പിണറായിയേയും കെജ്‍രിവാളിനെയും ക്ഷണിക്കാതെ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ; പിന്നിലെ രാഷ്ട്രീയമെന്ത്?
കര്‍ണാടകയില്‍ സിദ്ധരാമയ്യാ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷത്തെ ഒരു വിഭാഗം മുഖ്യമന്ത്രിമാരെ ക്ഷണിച്ചപ്പോള്‍ പിണറായി വിജയനെ ഒഴിവാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ഇക്കൂട്ടത്തിലുണ്ട്.
ബിജെപി ഇതര മുഖ്യമന്ത്രിമാരായിരുന്നിട്ടും എന്തുകൊണ്ടാണ് ഇവരെ കോണ്‍ഗ്രസ് തഴഞ്ഞത്? ഉത്തരം വളരെ ലളിതമാണ്, പൊതു തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു വര്‍ഷമേയുള്ളൂ. ഈ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിന്റെ എതിരാളികള്‍ ഈ മുഖ്യമന്ത്രിമാര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്.
പഞ്ചാബിന്റെ ഭരണം തിരിച്ചുപിടിക്കാനുള്ള പാര്‍ട്ടി ശ്രമം വിഫലമാക്കിയ കെജ്‍രിവാളിനെ ബിജെപിയുടെ ബി ടീം എന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്
ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഒരേ വികാരമാണെങ്കിലും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരാണ് ബിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സിപിഎം എന്നീ പാര്‍ട്ടികള്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിടുന്നത് ഈ സംസ്ഥാനങ്ങളില്‍ ബിജെപി ആയുധമാക്കുമെന്ന ഭയത്തില്‍ നിന്നാണ് ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ ക്ഷണമില്ലാതെ പോയത്.
ബിജെപി- കോണ്‍ഗ്രസ് ഇതര വിശാല മൂന്നാം മുന്നണി കെട്ടിപ്പടുക്കുന്നതിനുള്ള നീക്കങ്ങളിലാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. കര്‍ണാടകയിലെ ജെഡിഎസുമായി ഭാരതീയ രാഷ്ട്ര സമിതി നീക്കുപോക്കുകള്‍ തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം ഉറപ്പാക്കിയ ആളാണ് കെ സി ആര്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസും ബിജെപിയുമാണ്. ബിആര്‍എസ് രൂപീകരണവേളയില്‍ കോണ്‍ഗ്രസില്‍ നിന്ന് മാത്രം ചന്ദ്രശേഖര്‍ റാവു ആരെയും ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ പ്രസ്താവനയായി വായിച്ചെടുക്കുകയാണ് പാര്‍ട്ടി. ഈ സാഹചര്യത്തില്‍ കെസിആറിനെ ബെംഗളൂരുവിലേക്ക് ക്ഷണിക്കുന്നതില്‍ എന്തര്‍ത്ഥമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചിന്തിച്ചിരിക്കണം.
വൈ എസ് രാജശേഖര റെഡ്ഡി എന്ന കോണ്‍ഗ്രസ് അതികായനൊപ്പം മാഞ്ഞുപോയതാണ് ആന്ധ്രയിലെ ത്രിവര്‍ണ ശോഭ. കോണ്‍ഗ്രസിനോട് തെറ്റിപ്പിരിഞ്ഞ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനമുണ്ടാക്കി മുഖ്യമന്ത്രിക്കസേരയേറിയ അദ്ദേഹത്തിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്ത് ന്യായീകരണം പറഞ്ഞാണ് കോണ്‍ഗ്രസ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുക? സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നാമാവശേഷമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ജഗനും അതുകൊണ്ട് ക്ഷണക്കത്തില്ല.
ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഷീല ദീക്ഷിതിനെ പടിയിറക്കിയത് മുതല്‍ അരവിന്ദ് കെജ്‍രിവാളും കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാണ്. പഞ്ചാബിന്റെ ഭരണം തിരിച്ചുപിടിക്കാനുള്ള പാര്‍ട്ടി ശ്രമം വിഫലമാക്കിയ കെജ്‍രിവാളിനെ ബിജെപിയുടെ ബി ടീം എന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്. കര്‍ണാടകയില്‍ ഇത്തവണ ഇരുന്നൂറിലധികം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഇതര, ബി ജെപി ഇതര മുന്നണി രൂപീകരണം ലക്ഷ്യമിടുന്ന കെജ്‍രിവാളിനും ക്ഷണമില്ലാത്തതിന് കാരണവും അതുതന്നെ.
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാത്തതിന് പിന്നിലും രാഷ്ട്രീയ കാരണങ്ങളേയുള്ളൂ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേരിട്ട് ഏറ്റുമുട്ടേണ്ടത് സിപിഎം നയിക്കുന്ന എല്‍ഡിഎഫിനോടാണ്. ഒരുമിച്ചൊരു വേദിയില്‍ ഇരുവിഭാഗം നേതാക്കളും അണിനിരന്നാല്‍ ബിജെപി അത് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടും. ഇരുമുന്നണിയും ഒന്നാണെന്ന ചിത്രമുണ്ടാക്കും. ഇതിനു വെള്ളവും വളവും നല്‍കേണ്ടെന്ന് കരുതിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലെ കേരള രാഷ്ട്രീയം നന്നായി അറിയുന്നവര്‍ ബുദ്ധിപൂര്‍വം കരുനീക്കി പിണറായിയെ ക്ഷണിക്കാതിരുന്നത്.
ഒഡീഷ മുഖ്യമന്ത്രിക്ക് ക്ഷണക്കത്ത് പോകാതിരിക്കാന്‍ കാരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ബിജെഡി സഖ്യത്തിനില്ലെന്ന പ്രഖ്യാപനമാണ്. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് ബിജെഡി.
ഒഡീഷ മുഖ്യമന്ത്രിക്ക് ക്ഷണക്കത്ത് പോകാതിരിക്കാന്‍ കാരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ബിജെഡി സഖ്യത്തിനില്ലെന്ന പ്രഖ്യാപനമാണ്
ക്ഷണമുണ്ടെങ്കിലും സത്യപ്രതിജ്ഞയ്ക്ക് എത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പകരം ആളെ അയയ്ക്കുന്ന മമത, സിദ്ധരാമയ്യ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്.
അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, മെഹ്ബൂബ മുഫ്തി എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന് കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിക്ക് ക്ഷണമുണ്ട്. എൻ കെ പ്രേമചന്ദ്രൻ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് കേരളത്തിൽ നിന്ന് ക്ഷണമുള്ള മറ്റ് നേതാക്കൾ.