യുക്രെയ്ൻ അധിനിവേശത്തിൽ ഉടക്കുമോ? ജി -20യിൽ ഡൽഹി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി ഡൽഹിയിൽ പുരോഗമിക്കുന്നു. സുസ്ഥിര വികസനം, യുക്രെയ്ൻ യുദ്ധ സാഹചര്യം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാന ചർച്ച. എന്നാൽ ചർച്ചയ്ക്ക് അവസാനം ഒരു സംയുക്ത പ്രഖ്യാപനത്തിലേക്ക് ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ അനുനയിപ്പിക്കാനാവുമോ? ലോകം ഉറ്റുനോക്കുന്നത് അതാണ്.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയേയും ചൈനയേയും അനുനയിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയിലേക്ക് എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. അങ്ങനെ സാധിച്ചില്ലെങ്കിൽ ജി 20 ചരിത്രത്തിൽ ആദ്യമായാവാം സംയുക്ത പ്രസ്താവന ഇല്ലാതെ ഉച്ചകോടി പിരിയുക. ആഫ്രിക്കൻ യൂണിയനെ അംഗമാക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കിലും സംയുക്ത പ്രസ്താവനയുടെ കാര്യത്തിലെ അനിശ്ചിത്വം ഇപ്പോഴും നിലനിൽക്കുകയാണ്.
സംയുക്ത പ്രസ്താവന തയ്യാറായി കഴിഞ്ഞുവെന്നാണ് ഇന്ത്യൻ സംഘത്തിലെ അമിതാഭ് കാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ വിശദാംശങ്ങൾ അദ്ദേഹം പറയാൻ തയ്യാറായില്ല
38 പേജുള്ള പ്രസ്താവനയുടെ കരട് തയ്യാറായി ജി 20 അംഗ രാജ്യങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തുവെങ്കിലും മേഖല രാഷ്ട്രീയത്തെക്കുറിച്ചുള്ള ഭാഗം ഒഴിച്ചിടുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 75 ഖണ്ഡികയുള്ള പ്രസ്തവനയില്‍ ഈ ഭാഗം മാത്രം ഒഴിച്ചിട്ടാണ് അംഗ രാജ്യങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി, കലാവസ്ഥ വ്യതിയാനം, അന്താരാഷ്ട്ര വികസന ബാങ്കുകളുടെ പരിഷ്‌കരണം എന്നീകാര്യങ്ങളെ കുറിച്ച് പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഇതാണ് ഏകകണ്ഠമായി പ്രഖ്യാപനം ഉണ്ടാകുമോ എന്ന സംശയം ഉണ്ടാക്കിയത്. വിവിധ രാജ്യങ്ങളുടെ നിലപാടുകള്‍ രേഖപ്പെടുത്തി കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അല്ലെങ്കില്‍ യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയുടെയും ചൈനയുടെയും ഭിന്നാഭിപ്രായവും ഉള്‍പ്പെടുത്തി പ്രസ്താവന പുറത്തിറക്കാനാണ് ശ്രമം. പാശ്ചാത്യരാജ്യങ്ങള്‍ യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്തവനയില്‍ തയ്യാറാക്കുകയും അത് റഷ്യയുടെ നിലപാട് അറിയാന്‍ അയച്ചുകൊടുക്കുകയും ചെയ്തതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്ന്‍ വിഷയത്തില്‍ ലോക രാജ്യങ്ങള്‍ ഒരു സമവായത്തില്‍ നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര വ്യക്തമാക്കിയിരുന്നു. യുക്രെയ്ന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും 'ഗിവ് ആൻഡ് ടേക്ക്' നയത്തില്‍ മുന്നോട്ടുപോകാൻ സന്നദ്ധമാണെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ അറിയിച്ചത് ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലും യുക്രെയ്ന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളെ കൂട്ടിയിണക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
''യുക്രെയ്ന്‍ വിഷയത്തില്‍ ഒറ്റ അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് തന്നെയാണ് ആഗ്രഹം. അതിനുവേണ്ടി ഞങ്ങളുടെ ഭാഗം ചെയ്യാന്‍ തയ്യാറാണ്. ഉത്തരവാദിത്വത്തോടും ക്രിയാത്മകമായും എല്ലാ രാജ്യങ്ങളും ഇങ്ങനെ മുൻകൈയെടുക്കുമോ'' - ജെയ്ക്ക് സള്ളിവന്റെ ചോദ്യത്തിൽ പരോക്ഷമായി റഷ്യയ്ക്കും ചൈനയ്ക്കും വിമർശനമുണ്ട്.
എന്നാല്‍ യുക്രെയ്‌നെ ആക്രമിച്ചതിന് റഷ്യയെ അപലപിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം ചൈന ഒരു കാരണവശാലും പിന്തുണയ്ക്കില്ല. വിവിധ വിഷയങ്ങളിലെ കരാർ ചൈന വൈകിപ്പിക്കുന്നുവെന്ന അമേരിക്കയുടെയും ബ്രിട്ടന്റേയും ആരോപണങ്ങളെ തള്ളുമ്പോഴും, ജി-20യിൽ വികസന വിഷയം ചർച്ച ചെയ്യാൻ സഹകരണമുണ്ടാകുമെന്ന് ചൈന വ്യക്തമാക്കുന്നു.
യുക്രെയ്ന്‍ വിഷയത്തില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യയെ ജി-7 രാജ്യങ്ങൾ സമ്മർദം ചെലുത്തുന്നുവെന്നാണ് റഷ്യ ചൂണ്ടിക്കാട്ടുന്നത്.
വികസന ഫണ്ടിനായി 200 ബില്ല്യണ്‍ ഡോളറിന്റെ ഉറപ്പുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തിയിരിക്കുന്നത്. ലോകബാങ്ക് പരിഷ്കരണമടക്കമുള്ള വിഷയങ്ങൾ ബൈഡൻ മുന്നോട്ടുവയ്ക്കും. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികള്‍ക്കും കൂടുതൽ ഫണ്ട് എത്തിക്കുന്ന വിധത്തിലാകും ഈ പദ്ധതി അവതരിപ്പിക്കുക.
ഡൽഹി പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഒമാന്‍ പ്രധാനമന്ത്രി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ്, റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരെല്ലാം ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്.
1999 ലാണ് ജി 20 കൂട്ടായ്മ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ കൂട്ടായ്മായാണ് ജി 20.