എന്തുകൊണ്ട് ജനുവരി 26; രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് പിന്നിൽ
രാജ്യം ഇന്ന് 74 -ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത നിയമസംഹിതയായ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ ആത്മാവിനെയാണ് ഓരോ റിപ്പബ്ലിക്ക് ദിനത്തിലും രാജ്യം അനുസ്മരിക്കുന്നത്.
ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 7,600 ഓളം നിർദേശങ്ങളിൽ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കിയിരുന്നു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ ആണ് പ്രസിദ്ധീകരിച്ചത്. 1949 നവംബർ 26ന് ഭരണഘടനാ അസംബ്ലിയുടെ അവസാന സെഷനിലാണ് ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുന്നത്. 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന അങ്ങനെ 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു. ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ചാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. 395 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.
എന്നാൽ ഇത് നിയമപരമായി പ്രാബല്യത്തിൽ വരുത്താൻ തിരഞ്ഞെടുത്ത ദിവസത്തിന് മറ്റൊരു ചരിത്രപ്രധാന്യം കൂടെയുണ്ട്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷുകാർ വെച്ച് നീട്ടിയ അർദ്ധസ്വാതന്ത്ര്യത്തിന് എതിരെയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കാനും തീരുമാനിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ രാജ്യവ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള വിത്തുപാകി എന്നതാണ് ഈ പ്രമേയത്തിന്റെ ചരിത്രപ്രാധാന്യം.
1946 ജൂലൈയിലാണ് ഭരണഘടനാ സഭ എന്ന ആശയം നിലവിൽ വരുന്നത്. 1946 ഡിസംബർ 6ന് ഭരണഘടനാ അസംബ്ലി നിലവിൽ വന്നു. വിവിധ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന നിയമ നിർമാണസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 9 സ്ത്രീകൾ ഉൾപ്പെടെ 389 പേരടങ്ങുന്നതായിരുന്നു സഭ. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു. മൂന്ന് വര്‍ഷത്തെ ശ്രമഫലമായാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയ്യാറാക്കിയത്.
1947 നവംബര്‍ 4ന് ഭരണഘടനയുടെ ആദ്യ രൂപം ഭരണഘടനാ അസംബ്ലിയിൽ സമര്‍പ്പിച്ചു. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂർത്തിയാക്കിയത്. ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ശേഷം 395 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. 1949 നവംബർ 26ന് കരട് ഭരണഘടനയ്ക്ക് ഭരണഘടനാ സമിതി അംഗീകാരം നൽകി, രണ്ട് മാസം കഴിഞ്ഞ്, 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. ഭരണഘടനാ നിര്‍മാണ സഭ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് ഭരണഘടന അംഗീകരിച്ച് ഒപ്പ് വെച്ചതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി.
വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് മികച്ചവ തിരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ജനകീയ തിരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടൻ ഭരണഘടനയില്‍ നിന്ന്, സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന്, വ്യക്തി സ്വാതന്ത്ര്യം ഫ്രാന്‍സില്‍ നിന്ന്, മൗലികാവകാശങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്ന്, ഭരണഘടനാ ഭേദഗതി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരഞ്ഞെടുത്തു.