ആർക്കാണ് രഘുറാം രാജനെ പേടി? ജോഡോ യാത്രയിലെ സാന്നിധ്യത്തെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ പോര്

ആർക്കാണ് രഘുറാം രാജനെ പേടി? ജോഡോ യാത്രയിലെ സാന്നിധ്യത്തെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ പോര്

രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിനെ ചൊല്ലി ബിജെപി ബഹളമുണ്ടാക്കുന്നതെന്തിനെന്ന് രജ്ദീപ് സര്‍ദേശായി
Updated on
2 min read

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കഴിഞ്ഞ ദിവസം ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും പങ്കാളിയായിരുന്നു. രാജസ്ഥാനിലെ സവായി മഥോപൂരില്‍ നിന്ന് യാത്ര പുനരാരംഭിച്ചപ്പോഴാണ് രഘുറാം രാജന്‍ ഭാരത് ജോഡോയുടെ ഭാഗമായത്. രാഹുലിനും സച്ചിന്‍ പൈലറ്റിനുമൊപ്പം രഘുറാം രാജന്‍ നടക്കുന്നതിന്റെ ചിത്രങ്ങളും ഇരുവരും ചര്‍ച്ച നടത്തുന്നതും സാമൂഹ്യമാധ്യങ്ങളില്‍ വൈറലായി.

എന്നാലിത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനവും പരിഹാസവുമാണ് രഘുറാം രാജനെതിരെ ഉയരുന്നത്. ബിജെപി ഐ ടി സെല്ലിലെ അമിത് മാളവ്യയടക്കമുള്ളവരാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. അതോടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രഘുറാം രാജനെ പ്രതിരോധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമെല്ലാം ട്വീറ്റ് ചെയ്തു.

രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായതില്‍ അത്ഭുതപ്പെടാനില്ലെന്നും അടുത്ത മന്‍മോഹന്‍ സിങ്ങാണെന്നാണ് അദ്ദേഹം സ്വയം കരുതുന്നതെന്നുമായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ പരിഹാസം. സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള രഘുറാം രാജന്റെ വ്യാഖ്യാനങ്ങള്‍ അവസരവാദപരമാണെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നും അമിത് മാളവ്യ പറയുന്നു.

ഇതിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. രാഹുലും രഘുറാം രാജനും ചര്‍ച്ച നടത്തിയതില്‍ ബിജെപി എന്തിനാണ് അസ്വസ്ഥരാകുന്നതെന്നാണ് ചിദംബരത്തിന്റെ ചോദ്യം. അതിന് കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു. '' പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരെ കാണുകയോ സാമ്പത്തിക വിദഗ്ധര്‍ക്ക് പ്രധാനമന്ത്രിയെ സമീപിക്കാനുള്ള സാഹചര്യമോ ഇല്ല. അതാണ് ഈ അസ്വസ്ഥതയുടെ അടിസ്ഥാനം.'' - പി ചിദംബരം പറയുന്നു.

രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനെ ചൊല്ലി എന്തിനാണ് ഇത്ര ബഹളമുണ്ടാക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ചോദിച്ചു. ആറ് വര്‍ഷം മുന്‍പ് ആര്‍ബിഐ ഗവര്‍ണറായിരുന്നയാളാണ് രഘുറാം രാജന്‍. അദ്ദേഹം ഇതുവരെ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല. വിരമിച്ച് മാസങ്ങള്‍ പോലുമാകുന്നതിന് മുന്‍പ് ബിജെപിയില്‍ ചേരുന്ന സൈനിക മേധാവിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ജഡ്ജിമാരുടേയുമൊന്നും പേരുകള്‍ ചര്‍ച്ചയാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ രഘുറാം രാജന്റെ വീക്ഷണങ്ങള്‍ക്ക് പ്രധാന്യമുണ്ടെന്നും രജ്ദീപ് സര്‍ദേശായി വ്യക്തമാക്കുന്നു.

രാഹുല്‍ - രഘുറാം രാജന്‍ കൂടിക്കാഴ്ച

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് കത്ത് നല്‍കിയത്. '' അസമത്വം, സാമൂഹിക ധ്രുവീകരണം സ്വേച്ഛാധിപത്യം എന്നിവയ്ക്കെതിരെ രാജ്യത്തെ ഉണര്‍ത്താനാണ് യാത്ര. ആരെയെല്ലാം കേള്‍ക്കണമോ അവരെയെല്ലാം കേള്‍ക്കും. ലിംഗം, ജാതി എന്നിവയ്ക്കെല്ലാമപ്പുറം ഇന്ത്യക്കാരെ ഒന്നിപ്പിക്കാനാണ് ഈ യാത്ര. വെറുപ്പിനോടും ഭയത്തോടും പോരാടാന്‍ കൂടിയാണ് ഈ ചുവടുവെയ്പ്പ്'' - രാഹുല്‍ കത്തില്‍ വിശദീകരിച്ചു.

രാഹുലിന്റെ ക്ഷണപ്രകാരമാണ് രഘുറാം രാജൻ യാത്രയുടെ ഭാഗമായത്. “സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സത്ത, ഐക്യമാണ് സമ്പന്നമായ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ” - രഘുറാം രാജനൊപ്പം നടക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. പിന്നാലെ ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളും പുറത്തുവന്നു.

"ഏത് രാഷ്ട്രീയ പാർട്ടിയായാലും സാമുദായികമായ യോജിപ്പും ഐക്യവുമാണ് ഒരു രാജ്യത്തിന് ആവശ്യമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. ആഭ്യന്തരമായ ഐക്യം നിലനിര്‍ത്താതെ രാജ്യത്തിന് സുരക്ഷ ഒരുക്കാനാകില്ല. ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തി ശക്തമായ രാജ്യമാകാമെന്ന് പറയുന്ന കൂട്ടരുണ്ട്. പക്ഷെ അത് സാധ്യമാകില്ല'' - രഘുറാം രാജന്‍ പറയുന്നു.

ജനാധിപത്യമാണ് നമ്മുടെ ശക്തി. നിരവധി രാജ്യങ്ങളാണ് നമ്മുടെ മാതൃക എന്താണെന്ന് ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ നമ്മള്‍ ഏത് വഴിയിലൂടെ പോകുന്നു. എങ്ങനെ പോകുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം സംഭാഷണത്തില്‍ നിലപാട് വ്യക്തമാക്കുന്നു.

സമ്പദ്‌വ്യവസ്ഥ, വർധിച്ച് വരുന്ന അസമത്വം, തൊഴിലില്ലായ്മയുടെ വെല്ലുവിളികൾ, ചെറുകിട-ഇടത്തരം ബിസിനസുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, കയറ്റുമതി-ഇറക്കുമതി നയങ്ങളിലെ പൊരുത്തക്കേടുകൾ, ചില മേഖലകളുടെ വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ലോക സമ്പദ് വ്യവസ്ഥയിലെ മന്ദഗതിയും പലിശനിരക്ക് ഉയര്‍ത്തലുമെല്ലാം ഇന്ത്യയ്ക്ക് അടുത്ത സാമ്പത്തികവര്‍ഷം തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രഘുറാം രാജന്റെ ഈ കാഴ്ചപ്പാടുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്.

ഭാരത് ജോഡോ യാത്ര റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശ്രീനഗറിൽ അവസാനിക്കും. ഇതിന് മുന്‍പായി ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി , പഞ്ചാബ് എന്നിവിടങ്ങളിലൂടെ യാത്ര കടന്നുപോകും. യാത്രയുമായി സഹകരിക്കാന്‍ ഇനിയും പ്രമുഖരെത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

logo
The Fourth
www.thefourthnews.in