സിനിമാ തീയേറ്ററുകളില്‍ എന്തുകൊണ്ടാണ് പോപ്കോണിന് ഇത്ര വില?

സിനിമാ തീയേറ്ററുകളില്‍ എന്തുകൊണ്ടാണ് പോപ്കോണിന് ഇത്ര വില?

മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിലാണ് ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും അധിക വില ഈടാക്കുന്നത്. സാധാരണ തീയേറ്ററുകളെ അപേക്ഷിച്ച് മള്‍ട്ടിപ്ലക്സുകളുടെ നടത്തിപ്പ് ചിലവ് ഏറെയാണ്.
Updated on
1 min read

സിനിമാ തീയേറ്ററുകളിലേക്ക് ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവരുന്നത് വിലക്കാമെന്ന് ജനുവരി മൂന്നിനാണ് സുപ്രീംകോടതി വിധിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കാന്‍ തീയേറ്ററുകള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‌റെ വിധി. അതേസമയം, കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. സിനിമ കാണുന്നതിനൊപ്പം ലഘുഭക്ഷണമോ, പോപ്കോണോ, പാനീയങ്ങളോ പലരുടെയും ശീലമാണ്. മള്‍ട്ടിപ്ലക്സുകളില്‍ ഉള്‍പ്പെടെ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളും ഏറെയാണ്. അതിനിടെയാണ് കോടതി വിധി എന്നതും ശ്രദ്ധേയം. എന്തുകൊണ്ടാണ് തീയേറ്ററുകളില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത്ര വില? ചിന്തിച്ചിട്ടുണ്ടോ?

തീയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയ്ക്ക് പല കാരണങ്ങളുണ്ട്. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിലാണ് ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും അധിക വില ഈടാക്കുന്നത്. സാധാരണ തീയേറ്ററുകളെ അപേക്ഷിച്ച് മള്‍ട്ടിപ്ലക്സുകളുടെ നടത്തിപ്പ് ചിലവ് ഏറെയാണ്. വലിയ ഹാളുകളും പ്രൊജക്ടറുകളും അതിനനുസരിച്ചുള്ള സാഹചര്യങ്ങളും ചിലവ് വര്‍ധിപ്പിക്കും. ആ വ്യത്യാസമാണ് ഭക്ഷണ സാധനങ്ങളുടെ വിലയിലും വരുന്നതെന്നാണ് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീയേറ്ററുകളിലേക്ക് എത്തുന്നവരെ സംബന്ധിച്ച് ടിക്കറ്റ് വിലയാണ് പ്രാഥമിക ചിലവ്. പോപ്കോണ്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളെ സെക്കന്‍ഡറി ചിലവുകളായാണ് അവര്‍ കാണുന്നത്. അത്തരക്കാരെ കുറഞ്ഞ ടിക്കറ്റ് നിരക്ക് ആകര്‍ഷിക്കും. തീയേറ്റര്‍ ഉടമകളാകട്ടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും നഷ്ടം നികത്താന്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.

കോവിഡാനന്തരം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന തീയേറ്റര്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ പല ചിത്രങ്ങളും നെറ്റ്ഫ്‌ളിക്സ്, ഹോട്ട്‌സ്റ്റാര്‍ പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്. ജനങ്ങള്‍ക്കിപ്പോള്‍ തിയറ്ററിന് ബദല്‍ സംവിധാനമുണ്ടെന്നതാണ് വസ്തുത. എങ്കില്‍കൂടി സ്വീകരണ മുറിക്ക് നല്‍കാന്‍ സാധിക്കാത്തതെന്തോ നല്‍കാന്‍ സിനിമാ തീയേറ്ററുകള്‍ക്കാകുന്നുവെന്ന പൊതുധാരണയാണ് അവരെ നിലനിര്‍ത്തുന്നത്. പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്തുകയെന്നത് തീയേറ്റര്‍ ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമാണ്.

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന എ-ലിസ്റ്റ് താരങ്ങള്‍ക്കുള്ള പ്രതിഫലത്തിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കുള്ള പരസ്യച്ചിലവും ഉപഭോക്താവിന്റെ പോക്കറ്റില്‍ നിന്നു പോവുന്നു എന്നതാണ് വസ്തുത. സുപ്രീംകോടതിയുടെ പുതിയ വിധി കൂടി വന്നതോടെ പ്രേക്ഷകന്റെ കീശയാണ് കാലിയാകുക.

logo
The Fourth
www.thefourthnews.in