ജാർഖണ്ഡില്‍ ഹരിയാന ആവർത്തിക്കുമോ? ആർജെഡിയെ തഴഞ്ഞ് ജെഎംഎം, അതൃപ്തി 'മയപ്പെടുത്തി' തേജസ്വി; സീറ്റ് വിഭജനത്തില്‍ സമവായം

ജാർഖണ്ഡില്‍ ഹരിയാന ആവർത്തിക്കുമോ? ആർജെഡിയെ തഴഞ്ഞ് ജെഎംഎം, അതൃപ്തി 'മയപ്പെടുത്തി' തേജസ്വി; സീറ്റ് വിഭജനത്തില്‍ സമവായം

സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്തിയെന്നും തിരഞ്ഞെടുപ്പിനെ ഇന്ത്യ സഖ്യം ഒരുമിച്ച് നേരിടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആർജെഡി നേതാവ് തേജസ്വി യാദവ്
Updated on
2 min read

ജാർഖണ്ഡ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്‌ചവെക്കുക എന്നത് ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കും (ജെഎംഎം) കോണ്‍ഗ്രസിനും നിർണായകമാണ്. ഭൂമി കുംഭകോണക്കേസില്‍ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് ശേഷം ഹേമന്ത് സോറനും ജെഎംഎമ്മും നേരിടുന്ന തിരഞ്ഞെടുപ്പാണിത്. മറുവശത്ത്, ഹരിയാന തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസും ഒരുങ്ങുന്നത്.

സീറ്റ് വിഭജനത്തിലുള്‍പ്പെടെ ഇന്ത്യ സഖ്യത്തില്‍ നിലനിന്നിരുന്ന തർക്കങ്ങള്‍ അവസാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ജെഎംഎമ്മിനും കോണ്‍ഗ്രസിനും പുറമെ രാഷ്ട്രീയ ജനതാദള്‍ (ആർജെഡി), സിപിഐ (എംഎല്‍) എന്നീ പാർട്ടികളാണ് ഇന്ത്യ സഖ്യത്തിലെ മറ്റ് പ്രധാനകക്ഷികള്‍.

സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്തിയെന്നും തിരഞ്ഞെടുപ്പിനെ ഇന്ത്യ സഖ്യം ഒരുമിച്ച് നേരിടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആർജെഡി നേതാവ് തേജസ്വി യാദവ്. ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും തേജസ്വി ഇന്നലെ റാഞ്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ജെഎംഎം 41 സീറ്റുകളിലായിരിക്കും മത്സരിക്കുക. കോണ്‍ഗ്രസ് മുപ്പത് സീറ്റിലും ആർജെഡി ആറിലും സിപിഐ (എംഎല്‍) നാലിടത്തും മത്സരിക്കും. 81 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. നവംബർ 13നും 20നും. ആദ്യ ഘട്ടത്തില്‍ 43 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന 38 മണ്ഡലങ്ങളിലും.

"ഇന്ത്യ സഖ്യത്തിലെ എല്ലാ പർട്ടികളും മതിനിരപേക്ഷതയിലും ഐക്യത്തിലും സമാധാനത്തിലുമാണ് വിശ്വസിക്കുന്നത്. ജാർഖണ്ഡും സംസ്ഥാനത്തെ ജനങ്ങള്‍ ജീവിതത്തിലും മുന്നേറണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദീർഘകാലം ഭരിച്ച ബിജെപി സംസ്ഥാനത്തെ ഇല്ലാതാക്കി. ബിജെപി സംവരണ വിരുദ്ധരും ഭരണഘടനാ വിരുദ്ധരുമാണ്. ജാർഖണ്ഡിലെ ജനങ്ങള്‍ ബിജെപിക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും," തേജസ്വി വ്യക്തമാക്കി.

ജാർഖണ്ഡില്‍ ഹരിയാന ആവർത്തിക്കുമോ? ആർജെഡിയെ തഴഞ്ഞ് ജെഎംഎം, അതൃപ്തി 'മയപ്പെടുത്തി' തേജസ്വി; സീറ്റ് വിഭജനത്തില്‍ സമവായം
ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

സീറ്റ് വിഭജനത്തില്‍ ഇന്ത്യ സഖ്യത്തില്‍ ഐക്യം നിലനില്‍ക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സോറൻ നടത്തിയ വാർത്താസമ്മേളനം. 81 സീറ്റില്‍ ഏഴുപതിലും കോണ്‍ഗ്രസും ജെഎംഎമ്മും മത്സരിക്കുമെന്ന് സോറൻ അവകാശവാദമുന്നയിച്ചു. അവശേഷിക്കുന്ന 11 സീറ്റുകളായിരിക്കും സഖ്യകക്ഷികള്‍ക്ക് നല്‍കുകയെന്നും ഏകപക്ഷീയമായി സോറൻ പ്രഖ്യാപിച്ചു.

സീറ്റ് വിഭജനത്തില്‍ ചർച്ചയിലേക്ക് കടന്നതോടെയാണ് കാര്യങ്ങള്‍ കലങ്ങിതെളിഞ്ഞത്. കോണ്‍ഗ്രസ് 30 സീറ്റില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കേശവ് മഹ്‌തൊ കമലേഷും വ്യക്തമാക്കി. കോണ്‍ഗ്രസിന് സമാനമായി സിപിഐയും (എംഎല്‍) സ്ഥാനാർഥികളുടെ പേര് പുറത്തുവിട്ടു.

ജെഎംഎമ്മിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തില്‍ ആർജെഡി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സഖ്യത്തില്‍ തങ്ങള്‍ അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്നായിരുന്നു ആർജെഡി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് സിങ് യാദവ് വെളിപ്പെടുത്തിയത്. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ സഖ്യം ഒരുമിച്ച് വാർത്താസമ്മേളനം നടത്തണമെന്നും സഞ്ജയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്തൊരമൊരു സമീപനം ഉണ്ടായില്ല.

22 സീറ്റുകളായിരുന്നു ആർജെഡി ആവശ്യപ്പെട്ടത്. എന്നാല്‍, നിലവില്‍ മത്സരിക്കുന്നത് ആറ് സീറ്റില്‍ മാത്രമാണ്. സഖ്യകക്ഷികളോട് പ്രധാന പാർട്ടികള്‍ കാണിക്കുന്ന അവഗണനയുടെ ഫലമായിരുന്നു ഹരിയാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പറ്റിയതെന്ന വിമർശനം നിലനില്‍ക്കെയാണ് ജെഎംഎമ്മിന്റെ നീക്കവും. ജാർഖണ്ഡില്‍ ഹരിയാന ആവർത്തിക്കുമോയെന്ന ചോദ്യവും ഉയരുന്നു.

2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലും ആർജെഡി ഏഴ് സീറ്റിലുമായിരുന്നു മത്സരിച്ചത്. 47 സീറ്റുകള്‍ നേടിയായിരുന്നു സഖ്യം അധികാരത്തിലെത്തിയത്. ജെഎംഎം 30 മണ്ഡലങ്ങളില്‍ വിജയിച്ചു. കോണ്‍ഗ്രസ് പതിനാറിടത്തും ആർജെഡി ഒരു സീറ്റിലും മാത്രമായിരുന്നു ജയിച്ചത്.

logo
The Fourth
www.thefourthnews.in