൊതുജനങ്ങളില്‍ നിന്ന് തന്നെ പിരിച്ചെടുക്കാതെ തരമില്ല. അതെത്ര എന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ ബന്ധപ്പെട്ടവരെ കര്‍ണാടക സര്‍ക്കാര്‍ ചുമത്തപ്പെടുത്തിയിട്ടുണ്ട്. വരുന്ന മന്ത്രി സഭായോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മൂന്ന് ലക്ഷം കോടി രൂപയുടെ പ്രതിവര്‍ഷ ബജറ്റാണ് കര്‍ണാടക അവതരിപ്പിക്കാറ്. ഈ സാമ്പത്തിക വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ നിന്ന് 25,000 മുതല്‍ 30,000 കോടി രൂപ വരെ ഇതിനായി കണ്ടെത്താനാകുമെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത് . വൈദ്യുതി - ബസ് ചാര്‍ജ് വര്‍ധന വരുത്തി 'സൗജന്യങ്ങള്‍ക്ക് ' പണം കാണാമെന്നാണ് കണക്കുക്കൂട്ടല്‍. വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ വര്‍ധിപ്പിക്കാന്‍ ഇതിനോടകം തന്നെ സംസ്ഥാന വൈദുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു യൂണിറ്റിന് നിലവില്‍ 9 രൂപ 12 പൈസയാണ് വില. നിരക്ക് വര്‍ധന വരുന്നതോടെ വരുമാനം വര്‍ധിക്കും.
ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മാതൃകയില്‍ സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ നിലവില്‍ കര്‍ണാടകയില്‍ തടസങ്ങളില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഉപഭോക്താവിന് അക്കൗണ്ടുകളില്‍ പണം നല്‍കിയാണോ അതോ വൈദ്യുതി കമ്പനികള്‍ക്ക് സബ്സിഡി തുക നല്‍കിയാണോ സൗജന്യം നടപ്പിലാക്കേണ്ടതെന്ന ആശയകുഴപ്പം മാത്രമേയുള്ളൂ. 9000 കോടി രൂപയാണ് സംസ്ഥാനത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാന്‍ അധികമായി കണ്ടെത്തേണ്ടത്.
കര്‍ണാടക സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ വൈകിയതോടെ കര്‍ണാടകത്തിലെങ്ങും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തര്‍ക്കത്തിലാകുകയാണ്. ബസില്‍ ടിക്കറ്റെടുക്കാതെയും വൈദ്യുത മീറ്റര്‍ പരിശോധിക്കാന്‍ സമ്മതിക്കാതെയും ജീവനക്കാരോട് കയര്‍ക്കുകയാണ് ആളുകള്‍. സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വാഗ്ദാനങ്ങള്‍ വിവരിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പ്ലേ ചെയ്താണ് എല്ലാവരും തര്‍ക്കിക്കുന്നത്. ജൂണ്‍ ഒന്നാം തീയതിക്കുള്ളില്‍ വാഗ്ദാനങ്ങള്‍ നടപ്പിലായില്ലെങ്കില്‍ വൈദ്യുതി ബില്ലും ബസ് ചാര്‍ജും നല്‍കേണ്ടതില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ ആഹ്വാനവും പൊതു ജനങ്ങള്‍ക്ക് വളമാകുകയാണ്. ഇതുമൂലം അക്ഷരാര്‍ഥത്തില്‍ വലയുകയാണ് ഉദ്യോഗസ്ഥ വിഭാഗം.
എല്ലാ സൗജന്യങ്ങളും ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് മാത്രമെന്ന അഭ്യൂഹം പരന്നതോടെ ബിപിഎല്‍ കാര്‍ഡിനുള്ള അപേക്ഷകരുടെ എണ്ണം സംസ്ഥാനത്തു കൂടി. പ്രതിദിനം അഞ്ഞൂറോളം അപേക്ഷകളാണ് ഓണ്‍ലൈന്‍ ആയും അല്ലാതെയും ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കുന്നത്. ബെലഗാവിയില്‍ 27,441, വിജയപുരയില്‍ 17, 228, ബെംഗളൂരുവില്‍ 12,765, ബീദറില്‍ 12 ,498 എന്നിങ്ങനെയാണ് അപേക്ഷകള്‍ എത്തിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പ് ഒന്നര ലക്ഷം ബിപിഎല്‍ കാര്‍ഡുകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് നാല് കോടി ബിപിഎല്‍ കാര്‍ഡുടമകള്‍ ഉണ്ട്. ഇനി കാര്‍ഡ് അനുവദിക്കണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു തളര്‍ന്നിരിക്കുകയാണ് ഇവിടെയും ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് അപേക്ഷിക്കുകയാണവര്‍.