ടീസ്റ്റ സെതൽവാദ്
ടീസ്റ്റ സെതൽവാദ്

ടീസ്റ്റ സെതല്‍വാദ് കേസ്: എല്ലാ ജാമ്യ ഹര്‍ജികളും ഗുജറാത്ത് ഹൈക്കോടതി ഇതുപോലെ നീട്ടിവയ്ക്കാറുണ്ടോ എന്ന് സുപ്രീംകോടതി

സോളിസിറ്റര്‍ ജനറലിന്റെ അപേക്ഷ പരിഗണിച്ച് ജാമ്യ ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും
Updated on
2 min read

സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനായി സുപ്രീംകോടതി നാളത്തേക്ക് മാറ്റി. ടീസ്റ്റയുടെ ജാമ്യ ഹര്‍ജി ആറ് ആഴ്ചത്തേക്ക് നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചു. സമാന കേസുകളിലെ ജാമ്യ ഹര്‍ജികളെല്ലാം ഗുജറാത്ത് ഹൈക്കോടതി ഇതുപോലെ നീട്ടിവയ്ക്കാറുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ തങ്ങളെ അലട്ടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന പ്രകാരമാണ് കേസ് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനായി മാറ്റിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബല്‍ ടീസ്റ്റയ്ക്ക് വേണ്ടി ഹാജരായി.

നിലവില്‍ ചുമത്തപ്പെട്ട കുറ്റങ്ങളിലെല്ലാം കസ്റ്റഡിയിൽ വയ്ക്കാതെ തന്നെ അന്വേഷണം നടത്താവുന്നതാണ്
ചീഫ് ജസ്റ്റിസ്

ടീസ്റ്റയ്ക്കുമേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും ജാമ്യം നിഷേധിക്കുന്നതിന് തടസ്സമാകുന്നതല്ല. എന്നിട്ടും ഗുജറാത്ത് ഹൈക്കോടതി വാദം കേൾക്കാൻ ആറാഴ്ച നീട്ടി വയ്ക്കുകയായിരുന്നെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. "യുഎപിഎ, പോട്ട (POTA) പോലെയുള്ള വകുപ്പുകൾ ചുമത്താൻ പാകത്തിനുള്ള കുറ്റകൃത്യങ്ങളൊന്നും ഈ കേസിലില്ല. നിലവില്‍ ചുമത്തപ്പെട്ട കുറ്റങ്ങളിലെല്ലാം കസ്റ്റഡിയിൽ വയ്ക്കാതെ തന്നെ അന്വേഷണം നടത്താവുന്നതാണ്." ജസ്റ്റിസ് യു യു ലളിത് നിരീക്ഷിച്ചു.

നിലവിലുള്ള എഫ്‌ഐആറിൽ സാകിയ ജാഫ്രിയുടെ കേസ് തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലുള്ളതില്‍ കൂടുതലൊന്നുമില്ല. കഴിഞ്ഞ രണ്ട് മാസമായി അന്വേഷണം നടക്കുന്ന കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇത്രനാള്‍ ടീസ്റ്റയെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസ് പുതിയതായി എന്തെങ്കിലും കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു.

ഓഗസ്റ്റ് 22ന് ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴും സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ടീസ്റ്റയുടെ ഇടക്കാല ജാമ്യ ഹർജി അഹമ്മദാബാദ് സെഷന്‍സ് കോടതി ജൂലൈ 30ന് തള്ളിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് ആറാഴ്ചത്തേക്ക് നീട്ടിവച്ചു. സെപ്റ്റംബര്‍ 19ന് ഹര്‍ജി പരിഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇതേ തുടർന്നാണ് ടീസ്റ്റ സെതൽവാദ് സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ രണ്ട് മാസമായി അന്വേഷണം നടക്കുന്ന കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചോ എന്ന് കോടതി

ജൂൺ 26നാണ് ടീസ്റ്റയെയും ഗുജറാത്ത് മുന്‍ ഡിജിപി ആർ ബി ശ്രീകുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ തെളിവ് ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. സാക്ഷികളുടെ വ്യാജ മൊഴികൾ അന്വേഷണ സംഘത്തിന് മുന്‍പാകെ ടീസ്റ്റ സെതൽവാദ് സമർപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം എഫ്‌ഐആറിൽ പറയുന്നു.

ടീസ്റ്റ സെതൽവാദ്
ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്: വിധിയില്‍ വ്യക്തത വേണം; ചീഫ് ജസ്റ്റിസിന് സാമുഹ്യപ്രവര്‍ത്തകരുടെ കത്ത്

2002ലെ കലാപത്തില്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നടപടി ജൂണ്‍ 24ന് സുപ്രീം കോടതി ശരിവച്ചിരുന്നു. സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണമുന്നയിച്ച് സാകിയ ജഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. മോദി സര്‍ക്കാരില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജ മൊഴികള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും അത്തരക്കാരെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. വിധി വന്ന് പിറ്റേദിവസമാണ്, ഗുജറാത്ത് പൊലീസ് ടീസ്റ്റയെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി.

logo
The Fourth
www.thefourthnews.in